ചേര്‍ത്തല: റെയില്‍വേ ട്രാക്കില്‍ മരം വീണു, നേത്രാവതി എക്സ്പ്രസും എറണാകുളം പാസഞ്ചറും അരമണിക്കൂറോളം വൈകി. മാരാരിക്കുളത്തിന് വടക്ക് പൂപ്പള്ളിക്കാവ് റെയില്‍വേ ക്രോസിന് സമീപം മാര്‍ച്ച് 16ന് വൈകിട്ടാണ് ട്രാക്കില്‍ മരം വീണത്. നേത്രാവതി എക്സ്പ്രസിന് ചേര്‍ത്തല സ്റ്റേഷനില്‍ സിഗ്നല്‍ കൊടുക്കുന്നതിന് ഏതാനും നിമിഷം മുമ്പ് ട്രാക്കിലേക്ക് മരം ചാഞ്ഞു നില്ക്കുന്നതായ വിവരം ലഭിച്ചത് ദുരന്തം ഒഴിവാക്കി.
മാരാരിക്കുളം സ്റ്റേഷന് മാസ്റ്ററില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേത്രാവതി തീവണ്ടി ചേര്‍ത്തലയില്‍ നിര്‍ത്തി ഡ്രൈവര്‍ക്ക് അപകടമുന്നറിയിപ്പ് നല്കി സാവധാനമാണ് യാത്ര പുനരാരംഭിച്ചത്. ഇതേസമയം പാളത്തിലേക്ക് മരം വീണിരുന്നു. സാവധാനം നീങ്ങിയ തീവണ്ടി മരം വീണതിന് ഏതാനും മീറ്ററുകള്‍ അകലെ നിര്‍ത്തിയിട്ടു. ഇതിനിടെ നാട്ടുകാരും റെയില്‍വേയുടെ എന്‍ജിനിയറിങ് വിഭാഗവും എത്തി മരം മുറിച്ചുമാറ്റി. ഇതേസമയം ആലപ്പുഴയില്‍ നിന്നു എറണാകുളത്തേക്കുള്ള പാസഞ്ചര്‍ തീവണ്ടി മാരാരിക്കുളത്തും പിടിച്ചിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: