തുറവൂര്‍: പതിനാലുസെന്റ് സ്ഥലം പൊതുറോഡിനു നല്കി എരമല്ലൂര്‍ കുളമ്പുകാട്ട് ശിവശങ്കരക്കുറുപ്പ് മാതൃകയായി. ഒരടിസ്ഥലത്തിനു കോടതിയും പോലീസ് സ്റ്റേഷനും കയറിയിറങ്ങുന്ന പാരമ്പര്യമുളള പലരും പൊതുവഴികള്ക്ക് തടസമായി എതിര്‍പ്പുകളുമായി രംഗത്തുനില്ക്കുമ്പോഴാണ് ഒരു ലക്ഷത്തില്‍പ്പരം രൂപയോളം സെന്റിനു വിലമതിക്കുന്ന 14 സെന്റ് സ്ഥലം എഴുപുന്ന ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കണ്ണാട്ട് ദലിത് കോളനി റോഡിനുവേണ്ടി ശിവശങ്കരക്കുറുപ്പ് വിട്ടു നല്‍കിയത്. കായ്ഫലമുളള 11 തെങ്ങുകളും ഫലവൃക്ഷങ്ങളും റോഡിനുവേണ്ടി വെട്ടി മാറ്റുകയും ചെയ്തു. ജില്ലാപഞ്ചായത്ത് 31 ലക്ഷം രൂപമുടക്കി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി. 500 മീറ്റര്‍ നീളമുളള റോഡ് നൂറുകണക്കിനു നാട്ടുകാര്‍ക്ക് ഉപകാരമായി. പൊതുവഴിക്കുവേണ്ടി സൗജന്യമായി ഭൂമി വിട്ടു നല്കിയ ശിവശങ്കരക്കുറുപ്പിനെ എഴുപുന്ന ഗ്രാമപഞ്ചായത്ത് ആദരിക്കും. കണ്ണാട്ട് ഹരിജന്‍ കോളനി നിവാസികള്‍ ശിവശങ്കരക്കുറുപ്പിനെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: