കൊല്ലം: ജില്ല കേന്ദ്രീകരിച്ച് ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പ്പന നടത്തിവന്ന മൂന്നുപേര്‍ പോലീസ് പിടിയിലായി. പള്ളിത്തോട്ടം ചേരിയില്‍ പോര്‍ട്ട് കൊല്ലം ഗലീലിയോ നഗര്‍ 70ല്‍ വിനോദ് (33), ജോനകപ്പുറം ചേരിയില്‍ ചന്ദനഴികം വീട്ടില്‍ ജെ. ബി. ആര്. എ. 306-ല്‍ ഹുസൈന് മകന് നൗഫല്‍ (23), കൊല്ലം മുണ്ടയ്ക്കല്‍ മുണ്ടയ്ക്കല്‍ ഈസ്റ്റ് ചേരിയില്‍ പുളിമൂട് ജംഗ്ഷന് സമീപം ഷൈന്‍ (28) എന്നിവരെയാണ് പിടികൂടിയത്. കഞ്ചാവും ഓട്ടോയും കസ്റ്റഡിയിലെടുത്തു.
കൊല്ലത്ത് വിവിധ സ്ഥലങ്ങളില്‍ ആട്ടോറിക്ഷയില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പ്പന നടത്തുകയാണ് ഇവരുടെ രീതി. ആവശ്യപ്പെടുന്നവര്‍ക്ക് പറയുന്ന സമയത്തും സ്ഥലത്തും ഇവര്‍ കഞ്ചാവ് എത്തിച്ചുകൊടുക്കും. തമിഴ്നാട്ടില്‍ നിന്നും കിലോക്ക് 5000 രൂപാ മുതല്‍ 6000 രൂപാവരെ നിരക്കില്‍ വാങ്ങി കൊണ്ടുവന്ന് ചെറുപൊതികളാക്കി 100 രൂപക്കും 200 രൂപക്കും വില്‍ക്കുകയും വിറ്റുകിട്ടുന്ന തുക വീതിച്ചെടുക്കുകയുമാണ് ഇവരുടെ രീതി.
പിടികൂടുമ്പോള്‍ നൂറോളം ചെറുകഞ്ചാവ് പൊതികളും കഞ്ചാവ് വിറ്റ് കിട്ടിയ തുകയും ഇവരുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു. കോളേജ് വിദ്യാര്‍ത്ഥികളടക്കം നഗരത്തിലെ നിരവധിപേര്‍ ഇവരുടെ ഇടപാടുകാരാണ്. നഗരത്തില്‍ കഞ്ചാവിന്റെ ഉപയോഗം കൂടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സുരേഷ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേകം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്.
സേവ് ക്യാമ്പസ്, ക്ലീന്‍ ക്യാമ്പസ്സിന്റെ ഭാഗമായി മയക്കുമരുന്ന്-പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ കര്‍ശനനടപടികള്‍ തുടരുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: