മാന്നാര്‍: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പങ്കെടുപ്പിക്കുന്നു എന്ന കാരണത്താല്‍ പാര്‍ട്ടി അനുകൂല സംഘടനയായ ദേശാഭിമാനി സ്വയംസഹായസംഘത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാതെ വിട്ടുനിന്ന സിപിഎം ഔദ്യോഗിക വിഭാഗം കോണ്‍ഗ്രസ് നേതാവിനെ ആദരിക്കുന്നത് വിവാദമാകുന്നു. സിപിഎം ഏരിയസെക്രട്ടറി പ്രൊഫ. പി.ഡി. ശശിധരന്, ഏരിയ സെന്റര്‍ അംഗം പി.എന്‍. ശെല്വരാജന്, ലോക്കല്‍ കമ്മറ്റിയംഗങ്ങളായ ജെ. ഹരികൃഷ്ണന്, എല്‍.പി. സത്യപ്രകാശ് എന്നിവര്‍ പ്രധാന ഭാരവാഹിത്വം വഹിക്കുന്ന ജനസംസ്കൃതി എന്ന സംഘടനയുടെ പേരിലാണ് കോണ്‍ഗ്രസ് നേതാവിനെ ആദരിക്കുന്നത്.
ഏപ്രില്‍ അഞ്ചിന് നായര്‍ സമാജം ഗേള്‍സ് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മാന്നാര്‍ വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി എം.എന്‍. അപ്പുക്കുട്ടന്നായരെയാണ് അവാര്‍ഡ് നല്കി ആദരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് കോണ്‍ഗ്രസുകാരനായ നളന്ദഗോപാലകൃഷ്ണന് നായരാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകന്റെ വിധവയ്ക്ക് വീടുവച്ചു നല്‍കുകയും രക്ഷസാക്ഷി കുടുംബത്തെ ആദരിക്കാനും മാന്നാര്‍ ദേശാഭിമാനി സ്വയംസഹായ സംഘം സംഘടിപ്പിച്ച ചടങ്ങ് പൊളിക്കാന്‍ നോക്കുകയും രക്ഷസാക്ഷി കുടുംബത്തെ ആദരിക്കുന്നതില്‍ നിന്ന് സംഘാടകരെ വിലക്കുകയും ചെയ്തവരാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവിനെ ആദരിക്കുന്നത്.
ഇതിനെതിരെ സിപിഎമ്മില്‍ ഔദ്യോഗിക വിഭാഗത്തില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത് ജനങ്ങളുടെ ഇടയില്‍ പാര്‍ട്ടിക്ക് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നും ഇവര്‍ പറയുന്നു. രക്ഷസാക്ഷികളെക്കാള് വലുതാണോ കോണ്‍ഗ്രസ് നേതാക്കളെന്നാണ് വിഎസ് പക്ഷം ചോദിക്കുന്നത്. ഈ വിഷയം സജീവ ചര്‍ച്ചയാക്കാനാണ് വിഎസ് പക്ഷത്തിന്റെ നീക്കം.
അപ്പുക്കുട്ടന്‍നായര്‍ പ്രസിഡന്റ് എന്ന നിലയില്‍ മാന്നാര്‍ സഹകരണബാങ്കിന് ചെയ്ത സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് ആദരിക്കുന്നതെന്നാണ് സംഘടന നല്കുന്ന വിശദീകരണം. വിഎസിനെ വിലക്കിയതിലൂടെ പ്രതിസന്ധിയിലായ സിപിഎം ഔദ്യോഗിക നേതൃത്വം കോണ്‍ഗ്രസ് നേതാവിനെ ആദരിക്കാനുള്ള നീക്കത്തിലൂടെ കൂടുതല്‍ വെട്ടിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: