കേച്ചേരിപ്പുഴയുടെ തീരത്തിരുന്ന് യൂസഫലി മലയാളിക്കു സമ്മാനിച്ചത് കവിതകളും സിനിമാഗാനങ്ങളും മാപ്പിളപ്പാട്ടുകളും ശ്രീകൃഷ്ണഭക്തിഗാനങ്ങളുമടങ്ങുന്ന സ്വരരാഗ ഗംഗയുടെ മഹാപ്രവാഹം. അറുന്നൂറോളം സിനിമാ ഗാനങ്ങളെഴുതിയെങ്കിലും യൂസഫലികേച്ചേരിയെ പാട്ടെഴുത്തുകാരനായല്ല, കാളിദാസന്റെ കാവ്യപാരമ്പര്യം പിന്തുടരുന്ന കവിയായിട്ടാണ് മലയാളി അംഗീകരിക്കുന്നത്. കേച്ചേരിപ്പുഴയുടെ തീരത്തെ ഗ്രാമീണ ഭംഗിയും നൈര്‍മ്മല്യവും കവിതയിലേക്കാവാഹിച്ച കവി അരങ്ങൊഴിയുമ്പോള്‍ നഷ്ടമാകുന്നത് ഭാരതീയ പൈതൃകത്തെ കവിതയിലേക്ക് സ്വാംശീകരിച്ച മഹാനായ എഴുത്തുകാരനെയാണ്.
കവി, ഗാനരചയിതാവ്, ചലച്ചിത്രകാരന് എന്നീ നിലകളില്‍ തിളങ്ങിയ അദ്ദേഹം ജനിച്ചത് മുസ്ലീം യാഥാസ്ഥിതിക കുടുംബത്തിലാണെങ്കിലും കാവ്യ പാരമ്പര്യം ഭാരതീയ കാവ്യശാസ്ത്രത്തിന്റെതാണ്. അതില്‍ നിന്നു വിട്ടുമാറി രചന നടത്താന്‍ അദ്ദേഹത്തിനായില്ല. കവിതയിലായാലും സിനിമാ പാട്ടുകളിലായാലും ലളിത സംഗീതത്തിലായാലും ഭാരതീയതയെ മാറ്റിനിര്‍ത്തിയുള്ള രചനാ ശൈലി സ്വീകരിക്കാന്‍ യൂസഫലി തയ്യാറായിട്ടില്ല.
പുരാണങ്ങളും വേദോപനിഷത്തുകളും പഠിച്ച് അതില്‍ നിന്നുരുത്തിരിഞ്ഞ സംസ്കാരവും സൗന്ദര്യബോധവുമാണ് യൂസഫലിയുടെ കവിതകളെയും ചലച്ചിത്രഗാനങ്ങളെയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കിയത്. പ്രസിദ്ധനായ മാപ്പിളപ്പാട്ടെഴുത്തുകാരന്‍ ഏരംകുളം അഹമ്മദ് വൈദ്യരുടെ മകള്‍ നജ്മക്കുട്ടിയുടെ മകനായാണ് യൂസഫലി ജനിച്ചത്. കുഞ്ഞു യൂസഫലിയെ ഉമ്മ ഉറക്കിയിരുന്നത് മാപ്പിളപ്പാട്ടിന്റെ മൊഞ്ചുള്ള ശീലുകള്‍ പാടിക്കേള്‍പ്പിച്ചാണ്. കുഞ്ഞായിരിക്കുമ്പോഴെ പാട്ടിന്റെ താളവും സ്വരസ്ഥാനവും അറിയാന്‍ യൂസഫലിക്ക് കഴിഞ്ഞു. തൊട്ടിലില്‍ നിന്നു തുടങ്ങിയ കാവ്യ പരിചയം ഇതിഹാസ കാവ്യങ്ങളിലേക്കും വേദ ഗ്രന്ഥങ്ങളിലേക്കും കടന്നു. ജീവിത പശ്ചാത്തലവും വിദ്യാഭ്യാസ രീതിയും പൈതൃകവും മറ്റൊന്നായിരുന്നിട്ടും ഉറച്ചുനില്‍ക്കുന്ന ഭൂമിയുടെ പാരമ്പര്യത്തെ മറക്കാന്‍ അദ്ദേഹത്തിലെ കവിക്ക് കഴിഞ്ഞില്ല.
അഞ്ചാം ക്ലാസ്സുമുതലുള്ള സംസ്കൃത ഭാഷാ പഠനമാണ് യൂസഫലിയിലെ കവിയെ മാറ്റിമറിച്ചത്. സംസ്കൃത പണ്ഡിതനായ ഇ.പി.ഭരപ്പിഷാരോടി അദ്ദേഹത്തെ സംസ്കൃതപഠനത്തിന് പ്രേരിപ്പിച്ചു. യൂസഫലിയിലെ കാവ്യഗുണം തിരിച്ചറിഞ്ഞതിനാലായിരുന്നു അത്. പത്താം ക്ലാസ്സുവരെ സംസ്കൃതം പഠിച്ചു. ആ പഠനമാണ് മാപ്പിളപ്പാട്ടിനപ്പുറത്തും ഒരു സാഹിത്യവും സംഗീതവുമുണ്ടെന്ന വസ്തുത അദ്ദേഹത്തിനു ബോധ്യമുണ്ടാക്കിയത്.
ബിരുദം പഠിക്കാന്‍ കോളേജിലെത്തിയപ്പോഴും സംസ്കൃതത്തെ മാറ്റി നിര്‍ത്താന്‍ അദ്ദേഹത്തിനായില്ല. ചെന്നുപെട്ടത് സംസ്കൃത സാഹിത്യത്തിന്റെ മറുകര നീന്തിക്കടന്ന കെ.പി.നാരായണ പിഷാരോടിയുടെ മുന്നില്‍. യൂസഫലിയുടെ കവിത്വത്തിന് സ്വര്‍ണ്ണത്തിളക്കം നല്കാന് നാരായണപ്പിഷാരോടിയുമായുള്ള സമ്പര്‍ക്കത്തിനു സാധിച്ചു. ഉപനിഷത്തുക്കളും പുരാണങ്ങളും വേദങ്ങളും കാളിദാസ ഭവഭൂതിമാരെയുമെല്ലാം ഉള്ളം കയ്യില്‍ സ്വീകരിച്ച അദ്ദേഹം സ്വന്തമായ ഒരു കാവ്യ ഭാഷയ്ക്കും ഭാരതീയ പാരമ്പര്യത്തിലടിയുറച്ച കാവ്യ ശൈലിക്കും അടിത്തറയിടുകയായിരുന്നു.
കോളേജു വിദ്യാഭ്യാസത്തിനു ശേഷം നിയമ പഠനം നടത്തുകയും അഭിഭാഷകനാകുകയും ചെയ്തുവെങ്കിലും കാവ്യ ജീവിതത്തില്‍ നിന്നു വിട്ടു നില്ക്കാന് യൂസഫലിക്ക് കഴിയുമായിരുന്നില്ല. ഭാരതീയ മിത്തുകളാണ് യൂസഫലിയുടെ കവിതകളുടെ അടിത്തറ. ഭഗവാന് ശ്രീകൃഷ്ണനെയാണ് അദ്ദേഹം മിക്കപ്പോഴും തന്റെ മുഖ്യ കാവ്യ ബിംബമായി ഉപയോഗിച്ചിട്ടുള്ളത്. ഭാഷാവൈകല്യം തന്റെ ഗാനങ്ങളെ തീണ്ടാതിരിക്കാനുള്ള കാരണം സംസ്കൃതപഠനമാണെന്ന് കവി തന്നെ പറഞ്ഞിട്ടുണ്ട്.
‘കണ്ണാ…താവക ദര്‍ശനാര്‍ഥമണയാന്‍
പാടില്ലെനിക്കെങ്കിലും
കണ്ണാല്‍ നിന്നെയരക്ഷണം നുകരുവാ-
നെന് തൃഷ്ണ ജൃംഭിക്കവെ-
വിണ്ണാറായൊഴുകുന്ന നിന് കരുണ തന്
ദിവ്യാപദാനങ്ങളാ-
രെണ്ണാന്‍?-ആശ്രിതഹൃദ്ഗതജ്ഞനുടനെന്‍
കണ് മുന്നിലെത്തി ഭവാന്!’
ഒരിക്കല്‍ ഗുരുവായൂരമ്പലത്തില്‍ തൊഴാന്‍ പോയ കവിക്ക് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡിനിപ്പുറം നില്‍ക്കേണ്ടി വന്നു. അപ്പോഴുണ്ടായ മാനസിക സംഘര്‍ഷത്തില്‍ നിന്നെഴുതിയ അഹൈന്ദവം എന്ന കവിതയിലെ വരികളാണിത്. അത്രയ്ക്കു പ്രണയമാണ് യൂസഫലിയെന്ന കവിക്ക് ഭഗവാന് ഗുരുവായൂരപ്പനോട്. കവിതയിലായാലും സിനിമാ ഗാനങ്ങളിലായാലും ശ്രീകൃഷ്ണനും ശ്രീരാമനും സരസ്വതീദേവിയുമെല്ലാം കടന്നുവരുന്നത് ഭാരതീയതയില്‍ നിന്ന് വിട്ടു നിന്നുകൊണ്ടൊരു കാവ്യ പാരമ്പര്യമോ രചനയോ തനിക്കില്ലെന്ന് കവി വിളിച്ചറിയിക്കുന്നതിനാലാണ്.
1954ലാണ് യൂസഫലിയുടെ ആദ്യ കവിത അച്ചടിക്കുന്നത്. കൃതാര്ത്ഥന് ഞാന്‍ എന്നായിരുന്നു കവിതയുടെ പേര്. 1962 മുതല്‍ ചലച്ചിത്ര ഗാനരചയിതാവായി. വയലാര്‍ രാമവര്‍മയുടെയും പി. ഭാസ്കരന്റെയും ഒ.എന്‍.വി.യുടെയും തട്ടകമായിരുന്ന മലയാള ചലച്ചിത്രഗാനരംഗത്തേക്ക് യൂസഫലി എത്തുമ്പോള്‍ ലളിത സുന്ദര പദാവലികളിലൂടെ ഗാനാസ്വാദകരുടെ മനംകുളിര്പ്പിക്കാമെന്ന ഉറച്ച വിശ്വാസമദ്ദേഹത്തിനുണ്ടായിരുന്നു. മലയാളിക്ക് ലഭിച്ചതാവട്ടെ അറുന്നൂറോളം ചലച്ചിത്രഗാനങ്ങളും.
1962ല്‍ ‘മൂടുപടം’ എന്ന ചിത്രത്തിനുവേണ്ടി ബാബുരാജ് സംഗീതം നല്കി ബാബുരാജ് തന്നെ ആലപിച്ച ‘മൈലാഞ്ചിത്തോപ്പില്‍ മയങ്ങിനില്ക്കുന്ന മൊഞ്ചത്തി…മൈക്കണ്ണാല്‍ ഖല്ബില് അമിട്ട് കത്തിച്ച വമ്പത്തി..’ എന്ന ഗാനമാണ് യൂസഫലി കേച്ചേരിയുടേതായി മലയാളിക്കുകിട്ടിയ ആദ്യഗാനം. 1967ല്‍ പുറത്തിറങ്ങിയ ‘ഉദ്യോഗസ്ഥ’യില്‍ ബാബുരാജിന്റെ തന്നെ ഈണത്തില്‍ യേശുദാസും എസ്. ജാനകിയും ഒരുമിച്ചുപാടിയ ‘എഴുതിയതാരാണ് സുജാത, നിന്റെ കടമിഴിക്കോണിലെ കവിത’ എന്ന ഗാനമാണ് യേശുദാസിന്റെതായി വന്ന യൂസഫലിയുടെ ആദ്യഗാനം. ‘സിന്ദൂരച്ചെപ്പി’ല്‍ ജി. ദേവരാജന്‍ ഈണം നല്കിയ ‘ഓമലാളെ കണ്ടൂഞാന്‍ പൂങ്കിനാവില്‍…താരകങ്ങള്‍ പുഞ്ചിരിച്ച നീലരാവില്‍’ എന്ന ഗാനം സംഗീതപ്രേമികളെ ഏറെ ആകര്‍ഷിച്ചു.
‘തമ്പ്രാന് തൊടുത്തത് മലരമ്പ്’, ‘പൊന്നില്‍ കുളിച്ച രാത്രി’, ‘തണ്ണീരില്‍ വിരിയും താമരപ്പൂ’, ‘മണ്ടച്ചാരേ മൊട്ടത്തലയാ’ എന്നീ ഗാനങ്ങളും യേശുദാസിന്റെയും മാധുരിയുടെയും സുശീലാദേവിയുടെയും ശബ്ദത്തില്‍ യൂസഫലിയുടെ വരികളായി പുറത്തു വന്നു.
കേച്ചേരിപ്പാട്ടുകളെ ശ്രോതാക്കള്‍ നെഞ്ചേറ്റുന്നതിനുപിന്നില്‍ ആ ഗാനങ്ങളിലെ കവിതയൂറുന്ന ശീലുകളാണ് കാരണം. ‘പേരറിയാത്തൊരു നൊമ്പരത്തെ/പ്രേമമെന്നാരോ വിളിച്ചു’ എന്ന ഗാനമെഴുതുമ്പോള്‍ കവി വാര്‍ധക്യത്തോടടുത്തിരുന്നു. എന്നും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന സഹൃദയന്റെയും പ്രേമസുരഭിലന്റെയും മനസ്സ് ആ ഗാനത്തിലൂടെ ദര്‍ശിക്കാന്‍ കഴിയും. ‘സുറുമയെഴുതിയ മിഴികളേ….’ എന്ന ഗാനമെഴുതിയ യുവകവിയുടെ മനസ്സുമായാണ് യൂസഫലിക്കേച്ചേരി അവസാനകാലം വരെ ജീവിച്ചത്.
കേച്ചേരി തന്നെ സംവിധാനം ചെയ്ത ‘മരം’ എന്ന ചിത്രത്തിലെ ‘പതിന്നാലാം രാവുദിച്ചത് മാനത്തോ/കല്ലായിക്കടവത്തോ…’എന്ന ഗാനം ജി. ദേവരാജന്റെ ഈണത്തില്‍ യേശുദാസ് മനോഹരമായി ആലപിച്ചപ്പോള്‍ 1973ലെ ഹിറ്റുഗാനമായി അതു മാറി. ‘കല്ലായിപ്പുഴയൊരു മണവാട്ടി’യും ‘മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ’യും ‘മൊഞ്ചത്തിപ്പെണ്ണേ നിന്‍ചുണ്ടും’ ഇന്നും ചലച്ചിത്ര ഗാനാസ്വാദകരുടെ ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന പാട്ടുകളാണ്. ‘വനദേവത’യിലെ ‘സ്വര്‍ഗം താണിറങ്ങി വന്നതോ..’, ‘ദ്വീപി’ലെ ‘കടലേ നീലക്കടലേ….’എന്നീ പാട്ടുകളും എത്രകാലം കഴിഞ്ഞാലും മലയാളിയുടെ ചുണ്ടുകളില്‍ നിന്ന് അടര്‍ന്നു മാറില്ല.
എ.ടി.അബു സംവിധാനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ ധ്വനി എന്ന ചലച്ചിത്രം മലയാളിയെ ഏറെ ആകര്‍ഷിച്ചത് പാട്ടുകളിലൂടെയാണ്. പദസമൃദ്ധവും സ്വരമധുരവുമായ പാട്ടുകള്‍ ആ ചലച്ചിത്രത്തെ മലയാളി ഒരിക്കലും മറക്കാത്ത ദൃശ്യവിരുന്നാക്കിമാറ്റി. യൂസഫലി കേച്ചേരി രചിച്ച്, ജനപ്രിയ രാഗങ്ങളായ സിന്ദുഭൈരവിയിലും ആഭേരിയിലും യമുനകല്യാണിയിലും ഗൗരിമനോഹരിയിലും പ്രശസ്ത സംഗീതസംവിധായകന് നൗഷാദ് ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ കാലങ്ങളെത്രകഴിഞ്ഞാലും നിത്യഹരിതമായി നിലനില്ക്കും. ”ആണ്‍കുയിലേ തേന്കുയിലെ…, അനുരാഗലോല….,മാനസനിളയില്‍…, ഒരു രാഗമാലകോര്‍ത്തു,…, ജാനകീജാനെ…., രതിസുഖസാരമായി…..” എന്നീ ഗാനങ്ങള്‍ യൂസഫലിയുടെ മാസ്റ്റര്‍പീസുകളാണ്.
മഴ എന്ന ചിത്രത്തിലെ ഗാനത്തിന് 2000 ല്‍ ദേശീയ അവാര്‍ഡ് ലഭിച്ചു. ‘മഴ’യിലെ ‘ഗേയം ഹരിനാമധേയം’ എന്ന സംസ്കൃതഗാനത്തിനായിരുന്നു ദേശീയ പുരസ്കാരം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കവന കൗതുകം അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, നാലപ്പാട് അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു.
സൈനബ, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകകള്‍, നാദബ്രഹ്മം, അമൃത്, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, പേരറിയാത്ത നൊമ്പരം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നീലത്താമര, വനദേവത, മരം എന്നീ ചലച്ചിത്രങ്ങള്‍ യൂസഫലി സംവിധാനം ചെയ്തിട്ടുണ്ട്.
കേച്ചേരിയെ മാറ്റി നിര്‍ത്തി മലയാള കാവ്യ ശാഖയെയും സിനിമാ ഗാനശാഖയെയും കുറിച്ച് പറയുകയും ചര്‍ച്ചചെയ്യുകയും ചെയ്യുന്നത് അസാധ്യം…..
പേരറിയാത്തൊരു
നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു
മണ്ണില്‍ വീണുടയുന്ന
തേന്‍കുടത്തെ
കണ്ണു നീരെന്നും വിളിച്ചു…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: