എടത്വ: വേനല്‍മഴ ശക്തമായ സാഹചര്യത്തില്‍ അപ്പര്‍കുട്ടനാട്ടില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ നെല്ലുസംഭരണം മന്ദഗതിയിലായത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. കുട്ടനാട്ടില്‍ സംഭരണത്തിന് നാല്‍പ്പതിലേറെ മില്ലുകള്‍ സജീവമെന്നു പറയുമ്പോഴും നിരവധി പാടശേഖരങ്ങളില്‍ ലോഡു കണക്കിന് നെല്ല് കെട്ടിക്കിടക്കുകയാണ്. തെങ്കരപ്പച്ച, കേളമംഗലം, ചക്കങ്കരി, ചട്ടുകം, മുണ്ടുതോട്-പോളത്തുരുത്ത് ഉള്‍പ്പടെയുള്ള നിരവധി പാടശേഖരങ്ങളിലാണ് സംഭരണം വൈകുന്നതിനാല്‍ നെല്ലുമായി കര്‍ഷകര്‍ വഴിക്കണ്ണുമായി കാത്തിരിക്കുന്നത്. ചാക്കില്‍ നിറച്ച് മൂടിയിട്ടിരിക്കുന്നതും നിരവധി സ്ഥലങ്ങളിലുണ്ട്. ഇതിനു പുറമെ കൊയ്തെടുത്ത നെല്ല് വെയിലില്‍ ഉണക്കി മൂടിയിട്ടിരിക്കുന്ന പാടശേഖരങ്ങളും ധാരാളമുണ്ട്. മിക്ക പാടശേഖരങ്ങളിലും വിളവെടുപ്പു പൂര്‍ത്തിയായി ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ദിവസങ്ങളായി ഉച്ചയ്ക്ക്ശേഷം പെയ്യുന്ന മഴ കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
മില്ലുകാര്‍ പാടത്തെ നെല്ല് പൂര്‍ണമായി സംഭരിക്കാന്‍ തയാറാകുന്നില്ലെന്നും കര്‍ഷകര്‍ പരാതി പറയുന്നു. നിരവധി പാടങ്ങളിലെ നെല്ല് സംഭരിക്കാന്‍ ഉള്ളതിനാല്‍ എല്ലാവരെയും സമാധാനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ പാടത്തുനിന്നും ഒന്നും, രണ്ടും ലോഡ് നെല്ല് എടുക്കുന്ന സമീപനമാണ് മില്ലുടമകള്‍ സ്വീകരിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. വരും ദിവസങ്ങളില്‍ ബാക്കി പാടശേഖരങ്ങളില്‍ കൂടി വിളവെടുപ്പ് സജീവമാകുന്നതോടെ നെല്ല് സംഭരണം സങ്കീര്‍ണമാകാനുള്ള സാധ്യതയേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: