പാലാ: വീതിയില്ലാത്ത പാലാ-കോഴാ റോഡിലൂടെയുള്ല യാത്ര ദുരിതക്കയമാകുന്നു. റോഡ് വീതി കൂട്ടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. പാലാ മുതല്‍ മരങ്ങാട്ടുപിള്ള വരെയുള്ള ഭാഗത്ത് നാലുവരിപ്പാതയ്ക്കുള്ള സര്‍വ്വേ പൂര്‍ത്തീകരിച്ചെങ്കിലും പണിയാരംഭിച്ചില്ല. ഈ ബജറ്റിലും അനുമതി നല്കാത്തതിനാല് ഉടനെ വീതികൂട്ടല്‍ നടക്കില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ നെല്ലിയാനിഭാഗത്ത് ഒരു യുവാവും മരങ്ങാട്ടുപിള്ളിയില്‍ ഒരു യുവതിയും അപകടത്തില്‍ മരിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ എട്ടുപേരാണ് മരിച്ചത്. പലസ്ഥലങ്ങളിലും ഒരു ബസ് കടന്നുപോകത്തക്ക വീതിപോലും ഇല്ല. താമരക്കുളം, കോഴിക്കൊമ്പ്, ആണ്ടൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ വീതി കുറവായതിനാല്‍ അപകടസാദ്ധ്യത കൂടുതലാണ്.
ശബരിമല തീര്‍ത്ഥാടന സമയത്ത് നിരവധി അയ്യപ്പഭക്തരാണ് ഇതുവഴി കടന്നുപോകുന്നത്. വൈക്കം, എറണാകുളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. തുറവൂര്‍- പമ്പ പാതയില്‍ ഉള്‍പ്പെടുത്തി തുറവൂരുനിന്നും തൈക്കാട്ടുശേരിയുമായി ബന്ധിപ്പിക്കുന്ന തൈക്കാട്ടുശേരി പാലത്തിന്റെ പണി പൂര്‍ത്തിയായി. മാക്കേക്കടവും വൈക്കവും തമ്മില്‍ ബന്ധിപ്പിക്കുന്ന നേരേകടവ്- മാക്കേക്കടവ് പാലത്തിന്റെ സ്ഥലമെടുപ്പ് പൂര്‍ത്തിയായെങ്കിലും പണി ആരംഭിച്ചില്ല. തുറവൂര്‍- പമ്പ ഹൈവേ പദ്ധതിയും പാതിവഴിയില്‍ നിലച്ചു.
പാലാ കോഴാ റോഡിന്റെ വീതി കൂട്ടുന്നതിനുള്ള നടപടികള്‍ ആരംഭിക്കാത്തതിലും ഈ ബജറ്റില്‍ ഭരണാനുമതി നല്‍കാത്തതിലും ബിഎംഎസ് പാലാ മേഖലാ കമ്മറ്റി പ്രതിഷേധിച്ചു. മേഖലാ പ്രസിഡന്റ് എം.എസ്. ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സാബു വര്‍ഗീസ്, കെ.ജി. ഗോപകുമാര്‍, കെ.എസ്. ശിവദാസന്‍, മായാമോഹനന്‍, പ്രദീപ്, ഹരികൃഷ്ണന്, നാരായണ കൈമള്‍, ഇ.കെ. സുകുമാരന്‍, ജയാചന്ദ്രന്‍, ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: