കോട്ടൂര്‍ പൊത്തോട് അഗസ്ത്യ ബാലസംസ്കാര കേന്ദ്രത്തിലെ വനവാസി സെറ്റില്‍മെന്റ് കോളനിയിലെ കാടിന്റെ മക്കളുടെ ചിരകാല അഭിലാഷമായിരുന്നു തങ്ങള്‍ക്ക് ആരാധിക്കാന്‍ ദേവന്റെ പ്രതിഷ്ഠയോടുകൂടിയ ക്ഷേത്രം. പ്രകൃതി ദുരന്തങ്ങളും തീരാവ്യാധികളും ഉണ്ടാകുമ്പോള്‍ രൂപമില്ലാത്ത വനദേവതയെ മനസ്സില്‍ സങ്കല്പിച്ചുള്ള പ്രാര്‍ത്ഥനയായിരുന്നു കഴിഞ്ഞദിവസം വരെ. ഇനി തങ്ങളുടെ സങ്കടങ്ങള്‍ ഭഗവാനുമുന്നില്‍ നിന്ന് പറയാം.
ക്ഷേത്രം ഇല്ലെങ്കിലും ആരാധന നടത്താമെന്നറിയിച്ച് നിരവധി പ്രലോഭനങ്ങളുമായി കോളനിയിലെത്തിയിരുന്ന മറ്റ് പ്രാര്‍ത്ഥനാ സംഘങ്ങളെയെല്ലാം പൊത്തോടിലെ വനവാസികള്‍ ഒന്നടങ്കം തിരികെ അയക്കുകയായിരുന്നു. പകരം സേവാഭാരതിയോട് ആവശ്യപ്പെട്ടത് തങ്ങള്‍ക്ക് ആരാധിക്കാന്‍ ഒരു പ്രതിഷ്ഠയോടുകൂടിയ ക്ഷേത്രം. വനവാസികളുടെ ആവശ്യപ്രകാരം ഉപരി സേവാഭാരതി ക്ഷേത്ര നിര്‍മാണത്തിന് മുന്‍കൈയെടുക്കുകയായിരുന്നു. കോട്ടൂര്‍ ടൗണില്‍ നിന്നും 28 കിലോമീറ്ററോളം കാട്ടിലൂടെവേണം ക്ഷേത്രനിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍. വനവാസികള്‍ മുന്‍കൈയെടുത്ത് വേണ്ടുന്ന സാധനങ്ങള്‍ എല്ലാം എത്തിച്ച് ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കി.
രാത്രിയിലാണ് ശിവപ്രതിഷ്ഠ നടത്തിയത്. വേദമന്ത്രോച്ചാരണങ്ങളോ വാദ്യമേളങ്ങളോ തന്ത്രശാസ്ത്രമോ പ്രതിഷ്ഠാ കര്മ്മത്തിന് ഇല്ലായിരുന്നു. സൂര്യസ്തുതി മുതല്‍ ഗംഗയെയും വണങ്ങി മലദൈവങ്ങളെ തങ്ങളുടെ ദേവാലയത്തിലേക്ക് ക്ഷണിച്ച് വരുത്തുന്ന ചാറ്റുപാട്ട്.
അവരുടെ വേദവും മന്ത്രവുമെല്ലാം ചാറ്റുപാട്ടിലൂടെ. ചാറ്റുപാട്ടിനൊടുവില് ഈച്ചങ്ങന്കാണി ശിവപ്രതിഷ്ഠയും നടത്തി. ഇനിയുള്ള ദിവസങ്ങളിലെ മുഖ്യ പൂജാരിയും ഈച്ചങ്ങന് കാണിയായിരിക്കും. അഗസ്ത്യ ഗുരുവിന് അരിമാവും കദളിപഴവും, മലമുത്തപ്പന്മാര്ക്ക് അവിലും പഴവും (കൊടുതി നിവേദ്യം) നല്‍കിയശേഷം തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരിപാര്‍വ്വതിഭായി ക്ഷേത്ര സമര്‍പ്പണവും നടത്തിയതോടെ വനവാസികള്‍ കാല്‍നൂറ്റാണ്ടായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹത്തിനു സാക്ഷാത്ക്കാരമായി.
നൂറ്റാണ്ടുകളായി കവടിയാര്‍ കൊട്ടാരത്തില്‍ നടന്നു വരുന്ന ചടങ്ങാണ് വനവാസികളുടെ ഓണം കാണല്‍ ചടങ്ങ്. പൊത്തോട്ടെ മുതിര്‍ന്ന കാണി, മല്ലന്കാണിയാണ് ചടങ്ങിന് നേതൃത്വം നല്‍കുന്നത് . കാട്ടില്‍ വിളയിച്ച പച്ചക്കറികളും മറ്റു വനവിഭവങ്ങളും, കുട്ടയിലും വട്ടിയിലുമായി വനവാസികള്‍ ഉത്രാടത്തലേന്ന് മലയിറങ്ങി കൊട്ടാരത്തില്‍ വന്ന് ഓണ വിഭവങ്ങള്‍ സമര്‍പ്പിക്കും. മടക്കയാത്രയില്‍ മറ്റ് പ്രതിഫലമെന്നും കാടിന്റെ മക്കള്‍ കൊട്ടാരത്തില്‍ നിന്നും ആവശ്യപ്പെടാറില്ല. ഒരേയൊരു ആഗ്രഹം; മലകയറി തമ്പുരാട്ടിമാര്‍ തങ്ങളുടെ ഊരുകളിലൊന്ന് വരണം. പതിറ്റാണ്ടിന്റെ പഴക്കമുള്ള ആഗ്രഹത്തിന് ഗൗരി പാര്‍വ്വതിഭായി ദേവാലയ സമര്‍പ്പണത്തിന് എത്തിയതോടെ സാഫല്യമായി.
പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തിനു കൊടിയേറിക്കഴിഞ്ഞാല്‍ കൊട്ടാരത്തില്‍ നിന്ന് ആരും മറ്റ് ആഘോഷപരിപാടികളില്‍ പങ്കെടുക്കാറില്ല. ഭഗവാന് നിശ്ചയിച്ച സമയം ഇതായതിനാലാണ് ദുര്‍ഘടമായ പാതകള്‍ താണ്ടി എനിക്ക് ഇവിടെ വരാന്‍ കഴിഞ്ഞതെന്ന് ഗൗരിപാര്‍വ്വതിഭായി. ഓണ വിഭവങ്ങളോടൊപ്പം കൊണ്ടുവരുന്ന വലിയ ഈറ വട്ടികള്‍ പത്മനാഭസ്വാമിക്കാണ് സമര്‍പ്പിക്കാറ്. പൂക്കളും പൂജാദ്രവ്യങ്ങളും സൂക്ഷിക്കാനായി അതുപയോഗിക്കുന്നു. പ്ലാസ്റ്റിക്ക് ബാഗുകളുടെ കൃത്രിമത്വം അവിടെയെങ്കിലും തടയാന്‍ സാധിക്കുമെന്നും മല്ലന്‍കാണിയെ വണങ്ങിക്കൊണ്ട് ഗൗരി പാര്‍വ്വതിഭായി പറയുന്നു.
പഠിക്കാം ഭയമില്ലാതെ
മാനത്ത് മഴക്കാറുകണ്ടാലോ, ആനക്കൂട്ടം ഇറങ്ങിയാലോ പേടികൂടാതെ നാട്ടിലെ സ്കൂളില്‍ ഇരുന്ന് പഠിക്കുന്നതുപോലെ ഇനി പൊത്തോടിലെ വനവാസി കുട്ടികള്‍ക്കും പഠിക്കാം. പുല്ല് മേഞ്ഞ കൂരയ്ക്ക് കീഴിലെ പഠനത്തില്‍ നിന്നുമാറി കോണ്‍ക്രീറ്റ് കെട്ടിടത്തിലെ പഠനമെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലായിരുന്നു അവര്‍. അഞ്ചോളം ക്ലാസ്സുകള്‍ നടത്താന്‍ സൗകര്യത്തിലുള്ള കോണ്‍ക്രീറ്റ് കെട്ടിടമാണ് സേവാഭാരതി വിദ്യാലയത്തിനായി നിര്‍മിച്ച് നല്‍കിയത്.
എല്‍കെജി മുതല്‍ നാലുവരെ ക്ലാസ്സുകളിലായി 56 കുട്ടികള്‍ ഇവിടെ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നു. അതിനു ശേഷം പെണ്‍കുട്ടികള്‍ കോട്ടൂര്‍ അഗസ്ത്യകുടീരത്തിലും ആണ്‍കുട്ടികള്‍ കിള്ളി അഗസ്ത്യാശ്രമത്തിലും തുടര്‍ വിദ്യാഭ്യാസം നടത്തുന്നു. വയനാട് ചുരം ഇറങ്ങി അഗസ്ത്യമലകയറിയെത്തി വനവാസി വികാസകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമനായിരുന്നു വിദ്യാലയ കെട്ടിടം വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിച്ചത്.
കൊടുംകാട്ടിലും സേവനം വ്രതമാക്കി പ്രവര്‍ത്തനത്തിനെത്തുന്ന സേവാവൃതി പ്രവര്‍ത്തകര്‍ക്കും വനവാസികളെ പോലെ സന്തോഷിക്കാം. പുല്ല് മേഞ്ഞ കുടിലിലെ കൊടും തണുപ്പില്‍ നിന്നും ആശ്വാസം. സേവാവൃതിക്കാര്ക്ക് താമസിക്കാനായി പുതിയ കോണ്‍ക്രീറ്റ് മന്ദിരം. മൂന്ന് പതിറ്റാണ്ടായി പുല്ല് മേഞ്ഞ കുടിലുകളില്‍ താമസിച്ചായിരുന്നു വനവാസി കുട്ടികള്‍ക്ക് അറിവിന്റെ ബാലപാഠങ്ങള്‍ സേവാവൃതിപ്രവര്ത്തകര് പകര്‍ന്ന് നല്‍കിയിരുന്നത്. പ്രതിഫലേച്ഛയൊന്നും ഇല്ലാതെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തി ഇവര്‍ കൊടും കാട്ടില്‍ പ്രവര്‍ത്തിച്ചു വരുന്നു. 1982ല്‍ ആമലയിലായിരുന്നു ആദ്യ പ്രവര്‍ത്തനം. ചാത്തന്‍പാറയിലെ അയ്യപ്പന്കാണിയുടെ മകള്‍ രാജമ്മയായിരുന്നു ആദ്യത്തെ സേവാവൃതി.
1989ല്‍ ആമലയില്‍ നിന്നും സേവാവൃതി പ്രവര്‍ത്തനം പൊത്തോടിലേക്ക് മാറ്റി. തുടര്‍ന്ന് മലപ്പുറത്ത് നിന്നെത്തിയ സേവാവൃതി സുഭദ്രയുടെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ നിരവധി സേവാവൃതികളെ പൊത്തോട് നിന്നും പരിശീലിപ്പിച്ചെടുത്തു. ഇവരിപ്പോള്‍ മറ്റുകേന്ദ്രങ്ങളിലെ പ്രവര്‍ത്തനത്തിന് പോകുന്നു. നിലവിലെ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്, വനവാസികള്‍ പ്രായം മറന്ന് സ്നേഹത്തോടെ ശോഭാമ്മയെന്നു വിളിക്കുന്ന കോഴിക്കോട് സ്വദേശി ശോഭയാണ്. കഴിഞ്ഞ ഒമ്പതുവര്‍ഷമായി ശോഭയാണ് പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരനായിരുന്നു സേവാവൃതി സേവാ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
പരിഷ്കൃത സമൂഹത്തില്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന സ്നേഹ ബന്ധങ്ങളും കുടുംബബന്ധങ്ങളും എങ്ങനെ നിലനിര്‍ത്തണമെന്നും പൊത്തോട് ഊരുകളിലെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. വിവാഹ മോചനം കാത്ത് കോടതി വരാന്തകളിലെത്തുന്നവര് കണ്ടു പഠിക്കണം മൂത്തകാണി മല്ലന്‍കാണിയുടെ കൂടുംബജീവിതം. കൃത്യമായി വയസ്സ് അറിയില്ലെങ്കിലും ഏകദേശം എണ്‍പതോട് അടുത്ത പ്രായം. എവിടെ പോയാലും ഭാര്യ നീലമ്മകാണിയും കൂടെ ഉണ്ടാകണം. മന്ദിര ഉദ്ഘാടനത്തിന്റെ വേദിയിലും മല്ലന്കാണിയോടൊപ്പം നീലമ്മകാണിയെ വേദിയിലിരുത്തണമെന്ന നിര്‍ബന്ധത്തിന് മുന്നില്‍ സംഘാടകര്‍ക്കും മുട്ടു മടക്കേണ്ടിവന്നു.
മലമുകളില്‍ മാറ്റത്തിന്റെ കാറ്റ് കൊണ്ടുവന്ന സേവാഭാരതി പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതിന്റെ സന്തോഷത്തിലാണിപ്പോള്‍. മൂന്നുപതിറ്റാണ്ടായി ഊരുകളിലെ എല്ലാ ആവശ്യങ്ങളും മുടക്കം കൂടാതെ നടത്തിവരുന്നതിന് ചുക്കാന്‍പിടിക്കുന്ന വിഭാഗ് സേവാപ്രമുഖ് എസ്. രാമചന്ദ്രനും, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിജയനും. എല്ലാമാസവും രണ്ടുംമൂന്നും തവണ ഇവര്‍ മലകയറുന്നു കാടിന്റെ മക്കളുടെ ക്ഷേമത്തിന് ഒരു കുറവും വരാതിരിക്കാന്‍. ഇവര്‍ക്കും സന്തോഷത്തോടെ ഇനിമലയിറങ്ങാം. സാമൂഹിക പരിക്രമത്തിന്റെ ത്രിമൂര്‍ത്തി സംഗമത്തോടെ വനവാസികള്‍ക്ക് ഇനിപഠിക്കാം, പ്രാര്‍ത്ഥിക്കാം പേടികൂടാതെ. ഒരു സ്വപ്നം യാഥാര്‍ത്ഥ്യമായതില്‍ അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: