ആലുവ: കുടുംബ സ്വത്തിനെ സംബന്ധിച്ച തര്‍ക്കം കൈയ്യേറ്റത്തില്‍ കലാശിച്ചപ്പോള്‍ സ്ത്രീ പീഡനമായി. ഒടുവില്‍ ഇരുകൂട്ടരും പരസ്പരം പീഡനശ്രമം ആരോപിച്ച് ആലുവ പോലീസിന് പരാതി നല്കി.പരാതിക്കാര്‍ കോണ്‍ഗ്രസിലെ വിരുദ്ധ ഗ്രൂപ്പുകാരായതോടെയാണ് കൈയ്യേറ്റം പീഡനമായതെന്നാണ് പോലീസ് അനുമാനിക്കുന്നത്. ജില്ലയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമായ എടത്തല കുഴിവേലിപ്പടിയിലാണ് സംഭവം.
കുഴിവേലിപ്പടി വെളിയത്ത് അബ്ദുള്‍ ഖാദര്‍ (67)ഉം ഭാര്യാ സഹോദരന് കുഴിവേലിപ്പടി പുന്നക്കാട്ടില്‍ മുഹമ്മദാലി (55)യുമാണ് പരസ്പരം ആരോപണ വിധേയര്‍. അബ്ദുള്‍ ഖാദര്‍ കോണ്‍ഗ്രസ് മുന്‍ ബ്ളോക്ക് സെക്രട്ടറിയും ഐ പക്ഷക്കാരനുമാണ്. മുഹമ്മദാലി എ പക്ഷക്കാരനാണ്. മുഹമ്മദാലിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അബ്ദുള്‍ ഖാദറിനെതിരെയും അബ്ദുള്‍ഖാദറിന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മുഹമ്മദാലിക്കെതിരെയുമാണ് കേസ്.
കേസിനാസ്പദമായ രണ്ട് സംഭവങ്ങളും നടന്നത് ചൊവ്വാഴ്ച്ച വൈകിട്ട് മുഹമ്മദാലിയുടെ വീട്ടിലാണ്. സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ മുഹമ്മദാലിയും ഭാര്യയും ആലുവ ജില്ലാ ആശുപത്രിയിലും അബ്ദുള്‍ ഖാദറും ഭാര്യയും മകളും ആലുവ കാരോത്തുകുഴി ആശുപത്രിയിലും ചികിത്സയിലാണ്.
കുടുംബ സ്വത്തിന്റെ ഓഹരി മുഹമ്മദാലി സഹോദരിക്ക് നല്‍കുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം. ഇത് പലപ്പോഴായി നല്‍കിയെന്ന് മുഹമ്മദാലിയും ഇല്ലെന്ന് അബ്ദുള്‍ ഖാദറും ഭാര്യയും നിലപാടെടുത്തതോടെയാണ് തര്‍ക്കമായത്. ഇത് ചോദിക്കുന്നതിനായി മുഹമ്മദാലിയുടെ വീട്ടില്‍ എത്തിയപ്പോഴുണ്ടായ തര്‍ക്കം കൈയ്യാങ്കളിയിലെത്തുകയായിരുന്നു. കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകള്‍ വിഷയം ഏറ്റെടുത്തതോടെയാണ് സംഭവം പീഡനവുമായതെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: