ഏലൂര്‍: പാതാളത്ത് ഏറെ കൊട്ടിഘോഷിച്ച് നഗരസഭ 2010 ല്‍ നിര്‍മാണം തുടങ്ങിയ കമ്മ്യൂണിറ്റി ഹാളും ഷോപ്പിംഗ് കോംപ്ലക്സും പാതിവഴിയില്‍ ഉപേക്ഷിച്ചു. കോടികള്‍ കൈപ്പറ്റിയ കോണ്ട്രാക്ടര് പദ്ധതി ഉപേക്ഷിച്ചതോടെ പാതിവഴിയിലെത്തിയ കെട്ടിടം കാടുകയറി നാശത്തിന്റെ വക്കിലായി. കോണ്ട്രാക്ടറുമായുണ്ടാക്കിയ കരാറിലെയും എസ്റ്റിമേറ്റിലെയും പോരായ്മകളും നഗരസഭാധികൃതരുടെ പിടിപ്പുകേടുമാണ് പദ്ധതി അവതാളത്തിലാകാന്‍ കാരണമെന്ന് ആരോപിക്കപ്പെടുന്നു.
അഞ്ചുവര്‍ഷം മുമ്പ് അനുമതികള്‍ പൂര്‍ണമായി കിട്ടുന്നതിന് മുമ്പ് അന്നത്തെ വ്യവസായമന്ത്രി എളമരം കരീമാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. മൂന്നുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നിര്‍മാണം ആരംഭിച്ചെങ്കിലും രണ്ടേമുക്കാല്‍ കോടിയോളം രൂപ കോണ്ട്രാക്ടര് കൈപ്പറ്റിക്കഴിഞ്ഞിട്ടും നിര്‍മാണം എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഇപ്പോള്‍ കെട്ടിടം കാടുകയറി നശിക്കാറായിട്ടും നഗരസഭാധികൃതര്‍ കണ്ടില്ലെന്ന മട്ടിലാണത്രേ. റിവേഴ്സ് എസ്റ്റിമേറ്റിന് കൊടുത്തിരിക്കുകയാണെന്നും അതിനുശേഷം കൗണ്‍സിലര്‍മാരുടെ അനുമതി കിട്ടിയാല്‍ മാത്രമേ പണി മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുകയുള്ളൂവെന്ന നിലപാടിലാണ് നഗരസഭാ നേതൃത്വം.
കെയുആര്ഡിഎഫ്സിയില് നിന്ന് 2 കോടി രൂപ വായ്പയെടുത്താണ് പല കോണുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകളെ അവഗണിച്ച് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം തുടങ്ങിയത്. ഈ തുകക്ക് പ്രതിവര്‍ഷം 25 ലക്ഷത്തോളം രൂപ നഗരസഭ പലിശയിനത്തില്‍ നല്കിവരികയാണത്രേ. ഒരു സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
ഈ കണ്‍സള്‍ട്ടന്‍സിയുമായി നഗരസഭ വ്യവസ്ഥകളൊന്നും ഒപ്പുവെച്ചിട്ടില്ല. എസ്റ്റിമേറ്റിലുണ്ടായിരിക്കുന്ന പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്ട്രാക്ടര് തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്ക്കുന്നതെന്നറിയുന്നു. നഗരസഭ കരാറൊന്നും ഉണ്ടാക്കാത്തതിനാല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണത്രേ.
പാതിവഴിയില്‍ നിര്‍മാണം അവസാനിപ്പിച്ചതോടെ കാടുകയറിയ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: