ആലപ്പുഴ: അനസ്തിസ്റ്റ് ഇല്ലാത്തതു കാരണം യഥാസമയം സിസേറിയന് നടത്താനാവാതെ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എല്ലാ ദിവസവും ഇരുപത്തിനാലു മണിക്കൂറും സേവനം ലഭിക്കുന്ന വിധത്തില്‍ അനസ്തിസ്റ്റിന്റെ സേവനം ലഭ്യമാക്കണം. ‘108’ ആംബുലന്‍സിന്റെ സേവനം സദാസമയവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആലപ്പുഴ ചെറുതന ആകുലത്ത് തെക്കേതില്‍ നീതു ശ്യാംകുമാറിന്റെ പരാതിയിലാണ് നടപടി.
നീതു ശ്യാംകുമാറിനെ 2014 മേയ് പത്തൊമ്പതിനാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ പൊക്കിള്‍കൊടി ചുറ്റിയിട്ടുണ്ടെന്ന് ഹരിപ്പാട് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ജിഷ ജയപ്രകാശ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഗൈനക്കോളജിസ്റ്റ് സമ്മതിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. മേയ് 21ന് നീതുവിന് അസ്വസ്ഥതയുണ്ടായി. ഉടന്‍ സിസേറിയന് നടത്തണമെന്ന് പറഞ്ഞെങ്കിലും അരമണിക്കൂര്‍ കഴിഞ്ഞ് മെഡിക്കല്‍ കോളേജിലേയ്ക്ക് റഫര്‍ ചെയ്തു. ‘108’ ആംബുലന്‍സ് വിളിച്ചെങ്കിലും അരമണിക്കൂര്‍ കഴിഞ്ഞാണ് വന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിയ നീതു മരിച്ച കുഞ്ഞിനെ പ്രസവിച്ചു.
കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ഗൈനക്കോളജിസ്റ്റും ജില്ലാ മെഡിക്കല്‍ ഓഫീസറും സമര്‍പ്പിച്ച വിശദീകരണത്തില്‍ അനസ്തിസ്റ്റ് ഇല്ലാത്തതിനാലാണ് യഥാസമയം ശസ്ത്രക്രിയ നടത്താന്‍ കഴിയാത്തതെന്ന് പറയുന്നു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ കണ്‍സള്‍ട്ടന്റായ ഡോ. മിനികോശി ആഴ്ചയില്‍ മൂന്നു ദിവസം വരുന്നുണ്ട്. അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുമ്പോള്‍ സ്വകാര്യ ആശുപത്രിയിലെ അനസ്തിസ്റ്റുകളുടെ സേവനം പ്രയോജനപ്പെടുത്തും. നീതുവിന്റെ പ്രസവ ശസ്ത്രക്രിയക്ക് അനസ്തീസ്റ്റുകളെ കിട്ടിയില്ലെന്ന് വിശദീകരണത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: