പുത്തൂര്‍: ഒരു കാലത്ത് പൂത്തൂരിന്റ നെല്ലറയായിരുന്ന ഏലായില്‍ കോണ്‍ക്രീറ്റ് സൗധം കെട്ടിയുയര്‍ത്താനുള്ള വ്യവസായിയുടെ നീക്കത്തിനെതിരെ പരിസ്ഥിതി സംഘടനകള്‍ സമരം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം നിര്‍മ്മാണം തടഞ്ഞ് ജെസിബി തിരിച്ചു വിട്ടതിന് പിന്നാലെ ഏലായെ മറച്ച് ഉയര്‍ത്തിയിരുന്ന വന്‍ മറയും കുറെ കോണ്‍ക്രീറ്റ് പാളികളും സമരക്കാര്‍ എടുത്തുമാറ്റി.
പൂത്തൂര്‍ പേഴുംകോട് ഏലായ്ക്കും വല്ലവന്‍കര തോടിനും മരണമണി മുഴക്കി പുത്തൂരിലെ ഒരു പ്രമുഖ വ്യവസായി നടത്തുന്ന കോണ്‍ക്രീറ്റ് സൗധ നിര്‍മ്മാണ നീക്കം ഇതോടെ അനശ്ചിതത്വത്തിലായി. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍ തുക നല്കി നേതാക്കളെ വശത്താക്കിയശേഷമായിരുന്നു നിര്‍മ്മാണങ്ങള്‍. ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും പഞ്ചായത്ത് സെക്രട്ടറി ഇതുവരെയും സ്ഥലം സന്ദര്‍ശിക്കാത്തത് വിവാദമായിരിക്കുകയാണ്.എന്ത് വില കൊടുത്തും നിര്‍മ്മാണം തടയാന്‍ തന്നെയാണ് പരിസ്ഥിതി സംഘടനകളുടെ തീരുമാനം.
ഒരുകാലത്ത് പൂത്തൂര്‍ നിവാസികളുടെ ജീവിതത്തിന്റ തന്നെ ഭാഗമായിരുന്ന കല്ലടയാറിന്റെ കൈവഴിയായ വല്ലവന്‍കരതോടും വിശാലമായ പേഴുംകോട് ഏലായുമാണ് വ്യവസായിയുടെ കയ്യേറ്റത്തില്‍ പെട്ട് നാശത്തിലേക്ക് നീങ്ങുന്നത്. സമര സമതിയെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ച് ഏക്കറുകണക്കിന് വരുന്ന ഏലായെ നാശത്തിലേക്ക് തള്ളി വിടുമ്പോള്‍ അധികാരികളും രാഷ്ട്രീയ പാര്‍ട്ടികളും തുടരുന്ന മൗനം നാട്ടുകാരില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ജില്ലയിലെ മറ്റ് പരിസ്ഥിതി സംഘടനകളും സമരത്തിന് പിന്തുണയുമായി എത്തിയതോടെ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ അറിയിച്ചു.
നെല്‍കൃഷി വ്യാപകമായിരുന്ന കാലത്ത് ഏലായോട് ചേര്‍ന്ന് കുരുമുളക് ഫാക്ടറി സ്ഥാപിച്ചുകൊണ്ടാണ് ഏലായുടെ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഫാക്ടറിയില്‍ നിന്ന് ഒഴുക്കിവിട്ട മാലിന്യങ്ങള്‍ നിരവധിപേരുടെ കൃഷി നശിപ്പിക്കുകയും വയലുകള്‍ ഉപയോഗരഹിതമാക്കുകയും ചെയ്തു. പ്രതിഷേധിച്ച കര്‍ഷകരില്‍ നിന്ന് വ്യവസായി വയലുകള്‍ വാങ്ങിക്കൂട്ടി. പിന്നീട് വയലിലേക്ക് നിര്‍മ്മാണപ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു.
ഏലായുടെ മധ്യഭാഗം വരെ എത്തുന്ന രീതിയില്‍ വലിയ കെട്ടിടങ്ങള്‍ വന്നു. അതിനോടു ചേര്‍ന്ന ഭാഗങ്ങള്‍ നാട്ടുകാരില്‍ നിന്ന് മറച്ച് കൂറ്റന്‍ മറകെട്ടി അതിനുള്ളിലാണ് നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നത്. ഏലായുടെ തലച്ചിറയടക്കം വളഞ്ഞെടുത്ത് നടത്തുന്ന കയ്യേറ്റത്തിനെതിരെ ഒരു കൂട്ടം കര്‍ഷകര്‍ പരാതികളുമായി രംഗത്തെത്തിയപ്പോള്‍ വില്ലേജ് ഓഫീസര്‍ ഇടപെട്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചെങ്കിലും കൃഷിക്കായി പണകോരുകയാണന്ന് രീതിയില്‍ അനുമതി സംഘടിപ്പിച്ച് പില്ലറിനായി കുഴികള്‍ കുഴിക്കുകയായിരുന്നു.
വല്ലവന്‍കര മുതല്‍ തേവലപ്പുറം വരെ നീണ്ടുകിടക്കുന്ന അതിവിശാലമായ ഒരു പാടശേഖരമാണ് പരസ്യമായി നശിപ്പിക്കപ്പെടുന്നത്. ഈ പാടശേഖരം കണ്ണങ്കര കളരിദേവീ ക്ഷേത്രവുമായി ആചാരപരമായി ബന്ധം പുലര്‍ത്തുന്നതാണ്. വല്ലവന്‍കര എളവൂര്കാവ്, മാടന്‍കാവ് എന്നീ പാരിസ്ഥിതിക പൈതൃക കേന്ദ്രങ്ങളിലേക്ക് വര്‍ഷംതോറും വരാറുള്ള ദേവിയുടെ എഴുന്നള്ളത്ത് അടക്കമുള്ളവ മുടക്കുന്ന രീതിയിലാണ് കയ്യേറ്റം. ഏലായുടെ നടുവില്‍ നിലനില്‍ക്കുന്ന മാടന്‍കാവിന്റെ വിസ്തൃതി തന്നെ ഇപ്പോള്‍ ചുരുങ്ങിയിട്ടുണ്ട്.
കയ്യേറ്റത്തെ തുടര്‍ന്ന് നെല്‍കൃഷി അന്യായമായതോടെ വല്ലവന്‍കരതോടും കയ്യേറ്റക്കാരുടെ പിടിയിലാണ്. തോടിന്റെ ഇരുകരകളിലും വയലുകള്‍ മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ വരെ ഉയര്‍ന്നുകഴിഞ്ഞു. പച്ചയായ നിയമലംഘനം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും ഇത്തരം നിര്‍മ്മാണങ്ങള്‍ക്കെല്ലാം അനുമതി നല്‍കുകയും വീട്ടുനമ്പറും വൈദ്യുതിബന്ധവും അടക്കം അനുവദിക്കുകയും ചെയ്യുകയാണ് അധികാരിക്ക് എന്നും പരാതിയുണ്ട്. പേഴുംകോട് ഏലായുടെയും വല്ലവന്‍കര തോടിന്റെയും സംരക്ഷണത്തിനായി ജനകീയ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ഇതിന്റെ ഭാഗമായി പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: