ആലപ്പുഴ: ആര്യാട് കൈതത്തില്‍ പ്രദേശത്ത് സിപിഎം ക്വട്ടേഷന്‍ സംഘം അഴിഞ്ഞാടി. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്തു. നോര്‍ത്ത് പോലീസിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധമുയര്‍ന്നു. ആര്യാട് കൈതത്തില്‍ നികര്‍ത്തില്‍ സന്തോഷിന്റെ വീടാണ് ഏപ്രില്‍ നാലിന് ഉച്ചയോടെ അടിച്ചു തകര്‍ത്തത്. സന്തോഷിന്റെ മകളെയും ഭാര്യയെയും സിപിഎം സംഘം കൈയേറ്റം ചെയ്യുകയും ചെയ്തു.
സജീവ സിപിഎം പ്രവര്‍ത്തകനായ സന്തോഷിന്റെ മകന് ബിനു ആര്‍എസ്എസ് ശാഖയില്‍ പോകുന്നുവെന്ന് ആരോപിച്ചാണ് സിപിഎമ്മുകാര്‍ വീടാക്രമിച്ചത്. പ്രദേശത്തെ ക്വട്ടേഷന്‍ സംഘമായ സോക്കര്‍ എന്ന സംഘടനയിലെ അംഗങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഴിഞ്ഞാടുന്നത്. കഴിഞ്ഞ 29ന് കൈതത്തില്‍ ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകരായ വൈശാഖ്, പ്രണവ്, വിഷ്ണു, അപ്പു, ബിനു, മോനി ഫ്രാന്‍സിസ് തുടങ്ങിയവരെ സോക്കറില്‍ പെട്ടവര്‍ അക്രമിച്ചിരുന്നു. മാവോ ബിജു, രമേശ് തിലകന്, മനീഷ്, അരുണ്‍, അനൂപ് ജോസഫ്, സുജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. ഇതേ സംഘം തന്നെയാണ് വീടിന് നേരെയും അക്രമം നടത്തിയത്.
29ലെ അക്രമത്തെ കുറിച്ച് നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായില്ല. ഇതാണ് അക്രമം ആവര്‍ത്തിക്കാന്‍ കാരണം. സോക്കറില്‍ അംഗങ്ങളായവരില്‍ ചിലര്‍ നേരത്തെ പോലീസിനെ അക്രമിച്ച കേസിലെ പ്രതികളാണ്. എന്നാല്‍ സിപിഎമ്മിന്റെ സ്വാധീനം മൂലമാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് മടിക്കുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന കൈതത്തില്‍ ഭാഗത്ത് സംഘപരിവാര്‍ പ്രവര്‍ത്തനം ശക്തമായതാണ് സിപിഎം ഗുണ്ടാസംഘത്തെ വിറളി പിടിപ്പിച്ചത്. സിപിഎമ്മിന്റെ ഏരിയ നേതൃത്വത്തിലുള്ള ചിലരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ സംഘം പ്രദേശത്ത് അഴിഞ്ഞാടുന്നത്.
അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം തയാറാകണമെന്നും, പോലീസ് ശക്തമായി ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആര്‍എസ്എസ് താലൂക്ക് കാര്യകാരി ആവശ്യപ്പെട്ടു. കഴിഞ്ഞ ശ്രീകൃഷ്ണജയന്തി ശോഭായാത്രയെ പ്രവേശിപ്പിക്കാതെ സിപിഎം സഹയാത്രികരായ കൈതത്തില്‍ ക്ഷേത്രസമിതി തടഞ്ഞിരുന്നു. ഈ ക്ഷേത്രത്തില്‍ തമ്പടിച്ചാണ് സോക്കറില്പ്പെട്ടവര് പ്രദേശത്ത് ഗുണ്ടാ ആക്രമണം നടത്തുന്നതെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: