കൊട്ടാരക്കര: പിള്ള ഇടത്തോട്ടെങ്കില്‍ അണികള്‍ ബിജെപിയിലെക്കും കോണ്‍ഗ്രസിലെക്കും ചേക്കേറാന്‍ ചര്‍ച്ചകള്‍ തുടങ്ങി. പിള്ള ഇടതുപക്ഷത്തേക്ക് ചായുമെന്ന് ഏതാണ്ട് ഉറപ്പായതോടെ എന്നും ഇടതുപക്ഷത്തോടെ എതിര്‍പ്പ് പുലര്‍ത്തിയിരുന്ന നല്ലൊരു വിഭാഗം അണികളാണ് ഈ നീക്കത്തിന് പിന്നില്‍.
സ്വന്തം താല്പര്യസംരക്ഷണത്തിന് വേണ്ടി ജയിലില്‍ അടച്ചവരുമായി പോലും സന്ധിചെയ്ത പിള്ളയുടെ നിലപാടാണ് ഇവരെ ചൊടിപ്പിച്ചിരുക്കുന്നത്. ഇതില്‍ കൂടുതലും പ്രായമായവരും യുവജനങ്ങളുമാണ്. അധികാരസ്ഥാനങ്ങള്‍ക്ക് വേണ്ടി ഒപ്പം നില്ക്കുന്നവര് മാത്രമാണ് ഇടതുപക്ഷ ബാന്ധവത്തിനൊപ്പം കൂടുന്നത്.
ഇതില്‍ ഒരു വിഭാഗം ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തികഴിഞ്ഞു. എന്നും കോണ്‍ഗ്രസ് ചേരിയോട് ചായ്വ് പ്രകടിപ്പിച്ചിരുന്നവര് അവര്‍ക്കൊപ്പം ചേരാനുള്ള നീക്കവും തുടങ്ങി. ഇതോടെ പിള്ള ഇടതുപക്ഷത്തേക്ക് പോയാല്‍ നല്ലൊരു വിഭാഗം അണികളും കൂടെ പോകില്ലന്ന് ഉറപ്പായി കഴിഞ്ഞു. കൊട്ടാരക്കര, പത്തനാപുരം മണ്ഡലങ്ങളിലെ അണികളാണ് പ്രധാനമായും ഇതിന് പിന്നില്‍. നേതാവിനെ ജയിലില്‍ അടച്ചത് കൂടാതെ തങ്ങളെ ദ്രോഹിച്ചവരുമായും ഒരിക്കലും കൂട്ടുകൂടാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്.
രാഷ്ട്രീയത്തില്‍ ശത്രുക്കളും മിത്രങ്ങളും ഇെല്ലന്ന് പുറംമേനിക്ക് പറയാന്‍ അധികാരം വേണ്ടവര്‍ക്ക് മാത്രമെ കഴിയൂ. തങ്ങള്‍ക്ക് അതുവേണ്ടാത്തതിനാലാണ് പിള്ളക്ക് ഒപ്പം പോകാത്തത്. ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ ഉടന്‍ ഇവര്‍ തീരുമാനം പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച് തങ്ങള്‍ക്കൊപ്പം നില്ക്കുന്നവരുമായി ഇവര്‍ ആശയവിനിമയം നടത്തുന്നുണ്ട്. പിള്ളയാകട്ടെ താന്‍ ഇടതുപക്ഷത്തെത്തി എന്ന രീതിയിലാണ് പെരുമാറുന്നത്.
മദനിയെ പിറക്കാതെ പോയ മകന് എന്നുവരെ വിശേഷിപ്പിച്ചായിരുന്നു ഒരുകാലത്ത് പിള്ളയുടെ സഞ്ചാരം. എന്നാല്‍ ഇവരില്‍ നിന്ന് തിക്താനുഭവം ഉണ്ടായതോടെ ന്യൂനപക്ഷ പ്രീണനം കഴിഞ്ഞ കുറെ നാളായി പിള്ള ഉപേക്ഷിച്ചിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വീണ്ടും പ്രീണനവുമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ ഹിന്ദുസംസ്കാരത്തിനെതിരെ നടത്തിയ വിമര്‍ശനം ഇതാണ് തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: