ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസിന് തീവ്രപരിചരണ വിഭാഗത്തില്‍ അത്യാസന്നനിലയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ കിടക്കകളില്ല. ആകെ 10 കിടക്കകളും അനുബന്ധ ഉപകരണങ്ങളുമാണ് ഇവിടെയുളളത്. അത്യാസന്നനിലയില്‍ എത്തുന്ന രോഗികള്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മെഡിസിന് വിഭാഗത്തില്‍ 25 ല്‍ അധികം രോഗികളാണ് മരിച്ചത്.
ആവശ്യത്തിന് കിടക്കകള്‍ ഇല്ലാത്തതിനാല്‍ നിരവധി രോഗികളെയാണ് ഇവിടെനിന്നും മറ്റു സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റേണ്ടി വന്നത്. ആശുപത്രി വികസനത്തിനായി കോടികള്‍ മുടക്കുന്നുവെന്ന് പ്രഖ്യാപിക്കുമ്പോഴാണ് ഈ ദുര്‍ഗതി. വിശാലവും വിസ്തൃതവുമായ അനേകം കെട്ടിടങ്ങളില്‍ മുറികളും ഹാളുകളും ഉണ്ടെങ്കിലും തീവ്രപരിചരണ വിഭാഗം മാറ്റി സ്ഥാപിക്കാനോ വേണ്ടത്ര സംവിധാനങ്ങള്‍ സജ്ജീകരിക്കാനോ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ല. കുറഞ്ഞത് 25 കിടക്കകളും അനുബന്ധ ഉപകരണങ്ങളും തീവ്രപരിചരണവിഭാഗങ്ങളില്‍ വേണമെന്നാണ് വ്യവസ്ഥ.
ആശുപതി വളപ്പില്‍ ആക്രിസാധനങ്ങളും മാലിന്യങ്ങളും കുന്നുകൂടുകയാണ്. നായ ശല്യവും രൂക്ഷമാണ.്ആശുപത്രിയുടെ പല ഭാഗങ്ങളില്‍ നാലുവര്‍ഷക്കാലമായി പഴകിയതും തുരുമ്പിച്ചതുമായ കട്ടിലുകള്‍, മേശകള്‍, ട്രോളികള്‍,വില്‍ ചെയറുകള്‍ എന്നിവ കുന്നുകുടി കിടക്കുകയാണ്. ഇതിനു സമീപം നായ്ക്കള്‍ സുഖവാസ കേന്ദമാക്കിയതിനാല് രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ ആശുപതിയിലെ വരാന്തകളില്‍ പോലും കടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
അടുത്ത ദിവസങ്ങളിലുണ്ടായ മഴയില്‍ വെള്ളം കെട്ടി നില്‍ക്കുകയും കക്കുസ് മാലിന്യങ്ങള്‍ നിറഞ്ഞു കവിഞ്ഞൊഴുകിയും പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നു. മാലിന്യം നീക്കം ചെയ്യാനോ, ആക്രിസാധനങ്ങള്‍ ലേലം ചെയ്ത് കൊടുക്കുന്നതിനോ അധികൃതര്‍ തയ്യാറാകുന്നില്ല. നേരത്തെ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ ആശുപത്രി സന്ദര്‍ശിക്കുകയും എത്രയും പെട്ടെന്ന് ആക്രിസാധനങ്ങള്‍ ഇവിടെ നിന്നും മാറ്റണമെന്ന് ഉത്തരവിട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ആശുപത്രിയുടെ ദുര്‍ഗതിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് ഇടപെടണമെന്നാവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: