കാഞ്ഞിരപ്പള്ളി: മിനി ബൈപ്പാസിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദേശീയ പാതയില്‍ പേട്ടക്കവലയില്‍ നിന്നും ആരംഭിച്ച് ചിറ്റാര്‍ പുഴക്കരയില്ക്കുടി കുരിശുങ്കല്‍ ജംക്ഷന് സമീപത്തെ മാളിയേക്കല്‍ പാലത്തിന് സമീപത്ത് എത്തി ചേരുന്നതാണ് നിര്‍ദ്ദിഷ്ട മിനി ബൈപാസ്. കാഞ്ഞിരപ്പള്ളി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണുന്നതിനാണ് 2011ല്‍ ഗ്രാമ പഞ്ചായത്ത് മിനി ബൈപാസ് പദ്ധതിക്ക് തുടക്കമിട്ടത്.
ലോക ബാങ്ക് അനുവദിച്ച 39 ലക്ഷം രൂപയും, ഗ്രാമ പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപയും ഉള്‍പ്പെടെ 42 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ നടത്തുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍ അറിയിച്ചു. ദേശീയ പാതയില്‍ പേട്ടക്കവലയിലെ പാലത്തിന് സമീപത്ത് നിന്നുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇനി ആരംഭിക്കുക.മിനി ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായി പേട്ടക്കവലയിലെ കംഫര്‍ട്ട് സ്റ്റേഷന് പൊളിച്ചുമാറ്റി പകരം സൗകര്യപ്രദമായ സ്ഥലത്ത് നിര്‍മിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ജില്ലാ ശുചിത്വമിഷന് അനുവദിച്ച നാലു ലക്ഷം രൂപയും, പഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും ഉള്‍പ്പെടെ അഞ്ചു ലക്ഷം രൂപ കംഫര്‍ട്ട് സ്റ്റേഷന് നിര്‍മാണത്തിന് വിനിയോഗിക്കും. ചിറ്റാര്‍ പുഴയോരത്തു കൂടി ആറ് മീറ്റര്‍ വീതിയില്‍ 800 മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മിനി ബൈപാസ് നിര്‍മിക്കുക. 2011-12ല്‍ 18 ലക്ഷം രൂപയും, 2013-14ല്‍ 35 ലക്ഷം രൂപയും ചെലവഴിച്ച് 700 മീറ്ററോളം ദൂരത്തില്‍ ബൈപാസിന്റെ പ്രാഥമിക നിര്‍മാണം നടത്തിയിരുന്നു. പുഴയില്‍ നിന്നും രണ്ടര മീറ്റര്‍ വരെ ഉയരത്തിലാണ് റോഡ് നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: