ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ 10 ദിവസം നീണ്ടുനിന്ന ഉത്സവം ആറാട്ടോടു കൂടി സമാപിച്ചു. മാര്‍ച്ച് 17ന് ഗജരത്നം അമ്പലപ്പുഴ വിജയകൃഷ്ണന് ഭഗവാന്റെ സ്വര്‍ണ തിടമ്പുമേറി നാലു ഗജവീരന്മാരുടെ അകമ്പടിയുമായി പുലര്‍ച്ചെ പശുവിനേയും കിടാവിനേയും കൊണ്ടുവന്ന് കണികണ്ടു. തുടര്‍ന്ന് തെക്കേ ഗോശാലയില്‍ ദേവനെ എഴുന്നെള്ളിച്ച് അഭിഷേകം നടത്തി മഞ്ഞള്‍പ്പൊടി ആടിയശേഷം ശ്രീകോവിലിലേക്കാനയിച്ചു. ആറാട്ടു ചട്ടത്തില്‍ ചാര്‍ത്തുവാനുള്ള മാലയൂം ഉടയാടയും നവരായ്ക്കല് സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്നും എത്തിച്ചു.
വൈകിട്ട് നാലിന് കഞ്ഞിപ്പാടം വട്ടപ്പായിത്ര ക്ഷേത്രത്തില്‍നിന്നും പള്ളിവാളും കൊണ്ടു വന്നു. തെക്കേ വാര്യത്തുനിന്നും തൃചന്ദനവും എത്തിച്ചു. അകത്തെ പൂജകള്‍ക്കുശേഷം നാലരയോടെ ഉത്സവബലി തിടമ്പിലേയ്ക്ക് ദൈവചൈതന്യം ആവാഹിച്ച് ബിംബം പട്ട് കൊണ്ട് മൂടിക്കെട്ടി പാണി കൊട്ടി ആറാട്ടു ബലിക്കായി പുറത്തേയ്ക്കെഴുന്നെള്ളിച്ചു. ദിക്കു കൊടികള്‍ ഇറക്കിയശേഷം കിഴക്കെ ആനക്കൊട്ടിലില്‍ എത്തി ഗജപൂജയും നടത്തി. പിന്നീട് ആറാട്ടിനായി ഇരട്ടക്കുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു.
മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനു ശേഷം ഒമ്പതോടെ ആറാട്ട് തിരിച്ചെഴുന്നെള്ളത്ത് ആരംഭിച്ചു. വിവിധ സ്ഥലങ്ങളിലെ ഭക്തി നിര്‍ഭരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പുത്തന്‍ കുളത്തിന്റെ കരയിലെത്തി. പോലീസ് അകമ്പടിയോടെ വെള്ളിക്കുടയുമെഴുന്നെള്ളിച്ച് പടിഞ്ഞാറെ ആല്ച്ചുവടു മുതല്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്ര പ്രദിക്ഷണവും കഴിഞ്ഞ് അകത്തേയ്ക്ക് എഴുന്നെള്ളിച്ചതോടെ ഉത്സവത്തിന് സമാപനമായി. ഈ ദിവസങ്ങളില്‍ ഭക്തരുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: