കൊച്ചി: രാജ്യത്തെ മൊബൈല്‍ ടവറുകളില്‍ നിന്നുള്ള പ്രസരണം സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിധേയമാണെന്നും അവയില്‍ നിന്നുള്ള റേഡിയേഷന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നത് തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ മൊബൈല്‍ ടവറുകള്‍ തടയാനാവില്ലെന്നുമുള്ള മദ്രാസ് ഹൈക്കോടതി വിധി കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ സ്വാഗതം ചെയ്തു.
മൊബൈല്‍ ടവറുകള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന വാദം ശരിയല്ലെന്ന കേന്ദ്രവാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ രാജ്യസഭയിലെ പ്രസംഗവും സിഒഎഐ സ്വാഗതം ചെയ്തു.
രണ്ടു പരാമര്‍ശങ്ങളും സിഒഎഐ കാലങ്ങളായി ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് പിന്ബലമേകുന്നതാണെന്നും ടെലികോം ടവറുകളെ കുറിച്ച് അകാരണമായ ഭീതി ഉപേക്ഷിക്കണമെന്നും സിഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന് എസ് മാത്യൂസ് പറഞ്ഞു. മൊബൈല്‍ ടവറുകളില്‍ നിന്നും ഹാന്‍ഡ്സെറ്റുകളില്‍ നിന്നുമുള്ള മലിനീകരണവും റേഡിയേഷനും തടയാന്‍ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ പിന്തുടരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെന്നൈ നഗരത്തില്‍ പുതുതായി മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട അന്‍പതോളം ഹര്‍ജികള്‍ തീര്‍പ്പാക്കികൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
മൊബൈല്‍ ടവറുകള്‍ ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് ശാസ്ത്രീയ പഠനങ്ങളില്‍ തെളിയിക്കപ്പെടാത്തിടത്തോളം ഹര്‍ജികളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന് കൗളും ജസ്റ്റിസ് എം എം സുന്ദ്രേഷും അടങ്ങുന്ന ബഞ്ച് വിധിച്ചു.
എ എം, എഫ് എം റേഡിയോ സ്റ്റേഷനുകളില്‍ നിന്നുള്ള പ്രസാരണത്തെക്കാള് കുറവാണ് മൊബൈല്‍ ബേസ് സ്റ്റേഷനുകളില്‍ നിന്നുള്ള പ്രസാരണം എന്ന ഡോ. ഗാംഗുലിയുടെ പഠന റിപ്പോര്‍ട്ട് അംഗീകരിച്ച് കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധിയും മദ്രാസ് ഹൈക്കോടതി പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: