കൊച്ചി: ബിനാലെയിലെ 54 അടി ഉയരമുള്ള ജപമാല ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍. കാഞ്ഞങ്ങാട് മാലക്കല് സ്വദേശി റിജിന്‍ ജോണ്‍ മട്ടാഞ്ചേരിയിലെ ഒഇഡി കോര്‍ട്ട്യാഡില്‍ സ്ഥാപിച്ച ഹോളി ബീഡ്സ്: ദി ഓര്‍ബിറ്റ്’എന്ന കലാസൃഷ്ടിക്കാണ് റെക്കോര്‍ഡ്. മതവും വിശ്വാസവും സയന്‍സും എല്ലാം ഒരു ഊര്‍ജ്ജ രൂപത്തെ കേന്ദ്രമാക്കിയാണ് നിലനില്‍ക്കുന്നതെന്ന് വിളിച്ചോതുന്നതാണ് ഈ കലാസൃഷ്ടി.
400 മീറ്റര്‍ കയര്‍ ഉപയോഗിച്ചാണ് തേങ്ങകള്‍ കോര്‍ത്തിണക്കിയത്. വിശ്വാസമായാലും മതമായാലും നിശ്ചിത ഭ്രമണപഥം വിട്ട് സഞ്ചരിച്ചാല്‍ സന്തുലനാവസ്ഥ തെറ്റും എന്നത് മന്ത്രങ്ങള്‍ ഉരുവിടുന്ന ജപമാലയുടെ മുത്തുമണികളിലൂടെ സൂചിപ്പിക്കുകയാണ് കലാകാരന് ചെയ്തത്. ഉണങ്ങിയ തേങ്ങയും കയറും ഉപയോഗിച്ചാണ് കൊന്ത നിര്‍മിച്ചത്. ലക്ഷണമൊത്ത 90 തേങ്ങകള്‍ രണ്ടുമാസം പുകച്ച് ഉണക്കിയെടുത്താണ് ജപമാലയുടെ 90 മുത്തുകള്‍ കോര്‍ത്തെടുത്തത്. കയറും തേങ്ങയും റിജിന്‍ സ്വന്തം നാടായ കാസര്‍കോടു നിന്നാണ് കൊണ്ടുവന്നത്.
ടെലികോം എന്‍ജിനീയറായ റിജിന്‍ കലയോടും ചിന്തകളോടുമുള്ള അഭിനിവേശം മൂലമാണ് ബിനാലെയിലെ കണ്ണിയായത്. കളമശേരി രാജഗിരി എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ നിര്‍മ്മിച്ച ഏറ്റവും വലിയ ക്രിസ്മസ് നക്ഷത്രവും കൊന്തയും റെക്കോഡ് സ്ഥാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: