കടുത്തുരുത്തി: കുറുപ്പന്തറ ജംഗ്ഷനിലെ അപകടാവസ്ഥ പരിഹരിക്കുന്നതിന് മാഞ്ഞൂര്‍ പഞ്ചായത്തു റോഡ് സേഫ്റ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടതു പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 17 ലക്ഷം രൂപയുടെ പ്രോജക്ടിന് അനുമതിയായി. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും.
നിരവധി അപകടങ്ങള്‍ സംഭവിച്ച കുറുപ്പന്തറ – പുളിന്തറ വളവ് കാണക്കാരി, അമ്പലം ജംഗ്ഷന്, ആപ്പാഞ്ചിറ ഫയര്‍ സ്റ്റേഷന് വളവ് എന്നിവിടങ്ങളില്‍ അപകട സൂചന അറിയിക്കുന്ന ബ്ലിങ്കിങ് ലൈറ്റുകളും ഇതോടൊപ്പം സ്ഥാപിക്കുന്നതിന് അനുമതിയായതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ് സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇതിനാവശ്യമായ പ്രോജക്ടിന് രൂപം നല്‍കിയത്. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി ജോസ്, കടുത്തുരുത്തി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. ബിനുകുമാര്‍, കടുത്തുരുത്തി മുന്‍ എസ്ഐ എം.എസ്. ഷാജഹാന്, പിഡബ്ല്യുഡി എഞ്ചിനീയര്‍മാരായ ഡി. സാജന്, എസ്. ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: