ആലപ്പുഴ: വിഷു- ഈസ്റ്റര്‍ ആഘോഷങ്ങളോടനുബന്ധിച്ച് കയര്‍ തൊഴിലാളികള്‍ക്ക് പെന്ഷന് വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ 22 കോടി രൂപ അനുവദിച്ചതായി കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എ.കെ. രാജനും ചീഫ് എക്സിക്യൂട്ടീവ് എം. അബ്ദുല്‍ സലിമും അറിയിച്ചു.
നിലവില്‍ പെന്ഷന് കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും കഴിഞ്ഞ മാസം വരെയുളള കുടിശിക തീര്‍ത്ത് ആറു മാസത്തെ പെന്ഷന് തുകയായ 3,600 രൂപ വീതം ലഭിയ്ക്കും. ക്ഷേമനിധി പാസ്ബുക്കു വഴി അംഗത്വ പെന്ഷന് (മെമ്പര്‍ പെന്ഷന്) കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും ബാങ്ക് അക്കൗണ്ടു വഴിയായിരിക്കും പെന്ഷന് വിതരണം ചെയ്യുക.
പെന്ഷന് കാര്‍ഡ് ഉപയോഗിച്ച് (മഞ്ഞ കാര്‍ഡ്) മുന്‍ കയര്‍ തൊഴിലാളി പെന്ഷന് കൈപ്പറ്റി വരുന്നവരില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പോസ്റ്റ് ഓഫീസുകള്‍ വഴി ആവശ്വപ്പെട്ടവര്ക്ക് മണിയോര്‍ഡര്‍ ആയി തുക വിതരണം ചെയ്യും.
ഇനിയും ബാങ്ക് അക്കൗണ്ട് നമ്പര്‍ ഹാജരാക്കിയിട്ടില്ലാത്ത ക്ഷേമനിധി പാസ്ബുക്ക് ഉളള എല്ലാ അംഗത്വ പെന്‍ഷന്‍കാരും (മെമ്പര്‍ പെന്ഷന്) തങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉടനെ ബന്ധപ്പെട്ട ക്ഷേമനിധി ഓഫീസില്‍ എത്തിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു. എല്ലാ ഗുണഭോക്താക്കള്‍ക്കും ഏപ്രില്‍ ആറ് മുതല്‍ പെന്ഷന് തുക ലഭിച്ചു തുടങ്ങുമെന്ന് ചെയര്മാന് എ.കെ. രാജന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: