ചേര്‍ത്തല: ഇടപാടുകാരുടെ സ്വര്‍ണം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കല്ലങ്ങാപ്പള്ളി സഹകരണ ബാങ്ക് സെക്രട്ടറിയെ റിമാന്‍ഡ് ചെയ്തു; ക്രമക്കേട് അന്വേഷിക്കാന്‍ സഹകരണവകുപ്പിന്റെ പ്രത്യേക സംഘം. ചേര്‍ത്തല സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.പി. ബിജുവിനെയാണ് ചേര്‍ത്തല ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
സ്വര്‍ണം പണയം വെച്ച് വായ്പ്പയെടുത്ത പതിനാറു പേരുടെ 108.5 പവനോളം സ്വര്‍ണമാണ് മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ സെക്രട്ടറി പണയം വെച്ച് പണം തട്ടിയത്. ചേര്‍ത്തല സിഐ നവാസിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സെക്രട്ടറിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില സ്ഥാപനങ്ങളില്‍ നിന്ന് പണയ ഉരുപ്പടികളില്‍ ചിലത് കണ്ടെത്തിയിട്ടുണ്ട്.
പ്രതി സുഹൃത്തിന്റെ സഹായത്തോടെ പണം പലിശയ്ക്ക് കൊടുക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. പണം എങ്ങനെ ചെലവഴിക്കുന്നു എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും, തുടരന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ കിട്ടുന്നതിന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും സിഐ പറഞ്ഞു. വിശ്വാസവഞ്ചന, ചതി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ 23 ലക്ഷത്തോളം രൂപ മൂല്യമുള്ള സ്വര്‍ണം ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
മറ്റ് ഇടപാടുകളിലും സംശയം നിലനില്‍ക്കുന്നതിനാല്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ബാങ്കിന്റെ കീഴിലുള്ള നീതി മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനവും നിരീക്ഷണത്തിലാണ്. ഇതിനായി പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: