നെന്മാറ: അധികാര വികേന്ദ്രീകരണം അര്‍ത്ഥവത്താകാന്‍ വികസിത രാജ്യങ്ങളിലേതുപോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം കൈമാറേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നെന്മാറ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇന്ദിര പ്രിയദര്‍ശിനി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാര വികേന്ദ്രീകരണം കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ വികസനം എളുപ്പത്തില്‍ സാധ്യമാക്കാം. അധികാരത്തിന്റെ കേന്ദ്രീകരണമല്ല മറിച്ച് വികേന്ദ്രീകരണമാണ് സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം. പതിനാലാം ധനകാര്യ കമ്മീഷന് ലക്ഷ്യം വെയ്ക്കുന്നതും ഇതുതന്നെയാണ്. വാര്‍ഡുതലത്തില്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ ഗ്രാമസഭകള്‍ കൂടുതല്‍ സജീവമായാല്‍ മാത്രമേ പഞ്ചായത്തീരാജ് യാഥാര്‍ത്ഥ്യമാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്ത സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് നാല് ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും അതിലൊന്ന് പാലക്കാട് ജില്ലയിലെ കൊല്ലങ്കോടായിരിക്കുമെന്നും വി. ചെന്താമരാക്ഷന് എംഎല്‍എയുടെ അധ്യക്ഷ പ്രസംഗത്തിന് മറുപടിയായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വികേന്ദ്രീകൃതാസൂത്രണ പദ്ധതി പ്രകാരം പതിനഞ്ച് ലക്ഷം രൂപ മുടക്കിയാണ് ഇന്ദിര പ്രിയദര്‍ശിനി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്.
നെന്മാറ പഞ്ചായത്ത് പാര്‍ക്ക് മൈതാനിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വി.ചെന്താമരാക്ഷന് എംഎല്‍എ അധ്യക്ഷനായി. മുന്‍ എം പി വി.എസ്. വിജയരാഘവന് മുഖ്യാതിഥിയായി. നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് വി.ലക്ഷ്മിക്കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.വി. ഗോപാലകൃഷ്ണന്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീജ രാജീവ്, നെന്മാറ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആര്. ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എസ്. ഗംഗാധരന്, സി.സി.സുനില്‍, നെന്മാറ പഞ്ചായത്ത് മെമ്പര്‍ എം.ആര്. നാരായണന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സി.വി. ബാലചന്ദ്രന്, കെ.കെ. കുഞ്ഞുമോന്, കെ. ബാബു, എന്‍. സോമന്, കെ.എന്‍. മോഹനന്, സരിത ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: