കോട്ടയം: മാലിന്യ സംസ്കരണത്തിനും ശുചീകരണത്തിനും ശുദ്ധജലവിതരണത്തിനും കോട്ടയം നഗരസഭയ്ക്കും വിജയപുരം പഞ്ചായത്തിനും പദ്ധതികള്‍ എറെയുണ്ട്. എന്നാല്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ക്കാകെ ദുരിതമായി മലപോലെ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് – ജൈവ മാലിന്യം നീക്കം ചെയ്യുന്നതിനോ ഫലപ്രദമായി സംസ്കരിക്കുന്നതിനോ നടപടിയില്ല. കോട്ടയത്തെ സമ്പൂര്‍ണ്ണ ശുചിത്വ നഗരമാക്കുന്നതിനായി 50,00,000 രൂപയാണ് നീക്കിവച്ചിരിക്കുന്നത്. വടവാതൂരില്‍ ഒന്നരവര്‍ഷം മുമ്പ് ശേഖരിച്ചിരിക്കുന്ന മാലിന്യം നീക്കം ചെയ്യുന്നതിനാവശ്യമായ ഫണ്ട് മുനിസിപ്പാലിറ്റിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അതില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് വിജയപുരം പഞ്ചായത്ത് അധികൃതരും.
മഴക്കാലം ആരംഭിക്കുന്നതോടെ വടവാതൂരിലെ ജനങ്ങളുടെ ദുരിതം വര്‍ദ്ധിക്കും. മാലിന്യക്കൂമ്പാരത്തില്‍ വെള്ളമിറങ്ങുന്നതോടെ ഈ പ്രദേശത്തെ ഭൂഗര്‍ഭജലവും കുടിവെള്ളവും മലിനപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
മാലിന്യ നിക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്: പഞ്ചായത്ത് പ്രസിഡന്റ്
കോട്ടയം: വടവാതൂരിലെ ഡമ്പിങ് യാഡില്‍ രാത്രികാലങ്ങളില്‍ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് റോയി ജോണ്‍ ജന്മഭൂമിയോട് പറഞ്ഞു. ഇപ്പോള്‍ മുനിസിപ്പാലിറ്റി നിയമിച്ചിരിക്കുന്ന വാച്ച്മാനെ ഒഴിവാക്കി പഞ്ചായത്തിനുകൂടി സ്വീകാര്യനായ പുതിയ വാച്ച്മാനെ നിയമിക്കണമെന്ന് മുനിസിപ്പല്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ പദ്ധതി ആവിഷ്കരിച്ചുവരികയാണ്. പ്രാഥമിക സര്‍വ്വേ ഉടന്‍ ആരംഭിക്കുമെന്നാണ് കളക്ടര്‍ അറിയിച്ചിട്ടുള്ളതെന്നും പ്രസിഡന്റ് പറഞ്ഞു.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല; ചെയര്മാന്
കോട്ടയം: വടവാതൂരില്‍ മാലിന്യം നിക്ഷേപിക്കാന്‍ നഗരസഭയ്ക്ക് യാതൊരു പരിപാടിയുമില്ലെന്ന് ചെയര്മാന് കെആര്‍ജി വാര്യര്‍ പറഞ്ഞു. അവിടെ ശേഖരിച്ചിരിക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ തനതുഫണ്ടില്‍ നിന്നും തുക കണ്ടെത്തുക സാദ്ധ്യമല്ല. വടവാതൂരില്‍ ഇപ്പോള്‍ ആരെങ്കിലും മാലിന്യം നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അവിടെ വാച്ച്മാനെനിയമിച്ചിട്ടുണ്ടെന്നും ചെയര്മാന് ജന്മഭൂമിയോട് പറഞ്ഞു.
നഗരസഭയുടേത് നിരുത്തരവാദപരമായ നടപടി: ജയശ്രീ
കോട്ടയം: വടവാതൂരിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നഗരസഭയുടെ നടപടികള്‍ നിരുത്തരവാദപരമാണെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജയശ്രീ പ്രസന്നകുമാര്‍ അഭിപ്രായപ്പെട്ടു. സംസ്കരണ പ്ലാന്റ് സ്വകാര്യ ഏജന്‍സിയെ എല്‍പ്പിച്ചപ്പോള്‍ തുടങ്ങിയ പ്രശ്നമാണ്.
ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ക്ക് നേരത്തെ പരിഹാരമാകുമായിരുന്നു. മാലിന്യം നഗരമദ്ധ്യത്തില്‍ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ജയശ്രീ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: