വൈക്കം: നഗരസഭയുടെ സമഗ്രമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കി വൈസ് ചെയര്മാന് അബ്ദുല്‍ സലാം റാവുത്തര്‍ ബജറ്റ് അവതരിപ്പിച്ചു. 18 കോടിയിലധികം രൂപ വരവും 17 കോടിയിലധികം രൂപ ചെലവും 71 ലക്ഷത്തിലധികം രൂപ നീക്കിയിരിപ്പുമുള്ള മതിപ്പ് ബജറ്റാണ് വൈസ് ചെയര്മാന് അവതരിപ്പിച്ചത്.
മാലിന്യ സംസ്കരണ പ്ലാന്റിന്റെ ചുറ്റുമതില്‍ നിര്‍മിക്കുന്നതിനുവേണ്ടി 15 ലക്ഷം രൂപയും അനുബന്ധ സൗകര്യങ്ങള്‍ക്കായി ഏഴ് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനായി ആറ് ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ആധുനിക അറവുശാല നിര്‍മിക്കുന്നതിന് നിലവില്‍ മാറ്റിവെച്ചിട്ടുള്ള തുകയ്ക്ക് പുറമെ ആവശ്യമായ സാങ്കേതികാനുമതി ലഭിക്കുമ്പോള്‍ ബാക്കി തുക അനുവദിക്കുമെന്ന്ബജറ്റ് പറയുന്നു. സ്പോണ്‍സര്‍മാരുടെ സഹായത്തോടുകൂടിയും പ്രവേശനഫീസ് ഈടാക്കിയും നഗരസഭ പാര്‍ക്കും കുട്ടികളുടെ പാര്‍ക്കും മനോഹരമാക്കുന്നതിനും വേണ്ടി അഞ്ച് ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. എല്ലാ പ്രധാന റോഡുകളിലും എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് പത്ത് ലക്ഷം രൂപ വകയിരുത്തി. വീടുകളില്‍ ജൈവകൃഷിക്കടക്കം കാര്‍ഷികമേഖലക്ക് പ്രോത്സാഹനത്തിനായി വകയിരുത്തിയിരിക്കുന്നത് അഞ്ച് ലക്ഷം രൂപയാണ്. ക്ഷീരകര്‍ഷകര്‍ക്കായി 20 ലക്ഷം രൂപ വക കൊള്ളിച്ചിട്ടുണ്ട്. തെരുവ് നായ്ക്കളുടെ നിര്‍മാര്‍ജ്ജനത്തിന് എ.ബി.സി പ്രോഗ്രാം നടപ്പിലാക്കുന്നതിന് നാല് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നഗരത്തില്‍ സോളാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സി.സി ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി മൂന്ന് ലക്ഷം രൂപ നീക്കവെച്ചു.
ആയിരക്കണക്കിന് യാത്രക്കാര്‍ക്കും യാത്രാവാഹനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നതിനുള്ള പദ്ധതി നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ല. ഫയര്‍ സ്റ്റേഷന് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങളൊന്നും ഇല്ല. ക്ഷേത്രനഗരമായ വൈക്കത്തിന്റെ സാംസ്കാരിക പ്രാധാന്യവും അതിമനോഹരമായ പ്രകൃതി-കായല്‍ ഭംഗിയും ഉപയോഗപ്പെടുത്തി ടൂറിസം രംഗത്തെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതികളൊന്നും ബജറ്റിലില്ല. വൈക്കത്തെ വിവിധ തോടുകള്‍, ആറുകള്‍ തുടങ്ങിയവ ടൂറിസം മേഖലയില്‍ പ്രവര്‍ത്തനക്ഷമമാക്കും എന്നല്ലാതെ ഇതിനുള്ള പദ്ധതികളൊന്നും ഇല്ല. വാട്ടര്‍ സ്കൂട്ടറുകള് ചെറുവള്ളങ്ങള്‍, ഐസ്ക്രീം പാര്‍ലറുകള്‍, വഴിയോര ബഞ്ചുകള്‍ തുടങ്ങി മനോഹരമായ വിനോദസഞ്ചാര സാധ്യതകളുള്ള കെ.വി കനാലിന് സമഗ്രമമായ ഒരു ടൂറിസം പദ്ധതി അവതരിപ്പിക്കാന്‍ ബജറ്റില്‍ കഴിഞ്ഞിട്ടില്ല. കനാല്‍ വൃത്തിയാക്കുന്നതിന് രണ്ട് ലക്ഷം രൂപ മാത്രമാണ് മാറ്റിവെച്ചിട്ടുള്ളത്. പാലിയേറ്റീവ് കെയര്‍, വയോമിത്രം പദ്ധതി, അംഗന്‍വാടികള്‍ തുടങ്ങിയവക്ക് പരിഗണന നല്‍കിയിട്ടുണ്ടെങ്കിലും മതിയായ തുക ബജറ്റില്‍ വകയിരുത്തിയിട്ടില്ലആയുര്വേദ, ഹോമിയോ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ തുക മാറ്റിവെച്ചുവെന്ന് അവകാശപ്പെടാനാവില്ല..
ഒറ്റ നോട്ടത്തില്‍ നഗരത്തിലെ എല്ലാ മേഖലകളെയും ബജറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും മതിയായ തുക വകയിരുത്താന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളത് ബജറ്റിന്റെ പോരായ്മയായി ചൂണ്ടികാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: