കാവാലം: ജന്മനാട്ടില് വീണ്ടും കുരുന്നുകൂട്ടമൊരുക്കാനെത്തിയ നാടകാചാര്യന് പ്രണാമമായി മുന്‍കാല പ്രതിഭകളുടെ കലാപ്രകടനം. കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തില്‍ ആരംഭിച്ച കുരുന്നുകൂട്ടം വേനല്‍ക്കാല ശില്പശാല പത്താം വര്‍ഷത്തിലേക്ക് കടന്ന വേളയിലാണ് ഇത്തവണത്തെ ഉദ്ഘാടന ചടങ്ങിന് ഭദ്രദീപം തെളിക്കലും നീണ്ട പ്രസംഗവുമൊന്നുമില്ലാതെ കുട്ടികളുടെ കലാപ്രകടനങ്ങളോടെ തുടക്കം കുറിച്ചത്.
കാവാലം ഗവ. എല്‍പിഎസില്‍ നാടകാചാര്യന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കുരുന്നുകൂട്ടത്തിലൂടെ കലാരംഗത്തേക്ക് ചുവടുവെച്ചവരായിരുന്നു വേദിയിലെ താരങ്ങള്‍. ഒരു പതിറ്റാണ്ടായി നടത്തിവരുന്ന പ്രയത്നം സാര്ഥകമായെന്നതിന്റെ തെളിവാണ് കുട്ടികളുടെ ഈ കലാപ്രകടനമെന്ന് അദ്ദേഹം പറഞ്ഞു. കുരുന്നുകൂട്ടത്തില് കലയുടെ പാഠങ്ങള്‍ അഭ്യസിച്ചവരില്‍ കനമുള്ള കതിരുകള്‍ ഏറെയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് വെട്ടുവേലില്‍ ഗോപാലകൃഷ്ണന് നായര്‍, കാവാലം ശശികുമാര്‍, കാവാലം ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. പത്തു നാള് നീണ്ടുനില്‍ക്കുന്ന കുരുന്നുകൂട്ടം കളരിയില്‍ സംഗീതം, നാടകം, നൃത്തം, ചിത്രകല തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്. ക്യാമ്പില്‍ എല്ലാ ദിവസവും കാവാലമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: