ഹരിപ്പാട്: ബാര്‍ ഉടമകളില്‍ നിന്നും കോടികള്‍ കോഴവാങ്ങിയെന്ന് ആരോപണ വിധേയനായ മന്ത്രി കെ.എം. മാണി രാജിവെയ്ക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം. വേലായുധന് ആവശ്യപ്പെട്ടു. ഹരിപ്പാട് നിയോജക മണ്ഡലം കമ്മറ്റി കാര്‍ത്തികപ്പള്ളിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണം ഉന്നയിച്ചവര്‍ അതില്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ സംശയിക്കുന്ന ധനകാര്യ മന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സംസ്ഥാന ബഡ്ജറ്റിലെ ജനദ്രോഹപരമായ നികുതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാതെ നിയമസഭയിലെ നാണംകെട്ട നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്ത് ജനങ്ങളെ കബളിപ്പിക്കുന്നത് എല്‍ഡിഎഫ്, യുഡിഎഫ് രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഇരുമുന്നണികളുടേയും ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ത്തികപ്പള്ളി, ചിങ്ങോലി ഭാഗങ്ങളില്‍ നിന്നും വിമുക്തഭടന്മാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട നൂറ്റിഅന്‍പതോളം പേര് യോഗത്തില്‍ ബിജെപിയുടെ അംഗത്വം സ്വീകരിച്ചു. നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് എന്‍. ചിത്രാംഗദന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: