അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയനുഭവിക്കുമ്പോള്‍ ബീച്ച് ഫെസ്റ്റിവല്‍ നടത്തുന്നതിനെതിരെ പ്രതിഷേധമുയരുന്നു. സംഘാടകര്‍ക്ക് സാമ്പത്തിക നേട്ടം മാത്രമാണ് ലക്ഷ്യമെന്നും ആക്ഷേപം. മൂന്നുമാസം മുമ്പ് ഇതേസ്ഥലത്ത് നടത്തിയ ഫെസ്റ്റിവലിന്റെ കണക്ക് പോലും അവതരിപ്പിക്കാതെയാണ് ഏപ്രില്‍ 19 മുതല്‍ 28 വരെ സമ്മര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ പുതിയ പരിപാടി തയാറാക്കിയിരിക്കുന്നത്.
നേരത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെയാണ് പഞ്ചായത്ത് ഭരണസമിതി ഫെസ്റ്റിവല്‍ നടത്തിയത്. എന്നാല്‍ ഇത്തവണ അഴിമതിയുടെ പേരില്‍ സിപിഎം പുറത്താക്കിയ സഖാവുള്പ്പെടെയുള്ളവരുടെ നേതൃത്വത്തിലുള്ള സ്വകാര്യ ട്രസ്റ്റാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.
തോട്ടപ്പള്ളിയിലെ ബീച്ചാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ആഭ്യന്തര മന്ത്രി മുഖ്യരക്ഷാധികാരിയും, എംപി, എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കളക്ടര്‍ എന്നിവര്‍ രക്ഷാധികാരികളുമായും ഇതിനായി കമ്മറ്റി രൂപീകരിച്ചു കഴിഞ്ഞു. സ്റ്റേജ് പരിപാടികള്‍, വ്യാപാരമേള, ഹെലികോപ്റ്റര്‍ യാത്ര, ഫിഷിങ് ബോട്ടിലൂടെ കടല്‍യാത്ര, കുതിരസവാരി, കാര്‍ണിവല്‍ തുടങ്ങി നിരവധി പരിപാടികള്‍ നടത്തി ലക്ഷങ്ങളുടെ കമ്മീഷന് തട്ടാനാണ് ചിലരുടെ നീക്കം.
പുറക്കാട്, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഡിടിപിസിയുടെ ചുമതലയിലാണ് കേരളീയം ട്രസ്റ്റ് സമ്മര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്. എന്നാല്‍ നടത്തിപ്പു മൂലം പഞ്ചായത്തിന് എന്തു പ്രയോജനമെന്നോ ഇതിന്റെ വരുമാനം ആര്‍ക്കെന്നോ ഭരണസമിതി വ്യക്തമാക്കുന്നില്ല. ജനങ്ങള്‍ നേരിടുന്ന നിരവധി അടിസ്ഥാന പ്രശ്നങ്ങളെ കാറ്റില്‍പ്പറത്തിയാണ് സിപിഐ ഭരിക്കുന്ന പഞ്ചായത്ത് കടല്‍ത്തീരത്തെ കച്ചവടവത്കരിക്കുന്നത്.
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ പുറക്കാട്, പഴയങ്ങാടി പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരിക്കല്‍ പോലും ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടില്ല. ദിനംപ്രതി ആയിരങ്ങള്‍ക്ക് തൊഴില്‍ ലഭിക്കേണ്ട തോട്ടപ്പള്ളി ഹാര്‍ബറിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ തയാറാകാതെ ബീച്ച് ഫെസ്റ്റിവല്‍ ആഘോഷിച്ച് മത്സ്യത്തൊഴിലാളികളെ അപേക്ഷിക്കുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: