ചേര്‍ത്തല: വീട്ടില്‍ കയറി ദമ്പതികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. രക്ഷപ്പെടലിന് സഹായിച്ചുവെന്നാരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചു. ഇതില്‍ പ്രതിഷേധിച്ച് നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മാര്‍ച്ച് 25ന് പണിമുടക്കി.
ചേര്‍ത്തല നഗരസഭ 10-ാം വാര്‍ഡ് മറ്റത്തില്‍ ലാലനെയും ഭാര്യ ഗീതയെയുമാണ് ഇല്ലത്തുവീട്ടില്‍ ഷിബു വീട്ടില്‍ കയറി ആക്രമിച്ചത്. ചുറ്റികയ്ക്കടിയേറ്റ് ഗീതയുടെ കൈ ഒടിഞ്ഞു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. അതിര്‍ത്തിതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. താലൂക്ക് ആശുപത്രിയില്‍ ഇരുകൂട്ടരും ചികിത്സ തേടിയെത്തി. ഈ സമയം സംഭവം അറിഞ്ഞ് ചേര്‍ത്തല സിഐ: വി.എസ്. നവാസ് മഫ്ടിയില് ആശുപത്രിയിലെത്തി. ഇതെത്തുടര്‍ന്ന് ഷിബു ആശുപത്രിക്ക് പുറത്തിറങ്ങി ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോള്‍ സിഐ ഓട്ടോയില്‍ കയറുകയും വാഹനം പോലീസ് സ്റ്റേഷനിലേക്ക് വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഇതോടെ ഷിബു ഓട്ടോയില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. സിഐ ബലം പ്രയോഗിച്ച് ഈ നീക്കം തടയുന്നതിനിടെ അദ്ദേഹത്തെ മര്‍ദിച്ചശേഷം ഷിബു ഓട്ടോയില്‍ നിന്ന് ഇറങ്ങിയോടി. സ്റ്റേഷന്റെ തൊട്ടടുത്താണ് ഈ നടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സിഐ സ്റ്റേഷനില്‍ അറിയിച്ചിട്ടും പോലീസ് സമയത്ത് എത്തിയില്ലെന്ന് പറയുന്നു. മര്‍ദനമേറ്റ സിഐ ഓട്ടോഡ്രൈവര്‍ സിബിച്ചനെ(39) കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച് മര്‍ദിക്കുകയും ഉടുതുണിയില്ലാതെ ലോക്കപ്പിലടയ്ക്കുകയും ചെയ്തുവെന്ന് തൊഴിലാളിസംഘടനകള്‍ ആരോപിക്കുന്നു. പ്രതിക്ക് രക്ഷപ്പെടാന്‍ സഹായിച്ചെന്നാരോപിച്ചായിരുന്നു നടപടി.
ഇതില്‍ പ്രതിഷേധിച്ച് നഗരത്തിലെ ഓട്ടോഡ്രൈവര്‍മാര്‍ പണിമുടക്കുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് രക്ഷപ്പെട്ട ഷിബുവെന്നും ഓട്ടോ ഡ്രൈവര്‍ സഹായിച്ചിരുന്നുവെങ്കില്‍ പിടികൂടാന്‍ കഴിയുമായിരുന്നുവെന്നും സിഐ: വി.എസ്. നവാസ് പറഞ്ഞു. പ്രത്യേക സാഹചര്യത്തിലാണ് ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുക്കേണ്ടി വന്നതെന്നും വിവരമറിഞ്ഞ് രാത്രി തന്നെ സ്റ്റേഷനിലെത്തി പ്രതിക്ക് വസ്ത്രങ്ങള്‍ നല്കുവാന് നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഡിവൈഎസ്പി: കെ.ജി. ബാബുകുമാര്‍ പറഞ്ഞു. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് മനസ്സിലാക്കിയാണ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: