ഓക്ലന്‍ഡ്: ഒടുവില്‍ ഭാഗ്യം ന്യൂസിലാന്‍ഡിനൊപ്പം. ഏഴാമൂഴത്തില്‍ അവര്‍ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഏകദിനത്തിന്റെ മുഴുവന്‍ സൗന്ദര്യവും നിറഞ്ഞുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ദക്ഷിണാഫ്രിക്കയെ നാല് വിക്കറ്റിന് തകര്‍ത്താണ് ന്യൂസിലാന്‍ഡ് ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യതനേടിയത്. എന്നാല്‍ നാലാം വട്ടവും സെമിയില്‍ പുറത്താവാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിധി.
ഇടയ്ക്ക് മഴ തടസ്സപ്പെടുത്തുകയും 43 ഓവറായി കുറയ്ക്കുകയും ചെയ്ത കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഡുപ്ലെസിസ് 82ഉം എ.ബി. ഡിവില്ലിയേഴ്സ് (65 നോട്ടൗട്ട്), ഡേവിഡ് മില്ലര്‍ (49) എന്നിവരുടെ മികച്ച ബാറ്റിംഗിലാണ് നല്ല സ്കോര്‍ നേടിയത്. തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 298 റണ്‍സായി പുനര്‍നിര്‍ണയിച്ചു. 42.5 ഓവറില്‍ ആറ് വിക്കറ്റിന് 299 റണ്‍സെടുത്ത് ന്യൂസിലാന്‍ഡ് വിജയമണിയുകയും ചെയ്തു. നിര്‍ണായക സമയത്ത് സമ്മര്‍ദ്ദത്തിനടിമപ്പെടാതെ കളിച്ച ന്യൂസിലാന്‍ഡ് ബാറ്റ്സ്മാന്മാരാണ് വിജയം കിവികള്‍ക്ക് സമ്മാനിച്ചത്. സ്റ്റെയിന് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് ലോങ്ഓണിന് മുകളിലൂടെ സിക്സറിന് പറത്തി ഗ്രാന്‍ഡ് എലിയറ്റാണ് ന്യൂസിലാന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. 73 പന്തില്‍ നിന്ന് 7 ഫോറും മൂന്ന് സിക്സറുമടക്കം 84 റണ്‍സുമായി പുറത്താകാതെ നിന്ന എലിയറ്റാണ് സെമിയിലെ താരം. ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം (26 പന്തില്‍ 59), കോറി ആന്ഡേഴ്സണ് (57 പന്തില്‍ 58), ഗുപ്റ്റില്‍ (34) എന്നിവരും മികച്ച പ്രകടനം നടത്തി. ഫീല്‍ഡിംഗില്‍ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ചില ക്യാച്ചുകളും റണ്ണൗട്ട് അവസരങ്ങളും പാഴാക്കിയതാണ് ദക്ഷിണാഫ്രിക്കയുടെ പരാജയകാരണം.
സ്കോര്‍ ചുരുക്കത്തില്‍: ദക്ഷിണാഫ്രിക്ക 43 ഓവറില്‍ അഞ്ചിന് 281. ന്യൂസിലാന്‍ഡ് 42.5 ഓവറില്‍ ആറ് വിക്കറ്റിന് 299.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ തുടക്കം പതിഞ്ഞ താളത്തിലായിരുന്നു എന്നുമാത്രമല്ല മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞതുമില്ല. സ്കോര്‍ 21-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത ഹാഷിം ആംലയെയും സ്കോര്‍ 31-ല്‍ എത്തിയപ്പോള്‍ 14 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിനെയും അവര്‍ക്ക് നഷ്ടമായി. രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് പേസ് ബൗളര്‍ ട്രെന്റ് ബൗള്‍ട്ടാണ്. തുടര്‍ന്ന് ഒത്തുചേര്‍ന്ന ഡുപ്ലെസിസും റൊസ്സോവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. എന്നാല്‍ സ്കോറിംഗിന് വേഗത കുറവായിരുന്നു. 13.3 ഓവറിലാണ് ദക്ഷിണാഫ്രിക്ക 50 റണ്‍സിലെത്തിയത്. 24.1 ഓവറില്‍ സ്കോര്‍ 100ഉം കടന്നു. എന്നാല്‍ സ്കോര്‍ 114-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 53 പന്തുകളില്‍ നിന്ന് 39 റണ്‍സെടുത്ത റൊസ്സോവിനെ കോറി ആന്‍ഡേഴ്സന്റെ ബൗളിംഗില്‍ ഗുപ്റ്റില്‍ പിടികൂടി. അധികം കഴിയും മുന്നേ ഡുപ്ലെസിസ് 85 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി തികച്ചു. തുടര്‍ന്ന് ക്രീസിലെത്തിയത് ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ്. നായകനെത്തിയതോടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന്റെ രൂപവും മാറി. ന്യൂസിലാന്‍ഡ് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച ഡിവില്ലിയേഴ്സ് സ്കോര്‍ കുത്തനെ ഉയര്‍ത്തി. 32 പന്തില്‍ നിന്ന് 7 ഫോറും ഒരു സിക്സറുമടക്കം ഡിവില്ലിയേഴ്സ് 50ലെത്തുകയും ചെയ്തു. 36.1 ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 200ലെത്തി. ഒടുവില്‍ സ്കോര്‍ബോര്‍ഡില്‍ 217 റണ്‍സുള്ളപ്പോള്‍ നാലാം വിക്കറ്റ് വീണു. 107 പന്തില്‍ നിന്ന് 7 ഫോറും ഒരു സിക്സറുമടക്കം 82 റണ്‍സെടുത്ത ഡുപ്ലെസിസിനെ ആന്‍ഡേഴ്സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റോഞ്ചി പിടികൂടി. ഇതിനിടെ ദക്ഷിണാഫ്രിക്ക 38 ഓവറില്‍ 216 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് മഴയെത്തി. പിന്നീട് കളി പുനരാരംഭിച്ചപ്പോള്‍ മത്സരം 43 ഓവറാക്കി ചുരുക്കുകയും ചെയ്തു. തുടര്‍ന്നെത്തിയ ഡേവിഡ് മില്ലര്‍ തുടക്കം മുതലേ തകര്‍ത്തടിച്ചതോടെ സ്കോറിംഗിന് വായുവേഗം കൈവന്നു. 18 പന്തുകള്‍ മാത്രം നേരിട്ട മില്ലര്‍ 6 ഫോറും മൂന്ന് സിക്സറുമടക്കം 49 റണ്‍സെടുത്താണ് പുറത്തായത്. അപ്പോഴേക്കും സ്കോര്‍ 42.2 ഓവറില്‍ 272 റണ്‍സിലെത്തിയിരുന്നു. ആന്‍ഡേഴ്സന്റെ പന്തില്‍ റോഞ്ചിക്ക് ക്യാച്ച് നല്‍കിയായിരുന്നു മില്ലറുടെ മടക്കം. 45 പന്തുകളില്‍ നിന്ന് 8 ഫോറും ഒരു സിക്സറുമടക്കം ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സ് 65 റണ്‍സെടുത്തും ജെ.പി. ഡുമ്നി നാല് പന്തില്‍ നിന്ന് ഒരു ബൗണ്ടറിയോടെ 8 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിന് വേണ്ടി കോറി ആന്ഡേഴ്സണ് മൂന്നും ബൗള്‍ട്ട് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മഴമൂലം കളി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലാന്‍ഡിന്റെ വിജയലക്ഷ്യം 43 ഓവറില്‍ 298 റണ്‍സായി പുനര്‍നിര്‍ണയിച്ചു. തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിന് വെടിക്കെട്ട് തുടക്കമാണ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം നല്‍കിയത്. സ്റ്റെയിനിനെയും ഫിലാന്‍ഡറിനെയും അടിച്ചുപരത്തിയ മക്കല്ലം 4.1 ഓവറില്‍ ന്യൂസിലാന്‍ഡ് സ്കോര്‍ 50-ല്‍ എത്തിച്ചു. അധികം കഴിയും മുന്നേ മക്കല്ലം അര്‍ദ്ധസെഞ്ചുറിയും പിന്നിട്ടു. 22 പന്തില്‍ നിന്ന് 6 ഫോറും നാല് സിക്സറുമടക്കമാണ് ന്യൂസിലാന്‍ഡ് നായകന് 50ലെത്തിയത്. 6.1 ഓവറില്‍ സ്കോര്‍ 71-ല്‍ എത്തിയശേഷമാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 26 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത മക്കല്ലത്തെ മോര്‍ക്കലിന്റെ പന്തില്‍ സ്റ്റെയിന് പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ വില്ല്യംസണിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സ്കോര്‍ ബോര്‍ഡില്‍ 81 റണ്‍സായപ്പോള്‍ 6 റണ്‍സെടുത്ത വില്ല്യംസണിനെ മോര്‍ക്കല്‍ ബൗള്‍ഡാക്കി. മൂന്നാം വിക്കറ്റില്‍ ഗുപ്റ്റലും റോസ് ടെയ്ലറും ചേര്‍ന്ന് സ്കോര്‍ 11.3 ഓവറില്‍ 100 കടത്തി. എന്നാല്‍ 128-ല്‍ എത്തിയപ്പോള്‍ വിന്‍ഡീസിനെതിരെ ഡബിള്‍ സെഞ്ചുറിയുമായി കളംനിറഞ്ഞ ഗുപ്റ്റലിനെ (38 പന്തില്‍ 34) ആംലയുടെ ഏറില്‍ ഡികോക്ക് റണ്ണൗട്ടാക്കി. സ്കോര്‍ 149-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 39 പന്തില്‍ നിന്ന് നാല് ബൗണ്ടറിയോടെ 30 റണ്‍സെടുത്ത ടെയ്ലിറെ ഡുമ്നിയുടെ പന്തില്‍ ഡി കോക്ക് കയ്യിലൊതുക്കി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഏലിയറ്റും കോറി ആന്‍ഡേഴ്സണും ഒത്തുചേര്‍ന്നതോടെ ന്യൂസിലാന്റ് വീണ്ടും കളിയില്‍ പിടിമുറുക്കി. ഇരുവരും ചേര്‍ന്ന് 16.1 ഓവറില്‍ 103 റണ്‍സ് അടിച്ചുകൂട്ടി. ഒടുവില്‍ വിജയത്തിന് 46 റണ്‍സ് അകലെവച്ച് ഈ കൂട്ടുകെട്ട് പൊളിഞ്ഞു. 56 പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്സറുമടക്കം 58 റണ്‍സെടുത്ത കോറി ആന്‍ഡേഴ്സണെ മോര്‍ക്കലിന്റെ പന്തില്‍ ഡുപ്ലെസിസ് പിടികൂടി. സ്കോര്‍ 5ന് 252. പിന്നീട് അധികം കഴിയും മുന്നേ ആറാം വിക്കറ്റും ന്യൂസിലാന്റിന് നഷ്ടമായതോടെ ദക്ഷിണാഫ്രിക്ക വിജയം മണത്തു. എട്ട് റണ്‍സെടുത്ത റോഞ്ചിയെ സ്റ്റെയിന് റൊസ്സോവിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ എലിയറ്റും വെട്ടോറിയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സ്വപ്നങ്ങളെ തല്ലിക്കെടുത്തി ന്യൂസിലാന്‍ഡിനെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ഫൈനലിലെത്തിച്ചു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി മോര്‍ക്കല്‍ മൂന്നും സ്റ്റെയിന്, ഡുമ്നി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: