തൃശൂര്‍: ഗുണ്ടാ ഭീഷണിയെന്ന കഥയുണ്ടാക്കി അഴിമതി ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കൗണ്‍സിലറുടെ ശ്രമം. ഗുണ്ടാസംഘം വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്നും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി കോര്പ്പറേഷന് മുക്കാട്ടുകര പത്താം ഡിവിഷന് കൗണ്‍സിലറാണ് പോലീസില്‍ പരാതി നല്‍കിയത്.
ഇതേ തുടര്‍ന്ന് അഞ്ച് പേര്‍ക്കെതിരെ മണ്ണൂത്തി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേരത്തെ കൗണ്‍സിലറുമായി അടുപ്പമുണ്ടായിരുന്നവര്ക്കെതിരെയാണ് പരാതിയെന്നും ഇതിന് പിന്നില്‍ മറ്റ് തര്ക്കങ്ങളെന്നുമാണ് അന്വേഷിച്ച പോലീസിന് വിവരം ലഭിച്ചത്. പ്രദേശവാസികളും കൗണ്‍സിലറുടെ പരാതിയില്‍ സംശയം പ്രകടിപ്പിക്കുന്നു.
മണ്ണ് മാഫിയയുമായി അടുത്ത ബന്ധമാണ് കൗണ്സിലര്ക്കുള്ളതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്ത് വയല്‍ മണ്ണിട്ട് നികത്തുന്നത് വ്യാപകമാണ്. കൗണ്‍സിലറുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ വരെ കൗണ്‍സിലര്‍ കൈക്കലാക്കുന്നതായും നാട്ടുകാര്‍ പോലീസിനോട് പരാതിപ്പെട്ടിട്ടുണ്ട്.
ഇതിന് പുറമെ വിവിധ പ്രവൃത്തികളിലും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലും അഴിമതിയും ക്രമക്കേടും നടന്നതായി നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ കേസെടുക്കപ്പെട്ടിട്ടുള്ള ഒരാളും കൗണ്‍സിലറുടെ ബന്ധുവും തമ്മിലുള്ള പ്രശ്നമാണ് കൗണ്‍സിലറുടെ പരാതിക്ക് പിന്നിലെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ചില മാധ്യമങ്ങളെ സ്വാധീനിച്ച് കള്ള പ്രചരണം നടത്തുകയാണ് കൗണ്‍സിലര്‍ ചെയ്തത്.
വര്‍ഷങ്ങളായി കൗണ്‍സിലര്‍ നടത്തുന്ന അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നെല്ലങ്കരയിലെ ക്രമസമാധാനം തകരാറിലായതിന്റെ ഉത്തരവാദിത്വം കൗണ്‍സിലര്‍ക്കാണ്. വ്യക്തിപരമായ വിരോധം തീര്‍ക്കാന്‍ കൗണ്‍സിലര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതായും ബിജെപി ആരോപിച്ചു.
സംഭവത്തില്‍ മുക്കാട്ടുകര ഡിവിഷന് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡണ്ട് ഷാജന് ദേവസ്വം പറമ്പില്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച അരിയ പ്രസിഡണ്ട് റനീഷ് രാജന് അധ്യക്ഷത വഹിച്ചു. രതീഷ് ചീരാത്ത്, പ്രണവ്, രാജുപ്രഭു, സുധാകരന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: