ആലപ്പുഴ: കുത്തിയതോട്ടിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിര്‍മ്മാണം ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. സര്‍ക്കാര്‍ പുതുതായി രൂപം നല്കിയ പൊതുമേഖലാ കമ്പനിയായ ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരളയുടെ സംസ്ഥാനത്തെ ആദ്യത്തെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തുറവൂര്‍ പമ്പാ പാതയില്‍ മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ നിര്‍മ്മാണം ഉടനെ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പാലങ്ങളോടനുബന്ധിച്ച് തന്നെ അതിന്റെ അപ്രോച്ചുറോഡും നിര്‍മ്മിക്കാനുള്ള നടപടികള്‍ എടുത്തുവരുന്നതായി മന്ത്രി വ്യക്തമാക്കി. പല സ്ഥലങ്ങളിലും പാലങ്ങളുടെ പണി പൂര്‍ത്തിയാകാതിരിക്കുന്നതിന് കാരണം അപ്രോച്ചുറോഡിന്റെ നിര്‍മ്മാണത്തിന് ഭൂമിലഭിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. എ.എം. ആരിഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കോടംതുരുത്തു പഞ്ചായത്തിന് മുന്‍ വശത്തുള്ള ദേശീയ പാതയരുകില്‍ 50 സെന്റ് സ്ഥലത്താണ് വിശ്രമകേന്ദ്രം നിര്‍മ്മിക്കുക. ഒന്നരക്കോടി രൂപയാണ് ആസ്തിവികസനഫണ്ടില്‍ നിന്ന് എംഎല്‍എ അനുവദിച്ചത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അംഗവൈകല്യമുള്ളവര്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍, എടിഎം, കോഫി ഷോപ്പ്, മെമെന്റോ ഷോപ്പ്, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും ഉപകരണങ്ങളും, റോപ് ബ്രിഡ്ജ്, പൂന്തോട്ടം, ഓപ്പണ്‍ തിയറ്റര്‍, ജോഗിങ് ട്രാക്ക് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഉണ്ടാകും. ഉപഭോക്താക്കളില്‍നിന്ന് യൂസര്‍ ഫീസ് ഈടാക്കി വൃത്തിയും വെടിപ്പുമുള്ള സൗകര്യങ്ങളോടെ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: