പറവൂര്‍: എട്ട് വര്‍ഷം മുമ്പ് നടന്ന ആക്രമണക്കേസില്‍ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. അപൂര്‍ണ്ണമായ കുറ്റപത്രം സമര്‍പ്പിച്ച പോലീസിന് ഉത്തരവ് തിരിച്ചടിയായി. വിസ്താരം തുടങ്ങിയ കേസിലാണ് കോടതിയുടെ അപൂര്‍വ്വമായ നടപടി. വടക്കേക്കര, കട്ടത്തുരുത്ത് പഴമ്പിള്ളിശ്ശേരിയില് ഗോപാലകൃഷ്ണന് സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജ്ജിയിലാണ് പറവൂര്‍ ജ്യുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേട്ട് കെ.എം. സുജ ഉത്തരവിട്ടത്.
2006ല്‍ കട്ടത്തുരുത്തില് വച്ച് ഗോപാലകൃഷ്ണനെ രാജേന്ദ്രപ്രസാദ് എന്നയാളും മൂന്ന് വാടകഗുണ്ടകളും ചേര്‍ന്ന് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പോലീസില്‍ നാല് പേര്‍ക്കെതിരെ മൊഴിനല്‍കിയതിനെ തുടര്‍ന്ന് നാല് പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ കുറ്റപത്രത്തില്‍ ഒരാള്‍ മാത്രമാണ് പ്രതിസ്ഥാനത്ത് ഉള്ളത്. കേസന്വേഷണം നടക്കവേ ജില്ലാ കോടതിയില്‍ നിന്ന് ഒന്നാം പ്രതിജാമ്യത്തിലിറങ്ങി. ഇതിനെതിരെ ഗോപാലകൃഷ്ണന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവു പ്രകാരം ഒന്നാം പ്രതി രണ്ട് ദിവസം ചോദ്യം ചെയ്യലിന് പോലീസില്‍ കീഴടങ്ങിയെങ്കിലും ചോദ്യം ചെയ്യല്‍ പ്രഹസനമായിരുന്നു.
ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം, പ്രതികള്‍ സഞ്ചരിച്ച വാഹനം, വാടക ഗുണ്ടകളായ മൂന്ന് പ്രതികളേയും കണ്ടെത്താന്‍ പോലീസ് ശ്രമിച്ചില്ല. ഗൂഢാലോചന കുറ്റത്തില്‍ അന്വേഷണം നടത്തിയില്ല. പ്രതികള്‍ സഞ്ചരിച്ച വാഹനത്തെ സംബന്ധിച്ച് നാട്ടുകാര്‍ സൂചന നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ല.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പോലീസ് ഗോപാലകൃഷ്ണനില്‍ നിന്നെടുത്ത വിശദമായ മൊഴി പരിശോധിച്ച് നടപടിയെടുത്തില്ല. 2013ല്‍ വിസ്താരത്തിന് ഹാജരായ ഗോപാലകൃഷ്ണന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിസ്താരം നിര്‍ത്തിവച്ച് പുനരന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്ക്യൂഷനെ എതിര് കക്ഷിയാക്കി അഭിഭാഷകര്‍ മുഖാന്തിരം സ്വകാര്യ ഹര്‍ജ്ജി ഫയല്‍ ചെയ്യുകയായിരുന്നു.
ഹര്‍ജ്ജിയെ പ്രോസിക്ക്യൂഷന് എതിര്‍ത്തെങ്കിലും മജിസ്ട്രേറ്റ് അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ജൂണ്‍ ആറിനകം പോലീസിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് വടക്കേക്കര പോലീസിന് കൈമാറി. പോലീസ് പുനരന്വേഷണം നടത്തി മുഴുവന്‍ പ്രതികളേയും കണ്ടെത്തി തെളിവുകളും തൊണ്ടികളും സഹിതം പൂര്‍ണ്ണമായ കുറ്റപത്രം സമര്‍പ്പിക്കേണ്ടിവരും. ഹര്‍ജ്ജിക്കാരനുവേണ്ടി അഭിഭാഷകരായ ജിമ്മിവര്ഗ്ഗീസ്, കെ.ബി.നിഥിന്‍കുമാര്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: