കൊച്ചി: വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ വാഹന പണിമുടക്കും. ഹര്‍ത്താലും ജില്ലയില്‍ സമാധാനപരമായിരുന്നു. നഗരത്തിലും, ഗ്രമപ്രദേശങ്ങളിലും കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യബസുകളും, കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്തിയില്ല. ഇരുചക്രവാഹനങ്ങളും ചുരുക്കം ചില സ്വകാര്യ വാഹനങ്ങളുമാണ് മാത്രമാണ് നിരത്തിലിറങ്ങിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില നന്നേ കുറവായിരുന്നു.
ഹര്‍ത്താലും, വാഹനപണിമുടക്കും കൊച്ചി മെട്രോ നിര്‍മ്മാണത്തെ കാര്യമായി ബാധിച്ചില്ല. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്താതിരുന്നത് ജനത്തെ വലച്ചു. ഹര്‍ത്താല്‍ അനൂകൂലികള്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി, ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതി, സംയുക്ത മോട്ടോര്‍ തൊഴിലാളി സമരസമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഹര്‍ത്താലും, വാഹന പണിമുടക്കും നടത്തിയത്. വര്‍ദ്ധിപ്പിച്ച ഇന്‍ഷ്വറന്‍സ് പ്രീമിയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സംയുക്ത മോട്ടോര്‍ തൊഴിലാളിയൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയത്.
മീനാകുമാരി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ടാണ് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തീരദേശ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തീരദേശഹര്ത്താലിനോടനുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ കടലിലും കായലിലും മത്സ്യബന്ധനം നടത്തിയില്ല. മത്സ്യമാര്‍ക്കറ്റുകള്‍ അടഞ്ഞുകിടന്നു.
ഹര്‍ത്താലിനോടനുബന്ധിച്ച് ഡോ. ബി. മീനാകുമാരിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.
തേവര മട്ടമ്മല്‍ കവലയില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി തൊഴിലാളികള്‍ പങ്കെടുത്തു. മീനാകുമാരിയുടെ വസതിക്ക് മുന്നില്‍ ബാരിക്കേഡുയര്‍ത്തി പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രകടനക്കാര്‍ വസതിക്കു മുന്നില്‍ കുത്തിയിരുന്നു. തുടര്‍ന്ന് ധര്‍ണ നടന്നു.
ധര്‍ണക്ക് ചെയര്മാന് സി.കെ. ഗോപാലന് അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ്, ടി. രഘുവരന്, വി.ഡി. മജീന്ദ്രന്, ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍, കുമ്പളം രാജപ്പന്, പി.കെ. കാര്ത്തികേയന്, കെ.ജെ. ആന്റണി, സി.ഡി. അശോകന്, സി.എസ്. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: