ന്യൂജേഴ്സി: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്റീനക്ക് ജയം. സൂപ്പര്‍താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇക്വഡോറിനെയാണ് മറികടന്നത്. കാലിലെ പരിക്കുമൂലം തുടര്‍ച്ചയായ രണ്ടാം സൗഹൃദമത്സരത്തില്‍ നിന്നും വിട്ടുനിന്ന മെസ്സിക്ക് പകരം കളത്തിലിറങ്ങിയ ഹാവിയര്‍ പാസ്റ്റോറെ അര്‍ജന്റീനയ്ക്കുവേണ്ടി ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടി. കഴിഞ്ഞ ശനിയാഴ്ച എല്‍സാല്‍വഡോറിനെ തോല്‍പ്പിച്ച ടീമില്‍ നിന്ന് വന്‍ മാറ്റങ്ങളുമായാണ് കോച്ച്ജെറാര്ഡോ മര്‍ട്ടിനോ ഇക്വഡോറിനെതിരായ മത്സരത്തിന് ടീമിനെ ഇറക്കിയത്. പഴയ ടീമില്‍ ഏയ്ഞ്ചല്‍ ഡി മരിയയെ മാത്രമാണ് കോച്ച് നിലനിര്‍ത്തിയത്.
എട്ടാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഗോളില്‍ ലീഡ് നേടിയ അര്‍ജന്റീനയെ ഒന്നാം പകുതിയില്‍ തന്നെ മില്ലര്‍ ബൊലാനോസ് സമനിലയില്‍ പിടിച്ചു. അര്‍ജന്റീനയ്ക്കുവേണ്ടിയുള്ള അഗ്യുറോയുടെ 23-ാം ഗോളായിരുന്നു ഇത്. കളിയുടെ 58-ാം മിനിറ്റിലായിരുന്നു പസ്റ്റോറെയുടെ വിജയഗോള്‍. ജൂണില്‍ നടക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന് മുമ്പായി ഒരു സൗഹൃദ മത്സരം കൂടി അര്‍ജന്റീന കളിക്കും. ജൂണ്‍ ആറിന് നടക്കുന്ന കളിയില്‍ ബൊളീവിയയാണ് എതിരാളികള്‍. കോപ്പ അമേരിക്കയില്‍ ഉറുഗ്വെ, പരാഗ്വെ, ജമൈക്ക എന്നീ ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന കളിക്കുക. ജൂണ്‍ 13ന് ആദ്യ മത്സരത്തില്‍ പരാഗ്വെയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
മറ്റൊരു മത്സരത്തില്‍ മെക്സിക്കോ ഏകപക്ഷീയമായ ഒരു ഗോളിന് പരാഗ്വെയെ പരാജയപ്പെടുത്തി. കളിയുടെ മൂന്നാം മിനിറ്റില്‍ എഡ്വേര്‍ഡോ ഹെരേരയാണ് മെക്സിക്കോയുടെ വിജയഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: