കോഴിക്കോട്: ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ നിര്‍മ്മിച്ച ആദ്യേം പൂത്യേം എന്ന ഹ്രസ്വചിത്രത്തിന് ദേശീയപുരസ്കാരം. എന്‍സിആര്‍ടിയും, സിഐഇടിയും ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ഇരുപതാമത് ആള് ഇന്ത്യ ചില്‍ഡ്രണ്‍സ് എഡ്യുക്കേഷണല്‍ ഓഡിയോ വീഡിയോ ഫെസ്റ്റിവല്‍ 2015 ലെ മികച്ച ചിത്രം, മികച്ച രചന എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് ആദ്യേം പൂത്യേമിന് ലഭിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൂട്ടുകെട്ടുകള്‍ക്കും ചങ്ങാത്തങ്ങള്‍ക്കും ആണ് പെണ് വേര് തിരിവുകള്‍ സൃഷ്ടിച്ചെടുത്ത മുതിര്‍ന്നവരുടെ അധികാരോന്മുഖനോട്ടങ്ങളെ വിചാരണ ചെയ്യുകയാണ് ആദ്യേം പൂത്യേം. സ്കൂളിലെ ചലച്ചിത്ര ക്ലബ്ബായ തിരയുടെ നേതൃത്വത്തിലാണ് ഹ്രസ്വചിത്ര നിര്‍മ്മാണം നടന്നത്. രക്ഷിതാക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും സ്വരുക്കൂട്ടിയ ഒരു ലക്ഷം രൂപകൊണ്ടാണ് 30 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ത്തിയാക്കിയത്.
ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് കെ. രഞ്ജിത്തും സംവിധാനം മനീഷ് യാത്രയുമാണ് നിര്‍വ്വഹിച്ചത്. ഫിലിംക്ലബ്ബ് മെമ്പര്‍മാരായ റോഷന്, കൃഷ്ണേന്ദു, അശ്വന്ത്, അമല്‍രാജ്, അജയ്കുമാര്‍, മഞ്ജുനാഥ്, ദേവനാഥ്, അഭിനവ്, അക്ഷയ് ഷാരൂണ്‍ എന്നീ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ജയകൃഷ്ണന്, സത്യന്മുദ്ര, മുഹമ്മദ് എരവട്ടൂര്‍, ബാലചന്ദ്രന് ന്യൂമന്‍സ്, രതീഷ് മലയില്‍, ഉഷ, ചന്ദ്രബാബു, സതി തുടങ്ങിയവരും വേഷമിട്ടു. ക്യാമറ പ്രമോദ് ബാബുവും, എഡിറ്റിംഗ് ആര്.പി. പ്രത്യൂഷും, സംഗീതം രാഗേഷ് റാമും ശബ്ദലേഖനം ഹരീഷ് കൊയിലാണ്ടിയും, ശബ്ദമിശ്രണം ലിജിത്ത് അഡാര്സും കലാസംവിധാനം സദാനന്ദന് സര്ഗയുമാണ് നിര്‍വ്വഹിച്ചത്.
ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രം സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് അണിയറശില്പികള്. ചിത്രത്തില്‍ അഭിനയിച്ച ആര്.റോഷന്, ബി.കെ കൃഷ്ണേന്ദു, സംവിധായകന് മനീഷ് യാത്ര, രചന നിര്‍വ്വഹിച്ച കെ. രഞ്ജിത്ത്, പ്രധാനാദ്ധ്യാപിക കെ. ബേബി വിനോദിനി, പിടിഎ പ്രസിഡന്റ് പി. വത്സരാജ്, ഇ. സുരേഷ് ബാബു, ഇ.കെ. അജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: