അമ്പലപ്പുഴ: അടിക്കടി തോട്ടപ്പള്ളി കടപ്പുറത്ത് ബീച്ച് ഫെസ്റ്റിവലുകള്‍ നടത്തുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും പ്രദേശവാസികള്ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യമുയരുന്നു.
കടപ്പുറം കൈയേറുന്നതിനാല്‍ മത്സ്യബന്ധന വള്ളങ്ങളും തൊഴിലുപകരണങ്ങളും സൂക്ഷിക്കുവാന്‍ സ്ഥലമില്ലാതായിരിക്കുന്നു. കൂടാതെ പതിറ്റാണ്ടുകളായി തീരദേശവാസികള്‍ മത്സ്യം, ചെമ്മീന്‍ തോട് ഉണക്കി സംസ്കരിച്ചിരുന്നതിനെ ബീച്ച് ഫെസ്റ്റിവലിന്റെ പേരില്‍ അധികൃതര്‍ തടഞ്ഞിരിക്കുകയാണ്. ഇതിനാല്‍ പ്രദേശത്തെ പതിനഞ്ചില്‍ പരം പീലിങ് ഷെഡുകളും അവിടെ ജോലി ചെയ്തിരുന്ന 1,500ല്‍ പരം സ്ത്രീ തൊഴിലാളികളും പ്രതിസന്ധിയിലായി. സ്വകാര്യ വ്യക്തികള്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും പുറക്കാട് ഗ്രാമപഞ്ചായത്തും അംഗീകാരം നല്‍കിയതിന് പിന്നില്‍ ദുരൂഹതയുണ്ട്.
പ്രദേശത്തെ തീരദേശവാസികള്‍ തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുമ്പോള്‍ അതിന് പരിഹാരം കാണാതെ മൂന്ന് മാസത്തിന് ശേഷം വീണ്ടും ഫെസ്റ്റിവലുകള്‍ നടത്തുന്നത് ടൂറിസം മുതലാളിമാരുടെയും ഭൂമാഫിയയുടെയും ദുസ്വാധീനം മൂലമാണെന്ന് തീരദേശ രാഷ്ട്രീയ സമിതി ആരോപിച്ചു. തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിലെ അശാസ്ത്രീയമായ ഡ്രഡ്ജിങ് മൂലം തോട്ടപ്പള്ളി മുതല്‍ പുറക്കാട് വരെയുള്ള തീരദേശത്തെ വീടുകള്‍ മണ്ണൊലിപ്പു മൂലം കടലാക്രമണ ഭീഷണിയിലാണ്.
പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഡ്രഡ്ജിങ് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഓര്‍ഗനൈസിങ് ചെയര്മാന് അഡ്വ. എസ്. ജ്യോതികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി. കുഞ്ഞുമോന്, എന്‍.ബി. സുഭാഷ്ചന്ദ്രന്, അബ്ദുള്‍ മജീദ്, അഡ്വ. ജെ. മാത്യു, പി. ഹരീഷ്കുമാര്‍, പള്ളിക്കര നാസര്‍, ടി.പി. ശാന്തിലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: