മധ്യതിരുവിതാംകൂറിലെ അതിപുരാതന ദേവസ്ഥാനമാണ് ശ്രീകുറക്കാവ് ദേവീക്ഷേത്രം. പന്തളം രാജ്യവും പിന്നീട് കായംകുളം രാജ്യവും ഉള്ളപ്പോള്‍ ആചാരനുഷ്ഠാനങ്ങളോടെ പൂര്‍വ്വികര്‍ ഇവിടെ ആരാധിച്ചു വന്നിരുന്നു. യോഗീശ്വരനായ ഒരു ബ്രാഹ്മണന്റെ പൂജാദേവതയായിരുന്ന സൗമ്യരൂപത്തിലുള്ള ഭദ്രകാളി പ്രതിഷ്ഠയായിരുന്നു പണ്ട്. കുറക്കാവ് കിരാതമൂര്‍ത്തിയായ പരമശിവന്റെയും സര്‍പ്പസാന്നിദ്ധ്യവും കൊണ്ട് വിളയാടിയിരുന്നു. കായംകുളം രാജാവും, രാജ്യവും കീഴടക്കപ്പെട്ടപ്പോള്‍ ആശ്രിതരായിരുന്ന ഈ ദേവസങ്കേതത്തിന്റെ പൂര്‍വ്വികരും നാശോന്മുഖരായി.
കാലാന്തരത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതെ ക്ഷേത്ര സങ്കേതം നശിച്ചു. പക്ഷേ പൂര്വ്വികപരമ്പരയിലെ കണ്ണിയറ്റു പോകാതെ ക്ഷേത്രത്തിന്റെ കാലദോഷം നീങ്ങി സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് ശേഷമുണ്ടായ ക്ഷേത്രപുന:രുദ്ധാരണത്തിന്റെയും ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെയും കാറ്റ് ഈ ഗ്രാമത്തിലും കടന്നെത്തി. ക്ഷേത്രത്തിന്റെ നശിച്ചു പോയിരുന്ന ഭാഗത്തുണ്ടായിരുന്ന മൂലസ്ഥാനമായ കാവില്‍ വിളക്ക് വെയ്പ്പും ഭക്തി പുരസ്സരം ആരാധനയും തുടങ്ങി.
പലവിധ വ്യവഹാരങ്ങള്‍ക്കും, തര്‍ക്കങ്ങള്‍ക്കും ശേഷം ദേവസങ്കേതം നാട്ടുകാര്‍ ഏറ്റെടുത്തു. പൂജാകര്‍മ്മങ്ങളും, ആചാരനുഷ്ഠാനങ്ങളും ഭാഗികമായി തുടര്‍ന്നു. ശേഷം ജ്യോതിഷപണ്ഡിതന്മാരാല്‍ പരിഹാരകര്‍മ്മങ്ങള്‍ നടത്തി. ഒരു കൂട്ടം പ്രവര്‍ത്തകരുടെ ശ്രമഫലമായി ക്ഷേത്രം സംരക്ഷിക്കപ്പെടുകയും ക്ഷേത്ര സമുച്ചയം പുനര്‍നിര്‍മ്മിച്ച് പ്രതിഷ്ഠാ കര്‍മ്മത്തിനു ശേഷം നിത്യപൂജാദികര്‍മ്മങ്ങളും നടത്താനാരംഭിച്ചു.
ക്ഷേത്രപുന:രുദ്ധാരണത്തോടെ ഈ കാപ്പില്‍ ക്യഷ്ണപുരം ഗ്രാമത്തിലും ഐശ്വര്യപ്രദാനമായ മാറ്റങ്ങള്‍ ഉണ്ടായി. ഈ ക്ഷേത്രത്തില്‍ സുഷുപ്താവസ്ഥയില്‍ വിലയിച്ച് നിന്ന ദേവതകള്‍ പൂര്‍ണ്ണമായി ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു. ഭക്തന്മാര് വരുന്ന കേരളത്തിലെ പ്രധാന ക്ഷേത്രമായി ഇവിടം മാറിയിരിക്കുന്നു.
ഗിരിദേവതാ ബന്ധത്തോടു കൂടിയ ശ്രീപരമശിവനെ കിരാതമൂര്‍ത്തി ഭാവത്തിലും സൗമ്യസ്വരൂപയായ ശ്രീഭദ്രകാളിയേയും തുല്യ പ്രാധാന്യത്തോടു കൂടി പ്രതിഷ്ഠ നടത്തി. ശ്രീഭദ്രകാളി കിഴക്കോട്ട് ദര്‍ശനമായും കിരാതമൂര്‍ത്തി പടിഞ്ഞാറോട്ട് ദര്ശനമായുമുള്ള ഇവിടെ ഗണപതി, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരന്, അഖില സര്‍പ്പങ്ങള്‍ എന്നിവരെ പ്രത്യേക ആലയങ്ങളില്‍ ഇരുത്തി. താന്ത്രികവിധിപ്രകാരമുള്ള പൂജാദികര്‍മ്മങ്ങള്‍ കൃത്യമായി നടക്കുന്ന ക്ഷേത്രമാണിത്. ക്ഷേത്രതന്ത്രം ക്ലാക്കോട്ടില്ലം നീലകണ്ഠന്‍പോറ്റി ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
മൂലസ്ഥാനമായ ഗിരിദേവത ആസ്ഥാനത്ത് (കുറക്കാവില്‍) വെറ്റിലപറത്ത് എന്ന പ്രധാന വഴിപാടുള്ള ഭാരതത്തിലെ ഏകക്ഷേത്രം കൂടിയാണ്. വെറ്റിലപറത്ത് എന്ന ശൈവപരമായ ആചാരമനുഷ്ഠിക്കാനും, പൂജാദികര്‍മ്മങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പോലും ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. മൂലസ്ഥാനത്ത് കോഴിയെപ്പറത്ത്, അടുക്ക് സമര്‍പ്പണം, തെരളി നിവേദ്യം, പട്ടുംമാലയും എന്നിങ്ങനെ വഴിപാട് നടന്നു വരുന്നു.
ക്ഷേത്രത്തിലെ പ്രധാന തിരുവുത്സവം ധനുമാസത്തിലെ തിരുവാതിരപൊങ്കാലയും പുണര്‍തം നക്ഷത്രത്തിലെ തിരുവുത്സവവുമാണ്. മഹാശിവരാത്രി വ്രതാനുഷ്ഠാനത്തോടും, എതിരേല്‍പ്പോടും ആചരിക്കുന്നു. തിരുവുത്സവത്തോടനുബന്ധിച്ച് പറയ്ക്കെഴുന്നള്ളത്ത് പതിനായിരത്തോളം ഗ്യഹങ്ങളില്‍ എത്തുന്നു. ഇവിടെ വിളക്ക്, അന്‍പൊലി വഴിപാടും പ്രധാനമായും നടക്കുന്നു. എല്ലാ മാസവും നാരങ്ങാവിളക്ക് പൂജയുമുണ്ട്. മഹാശിവരാത്രിക്ക് അഹോരാത്രജലധാരയും, അഖണ്ഡനാമജപവും നടക്കുന്നു. വിനായകചതുര്‍ത്ഥി, രാമായണ മാസാചരണം, മണ്ഡലകാല വ്രതാനുഷ്ഠാനം, വിദ്യാരംഭം, നവരാത്രി ആഘോഷം, ശ്രീമതദ് സപ്താഹം, നിറപുത്തരി പൂജയും, കാവില്‍ ആയില്യത്തിന് നൂറുംപാലും നടത്തുന്നുണ്ട്.
കുറക്കാവ് ദേവസ്വം ട്രസ്റ്റ് പ്രൈവറ്റായി ഗ്രാമജനങ്ങള്‍ ചേര്‍ന്ന് രജിസ്റ്റര്‍ ചെയ്ത് ഭരണം നടത്തുന്നു. കേരള ക്ഷേത്രസംരക്ഷണസമിതിയും പ്രവര്‍ത്തിച്ചു വരുന്നു.
കുറക്കാവ് ദേവീക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ചടങ്ങ് ഈ ദേവസ്ഥാനത്ത് നടത്തുന്ന കാര്യസിദ്ധിപൂജയാണ്. എല്ലാ മലയാളമാസവും രണ്ടാമത്തേയും, അവസാനത്തേയും ഞായറാഴ്ചകളില്‍ നടന്നുവരുന്ന കാര്യസിദ്ധി പൂജയില്‍ ഇപ്പോള്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്നു. ഓരോ പൂജയിലും ഭക്തജനങ്ങള്‍ അവര്‍ക്ക് ലഭിച്ച കാര്യസിദ്ധി വെളിപ്പെടുത്തുന്നുമുണ്ട്. ഒരു തൂശനില, ഒരു പിടി പൂവ്, രണ്ടിതള്‍ വേപ്പില, ഒരു നാണയം, കര്‍പ്പൂരം തുടങ്ങിയ പൂജാസാമഗ്രികളും കുറഞ്ഞത് ഒരു ദിവസത്തെ വ്രതാനുഷ്ഠാനത്തോടുകൂടി വേണം പൂജയില്‍ പങ്കെടുക്കുവാന്‍.
കായംകുളത്തിനും ഓച്ചിറയ്ക്കും മദ്ധ്യേ മുക്കട ജംഗ്ഷനില്‍ നിന്നും ഒന്നരകിലോമീറ്റര്‍ കിഴക്കായിട്ടാണ് ക്ഷേത്രം.
ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍ : 0479 2438855, 2438877
പ്രതികരിക്കാൻ ഇവിടെ എഴുതുക: