1989ല്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഡോ.കേശവ ബലിറാം ഹെഡ്ഗേവാറിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ സമൂഹത്തിന്റെ വേദനകളൊപ്പാന്‍ സംഘം സേവാവിഭാഗിന് തുടക്കമിട്ടു.
മൂന്നാമത് സര്‍സംഘചാലക് മധുകര്‍ ദത്താത്രേയ ദേവറസ് എന്ന ക്രാന്തദര്‍ശി ഭാരതമണ്ണില്‍ വലിയ വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ട് സേവാവിഭാഗ് ആരംഭിച്ചപ്പോള്‍ ചുമതലയേല്‍പ്പിച്ചത് യാദവ് റാവു ജോഷിയെയാണ്. അഞ്ചുവര്‍ഷം കൊണ്ട് അയ്യായിരം സേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിരുന്നു ലക്ഷ്യം.
പ്രവര്‍ത്തനം തുടങ്ങിയ അഞ്ചുവര്‍ഷം കൊണ്ടുതന്നെ 7,000 കടന്നു. രണ്ടര പതിറ്റാണ്ടിനു ശേഷം സേവാഭാരതിയും സേവാവിഭാഗും എത്തിനില്‍ക്കുന്നത് 1,52,388 എന്ന മാന്ത്രികസംഖ്യയില്‍. വിദ്യാഭ്യാസ,ആരോഗ്യ,സാമൂഹ്യ പരിഷ്കരണം, കുട്ടികളുടെ സംരക്ഷണം, വനിതാ സംരക്ഷണം, ദുരന്ത നിവാരണം എന്നീ മേഖലകളിലെല്ലാം സേവാഭാരതി അതിന്റെ അത്യുദാത്തമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
സേവാഭാരതിയുമായി ബന്ധപ്പെട്ട് രാജ്യത്തെ 602 ജില്ലകളിലായി 836 സംഘടനകളും പ്രവര്‍ത്തിക്കുന്നു. സേവാഭാരതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളും ആര്‍എസ്എസ് സേവാവിഭാഗിന്റെ പ്രവര്‍ത്തകരും പങ്കെടുത്ത, ദല്‍ഹിയിലെ അലിപ്പൂരില്‍ നടന്ന ദേശീയ സേവാസംഗമം രാജ്യമൊട്ടാകെ സേവന മേഖലയില്‍ വന്‍കുതിച്ചുചാട്ടത്തിന് ആഹ്വാനം ചെയ്താണ് സമാപിച്ചത്. രാഷ്ട്രത്തിന്റെ വികസനത്തിന് സേവന പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധനവ് കൊണ്ടുമാത്രമേ സാധ്യമാകൂ എന്ന സന്ദേശം നല്‍കിയാണ് ത്രിദിന സമ്മേളനം സമാപിച്ചത്.
സേവാഭാരതിയുടെ 75ശതമാനത്തോളം പദ്ധതികളും ഗ്രാമീണ ഭാരതത്തിലാണ് നടക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലെ 216 സ്കൂളുകളിലായി പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ താമസിപ്പിച്ച് പഠിപ്പിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടന്നു വരുന്നുണ്ട്.
സേവന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി വര്‍ത്തിക്കുന്നത് ആര്‍എസ്എസിന്റെ ദൈനംദിന ശാഖകളാണെന്ന് സര്‍കാര്യവാഹ് ഭയ്യാജി ജോഷി പറയുന്നു. ശാഖകളിലൂടെ വളര്‍ന്നുവരുന്ന സ്വയംസേവകരാണ് സമൂഹത്തിന്റെ വിവിധ മേഖലകളിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സേവനപ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നത്.
1989ല്‍ ഡോക്ടര്‍ജി ജന്മശതാബ്ദി വര്‍ഷത്തിലാണ് സേവാ വിഭാഗിന് ഔദ്യോഗിക തുടക്കം കുറിച്ചതെങ്കിലും അതിനു മുമ്പു തന്നെ സ്വയംസേവകര്‍ വിവിധ സംസ്ഥാനങ്ങളില്‍ സേവാപ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനാ രൂപം നല്‍കിത്തുടങ്ങിയിരുന്നു. മഹാരാഷ്ട്രയില്‍ ജനകല്യാണ്‍ സമിതിയും ആന്ധ്രാപ്രദേശില്‍ ജനസമിതിയും കര്‍ണ്ണാടകയിലെ ഹിന്ദുസേവാ പ്രതിഷ്ഠാനും രാഷ്ട്രോത്തന്‍ പ്രതിഷ്ഠാനും ഇവയില്‍ ചിലതാണ്.
1995ല്‍ ഇവയെല്ലാം സേവാഭാരതിയുടെ കുടക്കീഴില് അണിനിരന്നു. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന് ഉപകാരപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കുക, സേവനങ്ങള്‍ വലിയരീതിയില്‍ സമൂഹത്തിന് പ്രയോജനകരമാക്കുക, സേവനമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജരായ പ്രവര്‍ത്തകരെ സൃഷ്ടിക്കുക എന്നീ മൂന്നു ലക്ഷ്യങ്ങളോടെയാണ് സേവാവിഭാഗ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍കാര്യവാഹ് പറയുന്നു.
ഏപ്രില്‍ 4 മുതല്‍ 6വരെ ദല്‍ഹിയില്‍ നടന്ന സേവാസംഗമം മാതാ അമൃതാനന്ദമയിയാണ് ഉദ്ഘാടനം ചെയ്തത്. നിസ്വാര്‍ത്ഥമല്ലാത്ത സേവനങ്ങള്‍ കാന്‍സര്‍ പോലെയാണെന്നും സമ്പന്നതയുടേയും ദാരിദ്ര്യത്തിന്റേയും ഇടയിലുള്ള വിടവില്‍ സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും പാലം നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് സേവാപ്രവര്ത്തനമെന്നും അമ്മ പറഞ്ഞു.
സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങള്‍ അരുതെന്നും മറ്റുലക്ഷ്യങ്ങളോടെ നടക്കുന്നവയെ സേവനമെന്ന് വിളിക്കില്ലെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ.കൃഷ്ണഗോപാലും പറഞ്ഞു. മറ്റു ലക്ഷ്യങ്ങളോടെ നടക്കുന്ന സേവനങ്ങള്‍ക്ക് വ്യാപാരമെന്ന വാക്കാണ് ചേരുകയെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടരപതിറ്റാണ്ടിന്റെ പ്രവര്‍ത്തനത്തിലൂടെ സേവാഭാരതി വന്‍ വളര്‍ച്ചയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നതെന്നും എന്നാല്‍ സ്വര്‍ഗ സമാനമായ സമുഹത്തിന്റെ നിര്‍മ്മിതിക്കായി കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് സേവാസംഗമത്തില്‍ പങ്കെടുത്തുകൊണ്ട് നിര്‍ദ്ദേശം നല്കി.
ത്രിദിന സമ്മേളനത്തില്‍ ഉയര്‍ന്നു വന്ന ആശയങ്ങളുടെ പൂര്‍ത്തീകരണം രാജ്യമെങ്ങും സേവനപ്രവര്‍ത്തനങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമാപന സമ്മേളനത്തില്‍ പ്രവര്‍ത്തകരോടായി പറഞ്ഞു. 532 ജില്ലകളില്‍ നിന്നുള്ള 3050 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ രാജ്യമൊട്ടാകെ സേവാപ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് സമാപിച്ചത്.
സേവാഭാരതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 707 സംഘടനകളുടെ പ്രതിനിധികളും സേവാഭാരതിയുടെ ചുമതലക്കാരും പങ്കെടുത്ത സമ്മേളനത്തില്‍ 2535 പുരുഷന്മാരും 515 സ്ത്രീകളും ഭാഗഭാക്കായി. കേരളത്തില്‍ നിന്ന് 214 പേര് പങ്കെടുത്തു.
2010ല്‍ ബംഗലൂരുവിലാണ് ആദ്യത്തെ ദേശീയ സേവാസംഗമം നടന്നത്.
അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യതലസ്ഥാനത്ത് നടന്നപ്പോള്‍ രാജ്യത്തെ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ 1,32,667ല്‍ നിന്നും 1,52,388 എണ്ണമായി ഉയര്‍ന്നിരിക്കുന്നതായി ആര്‍എസ്എസ് അഖിലഭാരതീയ സഹസേവാ പ്രമുഖ് അജിത്പ്രസാദ് മഹാപത് പറഞ്ഞു.
ഇരുപതിനായിരത്തോളം പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം സംഘടന തുടക്കം കുറിച്ചത്. ജമ്മുവിലെ കാശ്മീര്‍ താഴ്വരയില് ഉള്‍പ്പെടെ സേവാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സാധിച്ചതായി മഹാപത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: