ആലപ്പുഴ: ആര്യാട് കൈതത്തില്‍ പ്രദേശത്ത് വീണ്ടും സിപിഎം അക്രമം. ആര്‍എസ്എസ് അനുഭാവിയുടെ വീട് തകര്‍ത്തു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ശനിയാഴ്ച പകല്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് നോര്‍ത്ത് പോലീസ് പട്രോളിങ് കാര്യക്ഷമമാക്കിയെന്ന് അവകാശപ്പെടുമ്പോഴാണ് വീണ്ടും അക്രമം നടന്നത്. കൈതത്തില്‍ കണ്ടത്തില്‍ രതീഷിന്റെ വീടാണ് ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ അടിച്ചു തകര്‍ത്തത്. വീട്ടുകാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. ആര്യാട് കൈതത്തില്‍ നികര്‍ത്തില്‍ ബിനുവിന്റെ വീടാണ് ശനിയാഴ്ച തകര്‍ത്തത്.
പ്രദേശത്തെ ക്വട്ടേഷന്‍ സംഘമായ സോക്കര്‍ എന്ന സംഘടനയിലെ അംഗങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഴിഞ്ഞാടുന്നത്. ഇരുസംഭവത്തിലും പോലീസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയാറാകുന്നില്ല. ഇതിനിടെ ഇന്നലെ ആര്‍എസ്എസ്, സിപിഎം നേതാക്കളെ പങ്കെടുപ്പിച്ച് നോര്‍ത്ത് സ്റ്റേഷനില്‍ സിഐയുടെ നേതൃത്വത്തില്‍ സമാധാന യോഗം നടന്നെങ്കിലും സിപിഎമ്മുകാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. അക്രമികളെ തള്ളിപ്പറയാന്‍ സിപിഎം ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ തയാറായില്ല. പോലീസ് സിപിഎമ്മുമായി ഒത്തുകളിച്ച് പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് ആര്‍എസ്എസ് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ 29ന് കൈതത്തില്‍ ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകരായ വൈശാഖ്, പ്രണവ്, വിഷ്ണു, അപ്പു, ബിനു, മോനി ഫ്രാന്‍സിസ് തുടങ്ങിയവരെ സോക്കറില്‍ പെട്ടവര്‍ അക്രമിച്ചിരുന്നു. മാവോ ബിജു, രമേശ് തിലകന്, മനീഷ്, അരുണ്‍, അനൂപ് ജോസഫ്, സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. ഇതേ സംഘം തന്നെയാണ് വീടുകള്‍ക്ക് നേരെ അക്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: