പൊന്‍കുന്നം: വായ്പ സംഘടിപ്പിച്ച് നല്‍കാമെന്ന് പരസ്യം നല്കി വീട്ടമ്മമാരെ കബളിപ്പിച്ച് പണം തട്ടിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. രണ്ട് വീട്ടമ്മമാരില്‍ നിന്ന് 21 ലക്ഷം രൂപാ തട്ടിയെടുത്ത കേസില്‍ ആറ്റിങ്ങല്‍ ആലങ്ങോട്ട് ആദിത്യയില്‍ അജീഷ് (49) ആണ് പോലീസിന്റെ പിടിയിലായത്.
പേപ്പര്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവ നിര്‍മ്മിക്കുന്ന യൂണിറ്റ് വിപുലീകരിക്കുന്നതിനായി ലോണ്‍ സംഘടിപ്പിച്ചു നല്‍കാമെന്നു കാ ണിച്ചാണ് അജീഷ് തട്ടിപ്പ് നടത്തിയത്. ഇളങ്ങുളം ഗുരുദേവ ക്ഷേത്രത്തിനു സമീപം ദിനുവിന്റെ ഭാര്യ ദേവി, തമ്പലക്കാട് സ്വദേശിനി രമ എന്നിവര്‍ക്കാണ് പണം നഷ്ടമായത്. ദേവിയുടെ 15 ലക്ഷം രൂപയും രമയുടെ 6 ലക്ഷം രൂപയുമാണ് പലപ്പോഴായി പ്രതി തട്ടിയെടുത്തത്.
2014 ഫെബ്രുവരി മുതലാണ് തട്ടിപ്പിന് തുടക്കം. ഇയാളുടെ പത്രപരസ്യം കണ്ട് ഫോണ്‍ വിളിക്കുന്നവര്‍ അജീഷിന്റെ ഭാര്യയുമായാണ്് സംസാരിച്ചിരുന്നത്. അജീഷ് ആറ്റിങ്ങലില്‍ ബേക്കറി, മെഴുകുതിരി യൂണിറ്റ്, വാഹനകച്ചവടം തുടങ്ങിയവ നടത്തിയിരുന്നു. ദേവി കിടപ്പാടം പണയപ്പെടുത്തിയും പലരില്‍ നിന്നും കടംവാങ്ങിയുമാണ് പണം നല്‍കിയത്. പണം ചോദിച്ചപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് അജീഷും ഭാര്യയും ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞമാസം വീട്ടമ്മമാര്‍ പൊന്‍കുന്നം പോലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ആറ്റിങ്ങല്‍ പോലീസിന്റെ സഹായത്തോടെ വീട്ടില്‍ നിന്നാണ് അജീഷിനെ പോലീസ് പിടികൂടിയത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ്, പൊന്‍കുന്നം സി.ഐ. ആര്. ജോസ്, എസ്.ഐ. കറുപ്പുസ്വാമി, ഷാഡോ പോലീസ് എസ്.ഐമാരായ പി.വി. വര്‍ഗീസ്, ഒ.എം. സുലൈമാന്‍, എ.എം. മാത്യു, സി.പി.ഒ. കെ.എസ്. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: