മാന്നാര്‍: സിപിഎം കേന്ദ്രകമ്മറ്റിയംഗവും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദനെ വിലക്കുകയും രക്തസാക്ഷി കുടുംബത്തെ ആദരിക്കുന്ന ചടങ്ങ് പൊളിക്കുകയും ചെയ്ത സിപിഎം ഔദ്യോഗിക നേതൃത്വം, കോണ്‍ഗ്രസ് നേതാവിനെ ആദരിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിഭാഗീയതയില്ലെന്നും പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് പരാതി നല്‍കുന്നതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. 11ന് മാന്നാറില്‍ കോടിയേരി എത്തുമ്പോള്‍ പരാതി നല്‍കാനാണ് നീക്കം.
സിപിഎം മാന്നാര്‍ ഏരിയസെക്രട്ടറി പ്രൊഫ. പി.ഡി. ശശിധരന് ഉള്‍പ്പെടെയുള്ളവര്‍ പ്രധാന ഭാരവാഹിത്വം വഹിക്കുന്ന ജനസംസ്കൃതി എന്ന സംഘടനയുടെ പേരിലാണ് മാന്നാര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി എം.എന്‍. അപ്പുക്കുട്ടന്‍നായരെ അവാര്‍ഡ് നല്കി ആദരിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍.
ഉദ്ഘാടന പ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാവിനെയും ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസുകാരിയായ മാന്നാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സലാ ബാലകൃഷ്ണനെയും വര്‍ണനകള്‍ കൊണ്ട് മൂടാനും സജി ചെറിയാന് മടിച്ചില്ല. ഇത് പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ സജീവ ചര്‍ച്ചയായിരിക്കുകയാണ്. നൂറില്‍ താഴെ ആള്ക്കാര് മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇതില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് നേതാവിന്റെ അനുയായികളുമായിരുന്നു.
വിഎസിന്റെ പരിപാടി വിലക്കുകയും കോണ്‍ഗ്രസ് നേതാവിനെ ആദരിക്കുകയും ചെയ്തതോടെ മാന്നാറില്‍ ഗ്രൂപ്പു സമവാക്യങ്ങളില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. ഔദ്യോഗിക വിഭാഗത്തോട് ശക്തമായ കൂറു പുലര്‍ത്തിയിരുന്നവര്‍ പോലും വിഎസിന്റെ പരിപാടി വിലക്കിയ സിപിഎം ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാടിനെ വിമര്‍ശിക്കുന്നു. ഔദ്യോഗിക വിഭാഗത്തിലെ ചില നേതാക്കള്‍ക്കെതിരെ മാന്നാറില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
ഈ അപകടകരമായ അവസ്ഥ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിഎസിന്റെ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള നടപടിയില്‍ നിന്നും ജില്ലാ നേതൃത്വം പിന്നോക്കം പോകുവാന്‍ കാരണം. കോണ്‍ഗ്രസ് നേതാവിനെ ആദരിച്ച നടപടയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ജനസംസ്കൃതി രാഷ്ട്രീയത്തിന് അതീതമായി പ്രവൃത്തിക്കുന്ന സംഘടനയാണെന്നും പ്രമുഖരായ വ്യക്തികളെ ആദരിക്കുകയാണ് ലക്ഷ്യമെന്നും സംഘാടകര്‍ ഏപ്രില്‍ അഞ്ചിന് പരിപാടിക്കിടെ ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്നാല്‍ ഇതെല്ലാം തട്ടിപ്പാണെന്നും ഒത്തുകളി രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉയര്‍ന്നിരിക്കുന്ന പ്രതിഷേധങ്ങള്‍ സിപിഎം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: