പൂച്ചാക്കല്‍: മക്കള്‍ പകല്‍ സമയം ജോലിക്ക് പോകുമ്പോള്‍ വീട്ടില്‍ തനിച്ചാകുന്ന പ്രായമായ മാതാപിതാക്കള്‍ ഇനി ഒറ്റപ്പെട്ടുപോകില്ല. അവര്‍ക്ക് സ്നേഹവും സംരക്ഷണവും നല്കാന് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പകല്‍വീട് ആരംഭിക്കുന്നു. പകല്‍വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഈമാസം ആദ്യം പ്രവര്‍ത്തനം ആരംഭിക്കും. ഗ്രാമപഞ്ചായത്ത് ഓഫിസിനിടത്തുതന്നെ 10 ലക്ഷം രൂപ മുടക്കിയാണ് പകല്‍വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വിശാലമായ മുന്നു മുറിയും വരാന്തയും ഉള്‍പ്പെടുന്നതാണ് പകല്‍വീട്.
വീടിനുള്ളില്‍ തനിച്ചാകുന്നവര്‍ പഞ്ചായത്തിന്റെ പകല്വീട്ടിലെത്തിയാല് ഒറ്റപ്പെടലുകളുണ്ടാകില്ല. കളിയും ചിരിയും സമ്മാനിക്കുന്നതിന് ഒട്ടേറെ പരിപാടികളും പകല്‍വീട്ടില്‍ ഒരുക്കുന്നുണ്ട്. വായനാ താത്പര്യമുള്ളവര്‍ക്ക് പുസ്തകങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും പത്രങ്ങളും ഇവിടെയുണ്ടാകും. ടെലിവിഷന്‍ കാണാനുള്ള സൗകര്യവും ചെസ്, കാരംസ് തുടങ്ങിയ വിനോദങ്ങളും ഒരുക്കും.
രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ഇപ്പോള്‍ പ്രവര്‍ത്തനസമയം നിശ്ചയിച്ചിരിക്കുന്നത്. പകല്‍വീട്ടിലെത്തുന്നവര്‍ക്ക് സൗജന്യഭക്ഷണം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയിലും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. സമീപ പഞ്ചായത്തിലുള്ളവര്‍ക്കും പകല്‍വീടിന്റെ സേവനം ലഭ്യമാണ്. പകല്‍വീടിന്റെ പ്രയോജനം ചേര്‍ത്തല താലൂക്കിലെ വടക്കന്‍ മേഖലയിലുള്ള നിരവധി കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടും. കൂടുതല്‍ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്ന രണ്ടു പദ്ധതികളുടെയും ഉദ്ഘാടനം അടുത്ത മാസം ആദ്യം നടക്കുമെന്നും ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശശികല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: