കൊല്ലം: യുപിഎ സര്‍ക്കാരിലെ കേരളത്തില്‍ നിന്നുള്ള എട്ടു മന്ത്രിമാരും ഇരുമുന്നണികളിലുംപെട്ട മുഴുവന്‍ എംപിമാരും നടത്തിയ വഞ്ചന തുറന്നുകാട്ടി ബിജെപി ജനമധ്യത്തിലേക്ക്. നാലുപതിറ്റാണ്ട് നീളുന്ന കാത്തിരുപ്പിന് വിരാമമിട്ട് കൊല്ലം ബൈപ്പാസിന് നിര്‍മാണോദ്ഘാടനം നടക്കുന്നതോടെ മോദിസര്‍ക്കാരിന്റെ വികസനസ്പര്ശത്തിലേക്ക് നഗരവും എത്തും.
ബൈപ്പാസും രണ്ടാം റയില്‍വേ ടെര്‍മിനലുമടക്കം മോദി സര്‍ക്കാര്‍ നല്കിയ വികസനക്കുതിപ്പുകള്‍ തങ്ങളുടെ സമ്മര്‍ദ്ദഫലമാണെന്ന് വരുത്താനുള്ള എംപിമാരുടെയും ഇടതുവലതുമുന്നണികളുടെയും കപടനീക്കത്തെ തുറന്നുകാട്ടാനാണ് ബിജെപി പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.
കൊല്ലം ബൈപ്പാസിന്റെ അടുത്തഘട്ടം നിര്‍മ്മാണോദ്ഘാടനം 10ന് രാവിലെ 9.30ന് കാവനാട് ആല്‍ത്തറമൂട് ജംഗ്ഷനില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിക്കും. കൊല്ലത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് വേഗം പകരാനെത്തുന്ന കേന്ദ്രമന്ത്രിയുടെ വരവ് ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. ഗഡ്കരിക്ക് കൊല്ലത്തിന്റെ മണ്ണിലേക്ക് സ്വാഗതമോതി പ്രചാരണ ബോര്‍ഡുകള്‍ നഗരത്തില്‍ ഉയര്‍ന്നുകഴിഞ്ഞു.
കാവനാട് മുതല്‍ മേവറം വരെ നീളുന്ന 12.60 കിലോമീറ്റര്‍ നാലുവരിപാതയാണ് കൊല്ലം ബൈപ്പാസിലൂടെ ഉദ്ദേശിക്കുന്നത്. ഇതില്‍ മേവറം മുതല്‍ കല്ലുംതാഴം വരെയുള്ള 4.30 കിലോമീറ്റര്‍ പണി പൂര്‍ത്തിയായത് അടല്‍ബിഹാരി വാജ്പേയ് പ്രധാനമന്ത്രി ആയിരുന്ന കാലത്താണ്. എന്നാല്‍ അതിന്ശേഷം വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും കാവനാട് വരെയുള്ള ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു.
ഇടതുവലതു എംപിമാര്‍ കൊല്ലംബൈപ്പാസിന്റെ പേര് പറഞ്ഞാണ് വോട്ട് പിടിക്കാനിറങ്ങിയിരുന്നത്. രണ്ടു മുന്നണികളും ഒരുമിച്ച് ഭരിച്ചകാലത്ത് ചെയ്യാത്തതാണ് ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇടപെടലിന്റെ ഫലമായി പുനരാരംഭിച്ചിരിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി റോഡിലും വശങ്ങളിലും സ്ഥാപിച്ചിട്ടുള്ള വൈദ്യുതിപോസ്റ്റ്, ലൈന്‍, കേബിള്‍, പൈപ്പ് ലൈന്‍, ബിഎസ്എന്‍എല്‍ കേബിള്‍ എന്നിവ മാറ്റിസ്ഥാപിക്കുന്നതിനുള്ള ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വൈദ്യുതിബോര്‍ഡിന്റെ പോസ്റ്റുകളും ലൈനുകളും കേബിളുകളും മാറുന്നതിലേക്കായി 66 ലക്ഷം രൂപയാണ് വകവച്ചിട്ടുള്ളത്.
എണ്‍പത് ശതമാനം ജോലികളും പൂര്‍ത്തിയാക്കുകയും ചെയ്തു. ബിഎസ്എന്‍എല്‍ കേബിളുകള്‍ സമയബന്ധിതമായി മാറ്റിസ്ഥാപിക്കാമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ബൈപ്പാസ് നിര്‍മാണത്തില്‍ ഏറ്റവും സമയം ആവശ്യമായി വരുന്നത് മൂന്ന് പാലങ്ങളുടെ നിര്‍മാണത്തിനാണ്.
900 മീറ്റര്‍ നീളമുള്ള കണ്ടച്ചിറ പാലം, 617 മീറ്റര്‍ നീളമുള്ള അരവിള പാലം, നൂറ് മീറ്റര്‍ നീളമുള്ള കടവൂര്‍ പാലം എന്നിവയാണിവ. ആര്ഡിഎസ,് സിസിസിവി എന്നീ കമ്പനികളുടെ സംയുക്തസംരംഭമായാണ് പദ്ധതി നടപ്പാക്കുന്നത്.
352 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഇതില്‍ 264 കോടി രൂപ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിനായി വകയിരുത്തിയിട്ടുണ്ട്. നിര്‍മാണപ്രവര്‍ത്തനത്തിനുള്ള ഭൂമിയൊരുക്കല്‍ നടപടികള്‍ സമയബന്ധിതമായി തീര്‍ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.
റയില്‍വേ സ്റ്റേഷനില്‍ രണ്ടാം ടെര്‍മിനലിന്റെ പണി അടുത്ത വര്‍ഷം മാര്‍ച്ച് 31ന് മുമ്പായി പൂര്‍ത്തീകരിച്ച് കമ്മീഷന് ചെയ്യുമെന്ന പ്രഖ്യാപനവും കൊല്ലത്തിനുള്ള ബിജെപി സര്‍ക്കാരിന്റെ സംഭാവനയാണ്. ഇതടക്കമുള്ള എല്ലാ കേന്ദ്രപദ്ധതികളും കാലതാമസമില്ലാ#െതെ നടപ്പാക്കുന്ന സംവിധാനമാണ് പുതിയ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ദേശീയപാത 208ന്റെയും 47ന്റെയും വശങ്ങളിലുള്ള രണ്ട് ടെര്‍മിനലുകളെയും ബന്ധിപ്പിക്കുന്ന ഓവര്‍ ബ്രിഡ്ജ്, പുതിയ ബുക്കിങ് ഓഫീസ്, പാര്‍ക്കിങ് ഏരിയ എന്നീ പണികളാണ് അടിയന്തരമായി പൂര്‍ത്തിയാക്കുന്നത്. ഒരുലക്ഷത്തി അറുപതിനായിരം രൂപ ചെലവഴിച്ച് രണ്ട് എക്സലേറ്ററുകളും അറുപത് ലക്ഷം രൂപ ചെലവില്‍ രണ്ട് ലിഫ്റ്റുകളും ഈ വര്‍ഷം തന്നെ കൊല്ലം റയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മിക്കും.
രണ്ട്, മൂന്ന് എന്നീ പ്ലാറ്റ്ഫോമുകളില്‍ നാല്‍പ്പത് ലക്ഷം രൂപ ചിലവില്‍ റൂഫ് ഷെല്‍റ്റര്‍ നിര്‍മ്മിക്കും. കൂടാതെ 40 ലക്ഷം രൂപ ചിലവില്‍ റിട്ടയറിങ് മുറികളും റിസര്‍വേഷന്‍ കെട്ടിടവും നവീകരിക്കും. കൊല്ലം റയില്‍വേ സ്റ്റേഷനില്‍ വൈഫൈ സൗകര്യം ലഭ്യമാക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാനും ധാരണയായി.
പുനലൂര്‍-ചെങ്കോട്ട ഗേജ്മാറ്റ പ്രക്രിയ 2017 മാര്‍ച്ച് 31ന് മുമ്പായി പൂര്‍ത്തീകരിച്ച് കമ്മീഷന് ചെയ്യും. ഇരവിപുരം-കാവല്‍പ്പുര റയില്‍വേ മേല്‍പ്പാലത്തിന്റെ ജനറല്‍ അലൈന്മെന്റ് ഡ്രോയിങ് ദക്ഷിണ റയില്‍വേ അംഗീകരിച്ചു. സംസ്ഥാന റോഡ്സ് ആന്റ് ബ്രിഡ്ജ്സ് കോര്പ്പറേഷന് വിശദമായ എസ്റ്റിമേറ്റ് നല്കുന്ന മുറയ്ക്ക് ഇരവിപുരം പാലത്തിന്റെ പണികള്‍ ആരംഭിക്കുവാന്‍ കഴിയുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചിട്ടുണ്ട്
പെരിനാട് റയില്‍വേ സ്റ്റേഷനിലെ അടിപാതയുടെ പണി ഈ വര്‍ഷത്തെ പ്രവര്‍ത്തി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: