തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം. ഉപദ്വീപായ ഇന്ത്യയുടെ മുഖ്യഭൂമിയില്‍നിന്നും പാമ്പന്‍ കനാലിനാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്ന പാമ്പന്‍ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാര്‍ ദ്വീപില്‍നിന്നും ഏകദേശം അന്‍പത് കിലോമീറ്റര്‍ അകലെയാണ് പാമ്പന്‍ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പന്‍ ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമായി പാമ്പന്‍ പാലത്തിനാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീര്‍ഥാടനകേന്ദ്രവുമാണ് രാമേശ്വരം.
മന്നാര്‍ കടലിടുക്കിലാണ് രാമേശ്വരത്തിന്റെ സ്ഥാനം. രാമായണം എന്ന ഇതിഹാസകാവ്യമനുസരിച്ച്, ലങ്കാപതിയായ രാവണനാല്‍ അപഹരിക്കപ്പെട്ട തന്റെ പത്നി സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമന് ഭാരതത്തില്‍ നിന്നും ശ്രീലങ്കയിലേക്ക് പാലം നിര്‍മിച്ച സ്ഥലമാണിത്. ശ്രീരാമചന്ദ്രനാല്‍ ശിവപ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. രാമന്റെ ഈശ്വരന് വാണരുളുന്ന ദേശം എന്ന അര്‍ഥത്തില്‍ ഈ പ്രദേശത്തിന് രാമേശ്വരം എന്ന് നാമം.
ഐതിഹ്യം
ആദികാവ്യമായ രാമായണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. ഭാരത ഉപദ്വീപത്തില്‍നിന്ന് ലങ്കയിലെത്തിച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമന് വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം. രാമായണത്തില്‍ ഈ കഥ സേതുബന്ധനം എന്ന് പരാമര്‍ശിക്കപ്പെടുന്നു. സേതു എന്നാല്‍ പാലം അഥവാ അണ എന്നര്‍ഥം. രാമായണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.
പാലത്തിന് നിര്‍മാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമന് തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്കോടി. രാവണനെ പരാജയപ്പെടുത്തിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ രാമന് വിഭീഷണന്റെ അഭിപ്രായം മാനിച്ച് തന്റെ വില്ലിന്റെ മുനകൊണ്ട് സേതുവിനെ ഉടയ്ക്കയാല്‍ ധനുഷ്കോടി എന്ന സ്ഥലനാമം ഉണ്ടായിയെന്ന അഭിപ്രായവുമുണ്ട്. മഹോതതിയും രത്നാകരവും സന്ധിക്കുന്ന ധനുഷ്കോടിയില്‍ മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ ഫലം സമ്പൂര്‍ണമായി ലഭിക്കൂ എന്നാണ് വിശ്വാസം.
രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാന്‍ മഹര്‍ഷികള്‍ നിര്‍ദേശിച്ചുവത്രെ.
പ്രതിഷ്ഠ നടത്തുവാന്‍ മുഹൂര്‍ത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരാന്‍ ഹനുമാനെ അയച്ചതായും വിദൂരത്തുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാന്‍ ഹനുമാന് കാലതാമസം നേരിട്ടതിനാല്‍, സീതാദേവി തന്റെ കരങ്ങളാല്‍ മണലില്‍ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂര്‍ത്തസമയത്തുതന്നെ പൂജാദിക്രിയകള് അനുഷ്ഠിച്ചതായും പറയപ്പെടുന്നു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാന് പൂജ കഴിഞ്ഞതുകണ്ട് കോപാകുലനായെന്നും ഹനുമാനെ സാന്ത്വനിപ്പിക്കുന്നതിനായി രാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാന് കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമന് കല്പിച്ചുവത്രെ.
ശ്രീ രാമനാഥസ്വാമിയും അദ്ദേഹത്തിന്റെ ധര്‍മപത്നിയായ ശ്രീ പര്‍വതവര്‍ത്തിനിയമ്മയുമാണ് രാമേശ്വരം ശ്രീ രാമനാഥസ്വാമിക്ഷേത്രത്തിലെ മുഖ്യദേവതകള്‍. മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നിലകൊള്ളുമ്പോള്‍, ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീസന്നിധിയുള്ളത്. ഭക്തജനങ്ങള്‍ ഇതൊരു സവിശേഷതയായി കാണുന്നു.
വൈഷ്ണവരും ശൈവരും ഒരുപോലെ തീര്‍ഥാടനത്തിനെത്തുന്ന സ്ഥലമാണ് രാമേശ്വരം ക്ഷേത്രം. ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീര്‍ഘമായ പ്രാകാരങ്ങള്‍ (പ്രദക്ഷിണത്തിനുള്ള ഇടവഴികള്‍) പ്രശസ്തമാണ്. ഇവയില്‍ത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈര്‍ഘ്യത്താല്‍ കീര്‍ത്തികേട്ടതാണ്. ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികള്‍ കരുതിപ്പോരുന്നു.
രാമേശ്വരം ക്ഷേത്രത്തില്‍ നിന്ന് വടക്കായി രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ ഗന്ധമാദനപര്‍വതം സ്ഥിതിചെയ്യുന്നു. ഇവിടെ മണ്‍തിട്ടയുടെ മുകളില്‍ തളത്തോടുകൂടിയ മണ്ഡപം നിര്‍മിച്ചിരിക്കുന്നു. ഈ മണ്ഡപത്തില്‍ ശ്രീരാമന്റെ പാദങ്ങള്‍ കാണാം.
കോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തില്‍നിന്ന് ഏകദേശം ഏഴുകിലോമീറ്റര്‍ തെക്കായി ധനുഷ്കോടിയിലേക്കുള്ള മാര്‍ഗമധ്യേ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തുവച്ചാണ് വിഭീഷണന് ശ്രീരാമനെ ആശ്രയം പ്രാപിച്ചതെന്നും ലക്ഷ്മണന് വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. കോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തില്‍ രാമലിംഗപ്രതിഷ്ഠോത്സവം നടക്കുന്നു.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്ലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ആഞ്ജനേയക്ഷേത്രവും തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു. രാമസേതുനിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം. രാമനാഥസ്വാമിക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള സമുദ്രഭാഗം അഗ്നിതീര്‍ഥം എന്നറിയപ്പെടുന്നു. തീര്‍ഥാടകര്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്.
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കില്‍ സേതു റോഡിലാണ് രാമതീര്‍ഥം. ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കില്‍ സേതു റോഡില്‍ രാമതീര്‍ഥത്തിനടുത്തായാണ് ലക്ഷ്മണതീര്‍ഥം. ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കില്‍ സേതു റോഡില്‍ രാമതീര്‍ഥത്തിനടുത്തായാണ് സീതാതീര്‍ഥം. രാമേശ്വരം ക്ഷേത്രത്തില്‍ നിന്നും ഏകദേശം നാല് കിലോമീറ്റര്‍ തെക്കായി സ്ഥിതിചെയ്യുന്ന തീര്‍ഥമാണ് ജടായുതീര്‍ഥം.
രാവണനിഗ്രഹം കഴിഞ്ഞ് മടങ്ങിവന്ന ശ്രീരാമന് തന്റെ വസ്ത്രങ്ങള്‍ കഴുകിയ ജലാശയമാണിത് എന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീരാമന് ലങ്കയില്‍നിന്ന് സീതാദേവിയെ മോചിപ്പിച്ച് വരും വഴിയില്‍ ദേവിക്ക് ദാഹശമനം നടത്തുന്നതിനായി ഒരു സ്ഥലത്ത് ബാണം എയ്തുവെന്നും അവിടെ ഒരു ശുദ്ധജലപ്രവാഹമുണ്ടായതായും വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലത്തിന് വില്‍ ഊന്റി എന്നും പേരുണ്ട്. സമുദ്രമധ്യത്തിലുള്ള രാമേശ്വരം ദ്വീപില്‍ കാണപ്പെടുന്ന ഈ ശുദ്ധജലസ്രോതസ് തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു.
രാമേശ്വരം നഗരത്തിനു സമീപമുള്ള തങ്കച്ചിമഠം എന്ന സ്ഥലത്താണ് വില്ലൂന്റി. രാമനാഥപുരത്തുനിന്ന് പതിനഞ്ചുകിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ദേവിപട്ടണം അഥവാ നവപാഷാണം. ദേവീക്ഷേത്രമാണ് മുഖ്യആകര്‍ഷണം. നവഗ്രഹങ്ങളെ സങ്കല്പിച്ച് ഒന്‍പത് ശിലകള്‍ ശ്രീരാമന് ഇവിടെ കടലോരത്ത് സ്ഥാപിച്ചു എന്നാണ് ഐതിഹ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: