ആലപ്പുഴ: തോട്ടപ്പള്ളി ഹാര്‍ബറിന്റെ പുലിമുട്ടിനുള്ളില്‍ വന്‍തോതില്‍ മണല്‍ അടിഞ്ഞുകയറിയതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. ഇതോടെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗം പ്രതിസന്ധിയിലായി. തുറമുഖത്തിന്റെ അശാസ്ത്രീയമായ നിര്‍മാണം മൂലമാണ് പുലിമുട്ടിനുള്ളില്‍ മണല്‍ അടിഞ്ഞുകയറിയത്.
നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഹാര്‍ബര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാതെ ലക്ഷങ്ങളുടെ അഴിമതിക്ക് കളമൊരുക്കി യുഡിഎഫ് സര്‍ക്കാരും ഇതേ സമീപനം തന്നെ സ്വീകരിക്കുകയാണ്. നേരത്തെ പൊഴിമുഖത്ത് അടിഞ്ഞ മണല്‍ ഡ്രഡ്ജ് ചെയ്ത് നീക്കാന്‍ ട്രാവന്‍കൂര്‍ സിമന്റ്സിന് കരാര്‍ നല്‍കിയിരുന്നു. ട്രാവന്‍കൂര്‍ സിമന്റ്സ് മണല്‍നീക്കം ചെയ്യാനുള്ള കരാര്‍ മറ്റൊരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു.
പഴക്കം ചെന്ന ഡ്രഡ്ജറാണ് ഇവര്‍ ഉപയോഗിക്കുന്നത്. പഴക്കം ചെന്നതുമൂലം മിക്കപ്പോഴും തകരാറിലാകുന്ന ഈ ഡ്രഡ്ജര്‍ ഉപയോഗിച്ച് ശരിയായ രീതിയില്‍ ഡ്രഡ്ജിങ് നടക്കാത്തതാണ് ഇപ്പോള്‍ വീണ്ടും മണലടിഞ്ഞ് തുറമുഖത്തിന്റെ പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമായത്. 2011ലാണ് ചെന്നൈ ഐഐടി രൂപകല്പന ചെയ്ത തോട്ടപ്പള്ളി ഹാര്‍ബര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി തുറന്നുകൊടുത്തത്. അശാസ്ത്രീയമായ രീതിയിലാണ് ഹാര്‍ബര്‍ നിര്‍മാണം നടന്നതെന്ന് തുടക്കം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.
നൂറുകണക്കിന് വള്ളങ്ങളും ബോട്ടുകളുമാണ് ഹാര്‍ബറില്‍ എത്തിയിരുന്നത്. ഇതുകൂടാതെ നൂറ് കണക്കിന് അനുബന്ധ തൊഴിലാളികളും ഹാര്‍ബറിനെ ആശ്രയിച്ചാണ് ഉപജീവനം നടത്തിയിരുന്നത്. ഹാര്‍ബറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതോടെ ഇവരുടെ ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. മണല്‍ അടിഞ്ഞുകയറി മൈതാനത്തിന് തുല്യമായ അവസ്ഥയിലാണ് ഇപ്പോള്‍ ഹാര്‍ബര്‍. നേരത്തെ ഏതാനും ചെറുവള്ളങ്ങള്‍ ഹാര്‍ബറില്‍ പ്രവേശിച്ചിരുന്നു. ഇപ്പോള്‍ മണലടിഞ്ഞതുമൂലം ഈ ചെറുവള്ളങ്ങള്‍ക്കും ഹാര്‍ബറില്‍ പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
രണ്ടര വര്‍ഷമായി തുറമുഖത്തിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് നടക്കുന്നത്. ഇപ്പോള്‍ ഇതും നിലച്ചു. ഇനി രണ്ട് മാസത്തിനുള്ളില്‍ കാലവര്‍ഷം ശക്തമാകുന്നതോടെ ഹാര്‍ബര്‍ നോക്കുകുത്തിയായി മാറാനാണ് സാദ്ധ്യത. ട്രോളിങ് നിരോധനത്തിന് മുമ്പ് മണല്‍നീക്കം ചെയ്ത് തുറമുഖം പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: