ഗായകന് പി. ഉണ്ണികൃഷ്ണന്റെ വീട്ടില്‍ 20 വര്‍ഷം മുമ്പുള്ള ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു, മകള്‍ ഉത്തരയെന്ന 10 വയസ്സുകാരിയിലൂടെ. ആദ്യമായി ആലപിച്ച പിന്നണിഗാനത്തിലൂടെ ഏറ്റവും മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം കിട്ടുക എന്നത് നിസാരകാര്യമല്ലല്ലോ?.
1994 ല്‍ ഉണ്ണികൃഷ്ണന് നേടിയ അതേ നേട്ടമാണ്, 2014 ലെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹയായതിലൂടെ ഉത്തരയും സ്വന്തമാക്കിയിരിക്കുന്നത്. എ. എല്‍. വിജയ് സംവിധാനം നിര്‍വഹിച്ച ശൈവം എന്ന തമിഴ്ചിത്രത്തിലെ അഴകേ അഴകേ എന്നുതുടങ്ങുന്ന മനോഹരഗാനം ആലപിക്കാനെത്തുമ്പോള്‍, ആദ്യമായി പിന്നണിപാടാനെത്തുന്നവര്ക്ക് സ്വതവേ ഉണ്ടാകാറുള്ള അങ്കലാപ്പൊന്നും ഉത്തരക്കുണ്ടായിരുന്നില്ല.
പാട്ട് ഭംഗിയായി പാടുക എന്നതിനപ്പുറം മറ്റൊന്നും മനസ്സില്‍ ഇല്ലായിരുന്നു. പാട്ട് പാടിവന്ന ശേഷവും താന്‍ ‘വല്യ’ ഗായികയായി എന്ന ഭാവമൊന്നുമില്ലാതെ കളിയും ചിരിയുമായി വീണ്ടും കുട്ടിത്തം നിറഞ്ഞ ലോകത്തിലേക്ക്. രണ്ട് വരി മൂളാന്‍ പറഞ്ഞാല്‍പോലും കള്ളച്ചിരിയോടെ, ഇത്തിരി മടിയോടെ മാറി നില്ക്കുന്ന പെണ്‍കുട്ടി. പക്ഷേ അവളുടെ സംഗീത വാസന എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിയാന്‍ ഒരുപാട്ട് പാടി മുഴുമിപ്പിക്കേണ്ട ആവശ്യം പോലുമില്ല.
രണ്ടുവരി പാടിയാല്ത്തന്നെ അത് തിരിച്ചറിയാം. അവളുടെ ശബ്ദത്തിലെ ആഴവും ആര്‍ദ്രതയും തിരിച്ചറിഞ്ഞ ഗായിക സൈന്ധവിയാണ് തന്റെ ഭര്‍ത്താവും ശൈവത്തിന്റെ സംഗീത സംവിധായകനുമായ ജി.വി. പ്രകാശിനോട് ഉത്തരയെക്കുറിച്ച് പറയുന്നത്. ശൈവം ചിത്രത്തില്‍ ബേബി സാറ അര്ജുന് അവതരിപ്പിക്കുന്ന കഥാപാത്രം പാടി അഭിനയിക്കുന്ന അഴകേ അഴകേ എന്ന ഗാനം പാടാന്‍ പറ്റിയൊരു കുഞ്ഞുഗായികയെ തേടി നടക്കുകയായിരുന്നു പ്രകാശ്. ആ അന്വേഷണം ഒടുവില്‍ ഉത്തരയില് ചെന്നെത്തുകയായിരുന്നു. അഴകേ എന്ന ഗാനം രണ്ട് തവണ സ്റ്റുഡിയോയില്‍ പോയി പാടേണ്ടി വന്നു ഉത്തരയ്ക്ക്. ആദ്യം അമ്മക്കൊപ്പമാണ് പോയത്.
വരികളില്‍ ചില മാറ്റങ്ങള്‍ക്കൂടി വരുത്തിയതുകൊണ്ട് അച്ഛന്റൊപ്പം പോയി രണ്ടാമതും പാടേണ്ടി വന്നു. പ്രയാസം നിറഞ്ഞ ‘സംഗതി’കളൊക്കെ മനസ്സിലാക്കാന്‍ സഹായിച്ചത് അച്ഛനാണെന്ന് ഉത്തര. പാട്ടില്‍ ഒരു സംഗതി പാടി ഫലിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നൂറുതവണയെങ്കിലും അത് പ്രാക്ടീസ് ചെയ്യണമെന്നാണ് അച്ഛന്റെ പോളിസിയെന്നും ഉത്തര പറയുന്നു.
മുത്തുകുമാറിന്റേതാണ് അഴകേ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വരികള്‍. ആ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ശൈവത്തിലെ ബാലതാരമായ സാറ അവതരിപ്പിക്കുന്ന തമിഴ്ശെല്വിയെന്ന കഥാപാത്രത്തിന് വേണ്ടിയാണ്. ബാല്യത്തിലെ നിഷ്കളങ്കതയും കുസൃതിയും എല്ലാം ശബ്ദത്തില്‍ ഒളിപ്പിച്ചുവച്ച് ഭാവാര്‍ദ്രമായി വേണം ആ ഗാനം ആലപിക്കാന്‍. ഉത്തര അത് ഭംഗിയായി നിര്‍വഹിച്ചു. സാറയാവട്ടെ തന്റെ സ്വത സിദ്ധമായ അഭിനയ ശൈലിയാല്‍ ആ ഗാനരംഗം ഉജ്വലമാക്കുകയും ചെയ്തു.
പാടിയിരിക്കുന്നതും അഭിനേത്രിതന്നെയാണെന്ന പ്രതീതി കാഴ്ചക്കാരില്‍ ഉളവാക്കാന്‍ പോന്ന പ്രകടനം. താരത്തിന്റെ ശബ്ദവുമായി ഗായികയുടെ മാസ്മരിക സ്വരം അത്രമേല്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നുവെന്ന് സാരം. 2013 ലാണ് ശൈവത്തിന് വേണ്ടി ഈ ഗാനം റെക്കോഡ് ചെയ്തത്. അന്ന് ഉത്തരക്ക് പ്രായം വെറും എട്ട്. വിക്രം നായകനായ ദൈവതിരുമകള്‍ എന്ന ചിത്രത്തില്‍ നിള കൃഷ്ണയെന്ന കഥാപാത്രമായി അഭിനയിച്ച് നിരൂപക പ്രശംസ ഏറ്റുവാങ്ങിയ താരമാണ് ബേബി സാറ.
മികച്ച ഗായികയ്ക്കുള്ള 62-ാമത് ദേശീയ പുരസ്കാരം തനിക്കാണെന്നറിഞ്ഞപ്പോള്‍ ഉത്തരയ്ക്ക് അത്ഭുതം. ആ അവാര്‍ഡിന്റെ പെരുമ എത്രത്തോളം ഉണ്ടെന്നെന്നും കുഞ്ഞുവാനമ്പാടിക്ക് നിശ്ചയമില്ല. അച്ഛന് ഉണ്ണികൃഷ്ണനും ഇതേ അവാര്‍ഡ് കിട്ടിയിട്ടുണ്ടെന്നറിയാം.
1994 ല്‍ ഉണ്ണികൃഷ്ണനും ആദ്യമായി ആലപിച്ച ഗാനത്തിനുതന്നെ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. എ. ആര്. റഹ്മാന് സംഗീതം നല്കിയ കാതലന്‍ എന്ന ചിത്രത്തിലെ എന്നവളേ അടി എന്നവളേ എന്ന ഗാനമാണ് ഉണ്ണികൃഷ്ണനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സംഗീതയാത്രയില്‍ എപ്പോഴും പുതുപരീക്ഷണങ്ങള്‍ നടത്തുന്നതില്‍ ശ്രദ്ധേയനാണ് ഉണ്ണികൃഷ്ണന്.
ഒട്ടനവധി ചലച്ചിത്രഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെങ്കിലും ദേശത്തും വിദേശത്തുമായി സംഗീത കച്ചേരികളുമായി തിരക്കിലുമാണ്. മകള്‍ക്ക് കുടുംബപരമായി കിട്ടിയിരിക്കുന്ന ഒന്നുമാത്രമല്ല സംഗീത വാസനയെന്നും അത് ഈശ്വരന് അവള്‍ക്കുമേല്‍ ചൊരിഞ്ഞിരിക്കുന്ന വരദാനമാണെന്നുമാണ് ഉണ്ണികൃഷ്ണന് പറയുന്നത്. അച്ഛനും പിന്നെ അച്ഛന്റെ അമ്മ ഹരിണിയുമാണ് ഉത്തരയുടെ ആദ്യ ഗുരുക്കന്മാര്. ഇപ്പോള്‍ മൈലാപൂരില്‍ ഡോ.സുധാരാജയ്ക്കു കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്. ചെത്പേട്ട് ലേഡി ആണ്ടാള്‍ വെങ്കട്ടസുബ്ബറാവു ഹയര്‍ സെക്കന്റഡി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഉത്തര.
അമ്മ പ്രിയ നര്‍ത്തകിയാണ്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ ചേട്ടന് വസുദേവ് കൃഷ്ണയ്ക്കാവട്ടെ താല്പര്യം പാശ്ചാത്യ സംഗീതത്തോടും. എന്നെങ്കിലുമൊരിക്കല്‍ ഞാനും അച്ഛനെപ്പോലെയാകുമെന്ന് പറയുന്ന ഉത്തരക്ക് ഉണ്ണികൃഷ്ണന്റെ പാട്ടുകളില്വച്ച് ഏറെയിഷ്ടം ഉയിരും നീയെ…, നറുമുഖയേ എന്നീ ഗാനങ്ങളാണ്.
പാട്ടിന്റെ വഴിയില്‍ അച്ഛന്റെ മകളാണ് താനുമെന്ന് തെളിയിച്ച ഈ മലയാളിപെണ്‍കുട്ടി സംഗീതലോകത്തെ പുത്തന്‍ വാഗ്ദാനമാകുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: