തൃശൂര്‍: രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ മാധ്യമങ്ങള്‍ക്ക് അവഹേളനം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത എസ്ഐമാരുടെ പാസിംഗ് ഔട്ട് പരേഡിലാണ് സംഭവം. സാധാരണയായി പരേഡില്‍ അഭിവാദ്യം സ്വീകരിക്കുന്ന വ്യക്തി തുറന്ന ജീപ്പില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുമ്പോള്‍ ഗ്രൗണ്ടിനകത്തുനിന്ന് ചാനല്‍ കാമറാമാന്മാര് അത് ചിത്രീകരിക്കാറുണ്ട്. എന്നാല്‍ ഇന്നലെ പരേഡ് ചിത്രീകരിക്കാനത്തിയ കാമറാമാന്മാരെ ഗ്രൗണ്ടിനകത്തേക്ക് കടത്തിവിട്ടില്ല.
ആരേയും കടത്തരുതെന്നാണ് നിര്‍ദ്ദേശമെന്നായിരുന്നു പോലീസിന്റെ മറുപടി. ഗ്രൗണ്ടിനകത്തു നിന്നാണ് ഗാര്‍ഡ് ഓഫ് ഓണറും വിശിഷ്ടവ്യക്തി സല്യൂട്ട് സ്വീകരിക്കുന്നതും പരേഡും മറ്റും ഷൂട്ട് ചെയ്യാറുള്ളതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും പോലീസുകാര്‍ വഴങ്ങിയില്ല. ഇതോടെ മാധ്യമങ്ങള്‍ പാസിംഗ് ഔട്ട് പരേഡ് ഷൂട്ട് ചെയ്യാതെ മടങ്ങി.
പതിവായി മാധ്യമപ്രവര്‍ത്തകര്‍ക്ക് റിസര്‍വ് ചെയ്യാറുള്ള സ്ഥലം ഉന്നത പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും കയ്യടക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഇരിപ്പിടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യം പിറകില്‍ അവശേഷിച്ച കസേരകള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.
പരേഡിനായി രണ്ട് നാള് മുമ്പേ മാധ്യമങ്ങള്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. ചന്ദ്രബോസ് കൊലക്കേസുമായി ബന്ധപ്പെട്ട് പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ക്ക് നേരെയുണ്ടായ നടപടിക്ക് കാരണമെന്നാണ് സൂചന. സംഭവത്തില്വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: