കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ ഭക്തജനത്തിരക്കേറുന്നു. മൂന്നാം ഉത്സവദിനമായ ഇന്നലെ കഥകളി ആസ്വാദകരുടെ മനംകവര്‍ന്ന് ഗോപിയാശാന്റെ കര്‍ണശപഥം. എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ കുറവ് ക്ഷേത്രത്തിലുണ്ടെങ്കിലും രാവിലെ മുതല്‍തന്നെ നല്ല തിരക്കാണ്. ഉത്സവബലി ദര്‍ശന സമയത്തും ദീപാരാധന സമയത്തും വന്‍ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്.
ഉത്സവത്തോടനുബന്ധിച്ചുള്ള കഥകളി മഹോത്സവത്തില്‍ ഇന്നലെ കലാമണ്ഡലം ഗോപി പങ്കെടുത്ത കര്‍ണശപഥവും ദുര്യാധനവധവുമാണ് അരങ്ങേറിയത്. പ്രായം 80നോട് അടുക്കുമ്പോഴും തന്റെ സ്വതസിദ്ധമായ ഭാവാഭിനയത്തിലൂടെ കഥകളി ആസ്വാദകരുടെ മനം കവരുന്നതില്‍ തനിക്ക് എതിരാളികളില്ലെന്ന് ആശാന് ഒരിക്കല്‍ക്കൂടി തെളിയിച്ചു.
കുരുക്ഷേത്രയുദ്ധ സന്നാഹത്തിന് മുമ്പ് കുന്തീദേവി തന്റെ പുത്രനായ കര്‍ണനെ ഗംഗാതീരത്തു കാണുന്നു. നീ എന്റെ പുത്രനും പാണ്ഡവര്‍ നിന്റെ സഹോദരന്മാരുമാണ്. അതിനാല്‍ യുദ്ധത്തില്‍ നീ പാണ്ഡവരോടൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ സമയം കര്‍ണനായ ഗോപിയാശാന് മുഖത്തേ ഭാവരസങ്ങളിലൂടെയും അംഗചലനങ്ങളിലൂടെയും സൃഷ്ടിച്ച നാടകീയത അവര്‍ണ്ണനീയമായി.
കേരള കലാമണ്ഡലത്തില്‍ കലാമണ്ഡലം രാമന്‍കുട്ടി നായരുടെയും കലാമണ്ഡലം പത്മനാഭന് നായരുടെയും ശിഷ്യനായിരുന്നു ഗോപിയാശാന്. ആശാന്റെ നടന വൈഭവത്തെ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. കഥകളി മഹോത്സവത്തില്‍ ഇന്ന് കുചേലവൃത്തവും, താരകാസുരവധവും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: