കൊച്ചി: സയ്യദ് മുഷ്ത്താഖ് അലി ട്രോഫിക്കുവേണ്ടിയുള്ള ട്വന്റി 20 ക്രിക്കറ്റില്‍ കേരളത്തിന് വീണ്ടും തോല്‍വി. ഇന്നലെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ആന്ധ്രാപ്രദേശാണ് കേരളത്തെ അഞ്ച് വിക്കറ്റിന് കീഴടക്കിയത്.
ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തില്‍ അഞ്ച് കളികളില്‍ നിന്ന് കേരളത്തിന്റെ മൂന്നാം തോല്‍വിയാണിത്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് മാത്രമാണെടുത്തത്. 28 റണ്‍സെടുത്ത സഞ്ജു വി. സാംസണാണ് ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സച്ചിന് ബേബി 21 റണ്‍സുമെടുത്തു. കര്‍ണാടകക്ക് വേണ്ടി ശ്രീനാഥ് അരവിന്ദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കര്‍ണാടക 15.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 118 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. കര്‍ണാടകക്ക് വേണ്ടി മയാങ്ക് അഗര്‍വാള്‍ 47 പന്തില്‍ നിന്ന് അഞ്ച് ഫോറും നാല് സിക്സറുമടക്കം 68 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പവന് ദേശ്പാണ്ഡെ 29 റണ്‍സുമെടുത്തു. ദേശ്പാണ്ഡെയുടെ ട്വന്റി 20 അരങ്ങേറ്റമായിരുന്നു ഈ മത്സരം. കേരളത്തിന് വേണ്ടി ബാസില്‍ തമ്പി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
കളമശ്ശേരി സെന്റ് പോള്‍സ് മൈതാനത്ത് നടന്ന മറ്റൊരു കളിയില്‍ തമിഴ്നാടിനെ 28 റണ്‍സിന് ആന്ധ്രാപ്രദേശ് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ആന്ധ്രാപ്രദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. പുറത്താകാതെ 27 റണ്‍സെടുത്ത കെ.വി. ശശികാന്താണ് ടോപ്സ്കോറര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ തമിഴ്നാടിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മുന്‍നിരതാരങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ട കളിയില്‍ പുറത്താകാതെ 28 റണ്‍സെടുത്ത രാഹില്‍ ഷായും അശ്വിന് ക്രിസ്റ്റു (25 നോട്ടൗട്ട്)മാണ് മികച്ച പ്രകടനം നടത്തിയത്. ആന്ധ്രക്ക് വേണ്ടി അശ്വിന് ഹെബ്ബാര്‍ മൂന്നും ശശികാന്ത് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറ്റൊരു മത്സരത്തില്‍ ഹൈദരാബാദ് ഗോവയെ എട്ട് വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഗോവ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദ് 14.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 121 റണ്‍സ് നേടിയാണ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: